വിവാദ തീരുമാനം പിൻവലിച്ച് കെനിയ; പ്രക്ഷോഭത്തിൽ കൊല്ലപ്പെട്ടത് 23 പേർ

Thursday 27 June 2024 7:38 AM IST

നെയ്റോബി: കെനിയയിൽ നികുതി വർദ്ധിപ്പിക്കാനുള്ള വിവാദ തീരുമാനം പിൻവലിച്ച് പ്രസിഡന്റ് വില്യം റൂട്ടോ. നികുതി വർദ്ധനവിനെതിരെ രാജ്യവ്യാപക പ്രക്ഷോഭം ആളിക്കത്തിയ പശ്ചാത്തലത്തിലാണ് തീരുമാനം. നികുതി വർദ്ധനയ്ക്കുള്ള ധനകാര്യ ബില്ല് ചൊവ്വാഴ്ച പാർലമെന്റിൽ പാസാക്കിയിരുന്നു.

എന്നാൽ ബില്ലിൽ താൻ ഒപ്പിടില്ലെന്നും ബില്ല് പിൻവലിക്കപ്പെടുമെന്നും റൂട്ടോ ഇന്നലെ അറിയിച്ചു. പ്രതിഷേധക്കാരുമായി ചർച്ചയ്ക്ക് തയാറാണെന്നും അദ്ദേഹം അറിയിച്ചു. ബില്ല് പാസായതിന് പിന്നാലെ തലസ്ഥാനമായ നെയ്റോബിയിൽ സ്ഥിതി ചെയ്യുന്ന പാർലമെന്റ് മന്ദിരത്തിലേക്ക് പ്രക്ഷോഭകാരികൾ അതിക്രമിച്ചു കയറിയിരുന്നു. ഇവരെ പിരിച്ചുവിടാൻ പൊലീസ് വെടിവയ്പും കണ്ണീർ വാതക പ്രയോഗവും നടത്തി. പ്രക്ഷോഭകാരികൾ പാലർമെന്റിന്റെ ഒരു ഭാഗം കത്തിക്കുകയും ചെയ്തു. പാർലമെന്റിന്റെ ബേസ്മെന്റിൽ അഭയം തേടിയ എം.പിമാരെ ഭൂഗർഭ ടണലിലൂടെയാണ് പൊലീസ് പുറത്തെത്തിച്ചത്.

അതേസമയം, പൊലീസുമായുണ്ടായ ഏറ്റുമുട്ടലുകളിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 23 ആയി. സാമ്പത്തിക പ്രതിസന്ധിയിൽ ബുദ്ധിമുട്ടുന്ന കെനിയയിൽ പ്രസിഡന്റ് റൂട്ടോയ്ക്കെതിരെയും ജനരോഷം ശക്തമാണ്. കനത്ത പൊലീസ് വലയത്തിലായിരുന്ന നെയ്റോബിയിൽ ഇന്നലെ സ്ഥിതിഗതികൾ പൊതുവേ ശാന്തമായിരുന്നു. അതേ സമയം, സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യക്കാർ അതീവ ജാഗ്രത പുലർത്തണമെന്ന് ഇന്ത്യൻ എംബസി ഇന്നലെ മുന്നറിയിപ്പ് നൽകി. അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും എംബസി നിർദ്ദേശിച്ചു.

Advertisement
Advertisement