ഇനിയും സർപ്രൈസ്; കൊച്ചിക്കാർക്ക് ആവേശം തിരതല്ലുന്നു, മണിക്കൂറിന് തുച്ഛമായ വില കൊടുത്ത് ആഘോഷിച്ചാലോ

Thursday 27 June 2024 8:11 AM IST

കൊച്ചി: സോപ്പുവെള്ളവും പതയും തളംകെട്ടിയ ടർഫിൽ തെന്നി വീണുരുണ്ട് ഫുട്ബാൾ കളിച്ചാലോ? ഒരു മണിക്കൂർ മുഴുനീള ഫൺ. കേരളത്തിന് പുതുമയായ സോപ്പി ഫുട്ബാൾ കൊച്ചിയിൽ തരംഗമാകുന്നു. കടവന്ത്രയ്ക്ക് സമീപം വിനോബ നഗറിലെ മൈതാനത്ത് 'സ്ലിപ്പ് ൻ സ്ലൈഡ് " എന്ന സ്ഥാപനമാണ് സോപ്പി ഫുട്ബാൾ ഒരുക്കിയിരിക്കുന്നത്. 20 മീറ്റർ വിസ്തീർണമുള്ള ചതുരക്കളത്തിലെ കാൽപ്പന്തു കളിയിൽ ഒരു ടീമിൽ അഞ്ച് പേർക്ക് അണിനിരക്കാം. ഓരോ ടീമിനും ഒരു പകരക്കാരനുമാകാം. ഒരു മണിക്കൂറുള്ള സ്ലോട്ടുകൾ നൽകും.

സ്പോഞ്ചും ഷെയ്ക്ക് പാഡും മൂന്ന് ഫോമുകളും അടുക്കി അതിനുമുകളിൽ വിരിച്ച പ്ലാസ്റ്റിക് ഷീറ്റിലാണ് കളി നടക്കുന്നത്. കാറ്റടിച്ചു വീർപ്പിച്ച വലിയ ട്യൂബുകൾ അതിരുകളിൽ നിരത്തും. ഗോൾ പോസ്റ്റും കാറ്റുനിറച്ചതാണ്. ബോഡി വാഷോ ഹാൻഡ് വാഷോ കലക്കി പതപ്പിച്ച് ഒഴിച്ച,​ വഴുക്കുന്ന പ്രതലത്തിൽ മുന്നേറ്റം ഏറെ പ്രയാസകരം. അടിതെറ്റുമെന്നുറപ്പ്. വീഴാതെ നോക്കുന്നതാണ് ഗോളടിക്കുന്നതിനേക്കാൾ ഹീറോയിസം. എല്ലാം മറന്ന് ആഹ്ലാദിക്കാമെന്നത് ഗെയിമിന്റെ പ്ലസ് പോയിന്റ്.

വീഴുമ്പോൾ താങ്ങാൻ സുരക്ഷാ സംവിധാനങ്ങളുണ്ട്. വീഴ്ചയിൽ പരിക്കേൽക്കില്ല. തല കൂട്ടിമുട്ടി അപകടമുണ്ടാകാതിരിക്കാൻ ഹെൽമെറ്റും കൈക്കുഴ തെറ്റാതിരിക്കാൻ റിസ്റ്റ് ഗാർഡും നൽകും. തള്ളി വീഴ്‌ത്തൽ പോലെ ചെയ്യരുതാത്ത ഫൗളുകൾ ഏതെന്ന് ഇൻസ്ട്രക്ടർ പഠിപ്പിക്കും. ഒരു മത്സരം കഴിഞ്ഞാൽ കളം ക്ലീൻ ചെയ്ത് അടുത്ത ടീമിനായി സോപ്പുവെള്ളം തളിക്കും.കഴിഞ്ഞ ക്രിസ്മസ് ദിനത്തിലാണ് കൊച്ചിയിൽ സോപ്പി ഫുട്ബാൾ ആരംഭിച്ചത്. രണ്ടര മുതൽ 50 വരെ വയസുള്ളവർ കളിക്കുന്നുണ്ട്.

മണിക്കൂറിന് 1750 രൂപ

സോപ്പി ഫുട്ബാളിന് നേരിട്ടും ഓൺലൈനിലും ബുക്ക് ചെയ്യാം. ഒരു മണിക്കൂറിന് 1750 രൂപ. പണം ഷെയർ ചെയ്ത് നൽകാം. രാവിലെ ആറുമുതൽ രാത്രി 10 വരെ സോപ്പി ടർഫ് പ്രവർത്തിക്കും. ബംഗളൂരുവിലും കോയമ്പത്തൂരും സോപ്പി ഫുട്ബാൾ കളിച്ച് ഇഷ്ടമായപ്പോഴാണ് കൂട്ടുകാരുമൊത്ത് സ്വന്തം സംരംഭം തുടങ്ങിയത്. ഇവിടെ രണ്ട് ഗെയിമുകൾ കൂടി അവതരിപ്പിക്കും. അത് സർപ്രൈസാണ്.

- മനീഷ്, ഇൻസ്ട്രക്ടർ.

Advertisement
Advertisement