മലയാളി വിദ്യാർത്ഥികളടക്കം അഞ്ച് പേർക്ക് സസ്‌പെൻഷൻ; ഹൈദരാബാദ് സ‌ർവകലാശാലയിൽ പഠനം അനിശ്ചിതത്വത്തിൽ, സമരം

Thursday 27 June 2024 8:39 AM IST

ഹൈദരാബാദ്: മലയാളി വിദ്യാർത്ഥികളടക്കം അഞ്ച് പേരെ സസ്‌പെൻഡ് ചെയ്ത് ഹൈദരാബാദ് സർവകലാശാല. വിദ്യാർത്ഥികൾക്കെതിരെ സർവകലാശാല പ്രതികാര നടപടി സ്വീകരിച്ചതായാണ് ആരോപണമുയരുന്നത്.വൈസ് ചാൻസിലറുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ന്യൂനപക്ഷ - ദളിത് വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്.

സർവകലാശാലയിൽ വിദ്യാർത്ഥി യൂണിയൻ ഫണ്ട് നൽകുന്നത് വൈകിപ്പിക്കുന്നതിനും വാർഷികാഘോഷ പരിപാടിയായ 'സുകൂൻ' നടത്താൻ അനുവദിക്കാത്ത നടപടിയിലുമാണ് വിദ്യാർത്ഥികൾ പ്രതിഷേധിച്ചത്. വൈസ് ചാൻസലറുടെ വസതിയിലേക്ക് അതിക്രമിച്ച് കയറുകയും ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തുവെന്ന കുറ്റങ്ങൾ ചുമത്തി വിദ്യാർത്ഥികൾക്കെതിരെ പൊലീസും കേസെടുത്തിട്ടുണ്ട്. മലയാളിയും യൂണിയൻ ജനറൽ സെക്രട്ടറി കൃപ മരിയ ജോർജ്, യൂണിയൻ പ്രസിഡന്റ് അതീഖ് അഹമ്മദ്, മോഹിത്, സൊഹൈൽ അഹമ്മദ്, അസിക വിഎം എന്നിവർക്കെതിരെയാണ് നടപടി.

ഹൈദരാബാദ് സർവകലാശാലയിലെ ദളിത് ഗവേഷക വിദ്യാർത്ഥിയായിരുന്ന രോഹിത് വെമുലയെ ആത്മഹത്യയിലേക്ക് തള്ളി വിട്ടതുപോലെ തങ്ങളെയും അഡ്മിനിസ്‌ട്രേഷൻ പ്രതികാര നടപടിയിലൂടെ ദ്രോഹിക്കുകയാണെന്ന് യൂണിയൻ ജനറൽ സെക്രട്ടറി കൃപ മരിയ ജോർജ് മാദ്ധ്യമങ്ങളോട് പ്രതികരിച്ചു. നടപടി നേരിടുന്ന വിദ്യാർത്ഥികളോട് ജൂലായ് ഒന്ന് മുതൽ ആറ് മാസത്തേക്ക് ക്ലാസിൽ കയറരുതെന്നും ഹോസ്റ്റൽ ഒഴിയണമെന്നും അഡ്‌മിനിസ്ട്രേഷൻ ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടിയുണ്ടായാൽ വിദ്യാർത്ഥികളുടെ ഫെല്ലോഷിപ്പ് വരെ റദ്ദാക്കപ്പെടും.

നടപടി നേരിടുന്ന രണ്ട് വിദ്യാർത്ഥികൾ പേർ ജെആർഎഫ് സ്കോളർമാരാണ്. ഒരാൾ പോസ്റ്റ് ഡോക്ടറൽ ഫെലോയാണ്. മറ്റ് രണ്ട് പേര്‍ പിഎച്ച്‌ഡി കോഴ്‌സ് ചെയ്യുന്നവരാണ്. ഫെലോഷിപ്പുകൾ കിട്ടുന്നവർക്ക് അത് റദ്ദാക്കപ്പെടുകയും പിഎച്ച്ഡി കോഴ്സ് വർക്ക് ചെയ്യുന്നവർക്ക് പഠനം ഉപേക്ഷിക്കേണ്ടി വരുമെന്നും വിദ്യാർത്ഥികൾ പറഞ്ഞു. നടപടി പിൻവലിക്കുന്നതുവരെ സമരം ചെയ്യുമെന്നാണ് വിദ്യാർത്ഥികൾ പറയുന്നത്.

Advertisement
Advertisement