കട്ടർ കുത്തിയിറക്കി, പിൻസീറ്റിലിരുന്ന് സർജിക്കൽ ബ്ലേഡുകൊണ്ട് കഴുത്തറുത്തു; ദീപുവിന്റെ കൊലയിൽ അമ്പിളിയുടെ ഭാര്യയും പ്രതി?

Thursday 27 June 2024 9:55 AM IST

തിരുവനന്തപുരം: ക്രഷർ ഉടമ മലയിൻകീഴ് അണപ്പാട് മുളംപള്ളി ഹൗസിൽ ദീപുവിനെ (45 ) കാറിനുള്ളിൽ കഴുത്തറുത്തുകൊന്ന പ്രതി അമ്പിളിയെ കസ്റ്റഡിയിലെടുത്ത് ഇരുപത്തിനാലുമണിക്കൂറുകഴിഞ്ഞിട്ടും അറസ്റ്റ് രേഖപ്പെടുത്താനാകാതെ പൊലീസ്. അമ്പിളി ഇടയ്ക്കിടയ്ക്ക് മൊഴിമാറ്റുന്നതാണ് പൊലീസിനെ കുഴയ്ക്കുന്നത്.

അതിനിടെ ദീപുവിന്റെ കാറിൽ നിന്ന് കാണാതായ പത്തുലക്ഷം രൂപയിൽ ഏഴേകാൽ ലക്ഷം രൂപ അമ്പിളിയുടെ മലയത്തെ വീട്ടിൽ നിന്ന് കണ്ടെടുത്തു. എസ് ഐ അരുളപ്പന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് പണം കണ്ടെത്തിയത്. ദീപുവിന്റെ കാറിൽ നിന്ന് പണം കിട്ടിയില്ലെന്നായിരുന്നു അമ്പിളി ആദ്യം പൊലീസിന് മൊഴി നൽകിയത്. എന്നാൽ ഇയാളുടെ ഭാര്യയെ പൊലീസ് കസ്റ്റഡിയിലെടുത്തതോടെ ഇത് കളവാണെന്ന് വ്യക്തമാവുകയായിരുന്നു. തുടർന്നാണ് റെയ്ഡ് നടത്തിയത്. പണം ഒളിപ്പിക്കാൻ കൂട്ടുനിന്നതിനാൽ അമ്പിളിയുടെ ഭാര്യയെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്തിയേക്കുമെന്ന സൂചനയാണ് പൊലീസ് നൽകുന്നത്. അമ്പിളിയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കുമെന്നും പൊലീസ് സൂചന നൽകുന്നുണ്ട്.

ക്രഷർ താത്കാലികമായി പൂട്ടിയതോടെ ഉണ്ടായ കടുത്ത സാമ്പത്തികബാദ്ധ്യത കാരണം ദീപുവാണ് തന്നെ കൊല്ലാൻ ആവശ്യപ്പെട്ടതെന്നാണ് അമ്പിളി പൊലീസിന് മൊഴിനൽകിയത്.

മൊഴി ഇങ്ങനെ: തിങ്കളാഴ്ച രാവിലെ അമ്പിളി കളിയിക്കാവിളയിലെത്തി കൊലപാതകം നടത്താനുള്ള സ്ഥലം കണ്ടെത്തി. പ്രദേശത്ത് ചുറ്റിത്തിരിഞ്ഞ ശേഷം രാത്രി 8.30ന് കളിയിക്കാവിളയിൽ ദീപുവിനെ കാത്തുനിന്നു. ദീപു എത്തി അമ്പിളിയെയും കാറിൽ ഒപ്പം കൂട്ടി. പടന്താലുമൂട് ചെക്ക്പോസ്റ്റിനു സമീപം എത്തിയശേഷം കാർ റോഡരികിൽ പാർക്ക് ചെയ്തു. അമ്പിളി ക്ലോറോഫോമും കട്ടർ ബ്ലൈഡും സർജിക്കൽ ബ്ലേഡും കൈയിൽ കരുതിയിരുന്നു.

കാറിന്റെ മുൻവശത്തു നിന്ന് വൃദ്ധൻ നോക്കുന്നത് ശ്രദ്ധയിൽപ്പെട്ട ദീപു പുറത്തിറങ്ങി കാറിന്റെ ബോണറ്റ് തുറന്നുവച്ചു. തിരികെ കാറിന്റെ ഡ്രൈവിംഗ് സീറ്റിൽ കയറിയ ശേഷം സീറ്റ്‌ ബെൽറ്റ്‌ ധരിച്ചു. അമ്പിളി കൈയിൽ കരുതിയിരുന്ന ക്ലോറോഫോം ദീപുവിന് നൽകിയ ശേഷം കട്ടർ ബ്ലേഡുപയോഗിച്ച് കഴുത്തിൽ അറുത്തപ്പോൾ ബ്ലേഡ് ഒടിഞ്ഞു. (ഒടിഞ്ഞ ബ്ലേഡിന്റെ ഭാഗം പൊലീസ് കാറിൽ നിന്ന് കണ്ടെത്തിയിരുന്നു). തുടർന്ന്, അമ്പിളി കാറിന്റെ മുൻ സീറ്റിൽ നിന്നിറങ്ങി പിൻ സീറ്റിൽ കയറിയ ശേഷം സർജിക്കൽ ബ്ലേഡ് ഉപയോഗിച്ച് വീണ്ടും കഴുത്തറുത്തു.

മരണം ഉറപ്പാക്കിയ ശേഷം സമീപത്തെ മെഡിക്കൽ ഷോപ്പിലെത്തി ജീവനക്കാരോട് ഭാര്യയെ വിളിക്കാൻ ഫോൺ ചോദിച്ചു. വിളിച്ചശേഷം ഭാര്യയുടെ നമ്പർ ജീവനക്കാരെക്കൊണ്ട് ഡിലീറ്റാക്കുകയും ചെയ്തു. അവിടെനിന്ന് ലിഫ്റ്റ് ചോദിച്ച് ബൈക്കിൽ കളിയിക്കാവിളയിൽ എത്തിയ ശേഷം ബസിൽ തിരുവനന്തപുരത്ത് തിരിച്ചെത്തി.

അപസര്‍പ്പക കഥയെ വെല്ലുന്ന തരത്തിലുള്ള മൊഴി പൊലീസ് ഇതുവരെ വിശ്വസിച്ചിട്ടില്ല. കടുത്ത മദ്യപാനിയും കരൾ രോഗമുൾപ്പെടെ മാരക രോഗങ്ങളുമുള്ള അമ്പളി പൊലീസ് മർദ്ദിക്കില്ലെന്നു കരുതി, പറഞ്ഞ കള്ളങ്ങൾ ആവർത്തിക്കുന്നതായാണ് കരുതുന്നത്.

Advertisement
Advertisement