അപ്രതീക്ഷിതമായി യുവാവിന്റെ കൈകളിലെത്തിയത് 33 കോടിയുടെ സമ്മാനം, പിന്നാലെ സംഭവിച്ചത്

Thursday 27 June 2024 10:41 AM IST

സിംഗപ്പൂർ: ജാക്ക്പോട്ടിലൂടെ കോടികളുടെ വിജയം നേടിയ യുവാവിന് ആഘോഷത്തിനിടെ ഹൃദയാഘാതമുണ്ടായി. സിംഗപ്പൂരിലെ മറീന ബേ സാൻഡ്സ് കാസിനോയിൽ വച്ചാണ് സംഭവമുണ്ടായത്. ന്യൂസ് ‌ഡോട്ട് കോം റിപ്പോർട്ട് ചെയ്തതിൽ യുവാവിന്റെ പേരും മറ്റുവിവരങ്ങളും വെളിപ്പെടുത്തിയിട്ടില്ല. പുറത്തുവന്ന വിവരമനുസരിച്ച് യുവാവിന് 3.2 മില്യൺ പൗണ്ട് (ഏകദേശം 33 കോടി രൂപ)​ ആണ് സമ്മാനത്തുകയായി ലഭിച്ചത്. ഈ മാസം 22നായിരുന്നു സംഭവം.

യുവാവ് കാസിനോയിലെ സ്ഥിരം സന്ദർശകനാണ്. 22ന് എത്തിയപ്പോഴാണ് കാസിനോയിൽ വച്ചുനടന്ന മത്സരത്തിൽ ജാക്ക്പോട്ട് ലഭിച്ചത്. ഇതിന്റെ ആഘോഷത്തിലായിരുന്നു യുവാവ്. ആഘോഷത്തിനിടിയിൽ കടുത്ത നെഞ്ചുവേദന അനുഭവപ്പെട്ടതോടെ യുവാവ് നിലത്ത് വീഴുകയായിരുന്നു. ഇത് കണ്ട് ചു​റ്റും കൂടി നിന്നവർ പരിഭ്രാന്തരാകുകയും ചെയ്തു. ഇയാൾക്കൊപ്പം മ​റ്റൊരു യുവതിയും ഉണ്ടായിരുന്നു. തുടർന്ന് ആശുപത്രിയിൽ എത്തിച്ചതോടെയാണ് ഹൃദയാഘാതമാണെന്ന് സ്ഥിരീകരിച്ചത്.

അതേസമയം,​ യുവാവ് കാസിനോയിൽ വച്ച് മരിച്ചെന്ന തരത്തിലുളള വാർത്തകൾ ചില പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. സംഭവത്തിന്റെ വീ‌ഡിയോകളും സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിച്ചു. പിന്നാലെ സംഭവം വ്യാജമാണെന്നും യുവാവ് മരിച്ചിട്ടില്ലെന്നും കാസിനോയുടെ വക്താവ് തന്നെ രംഗത്തെത്തി അറിയിക്കുകയായിരുന്നു. കഴിഞ്ഞ വർഷം 10.4 ബില്യൺ ഡോളർ വരുമാനമാണ് നെവാഡ ആസ്ഥാനമായുളള ലാസ് വെഗാസ് സാൻഡ്സിന്റെ ഉടമസ്ഥതയിലുളളതാണ് കാസിനോ.

2021ൽ ഒരു യുവാവിനെ മിഷിഗണിലെ ഒരു ബീച്ചിൽ മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഇയാൾക്കും ഒരു മത്സരത്തിൽ ഭീമൻ തുക സമ്മാനമായി ലഭിച്ചിരുന്നു. അതിന്റെ ടിക്കറ്റും യുവാവിന്റെ മൃതദേഹത്തിൽ നിന്നും കണ്ടെടുത്തിരുന്നു.