പി അഭിജിത്തിന്റെ 'ഞാൻ രേവതി' തമിഴ് ഡോക്യുമെന്ററിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു

Thursday 27 June 2024 11:38 AM IST

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി സ്ത്രീ/ ട്രാൻസ്ജെൻഡർ വിഭാഗത്തിൽ ട്രാൻസ് വുമൺ നേഹക്ക് മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടി കൊടുത്ത 'അന്തരം 'എന്ന സിനിമക്ക് ശേഷം ഫോട്ടോ ജേർണലിസ്റ്റ് പി. അഭിജിത്ത് സ്ക്രിപ്റ്റ് ചെയ്ത് സംവിധാനം ചെയ്യുന്ന 'ഞാൻ രേവതി 'എന്ന തമിഴ് ഡോക്യുമെന്ററിയുടെ ടൈറ്റിൽ പോസ്റ്റർ പ്രകാശനം ചെയ്തു.

പ്രൈഡ് മാസത്തിൻ്റെ ഭാഗമായി ട്രാൻസ് ദമ്പതികളായ നേഹയുടെയും റിസ്വാൻ ഭാരതിയുടെയും നേതൃത്വത്തിൽ ചെന്നൈ കോടമ്പാക്കത്തെ 'ഇടം 'ആർട്ട് ആന്റ് കൾച്ചറൽ സെന്ററിൽ വച്ച് നടന്ന 'പ്രൈഡ് പലൂസ' ചടങ്ങിൽ പ്രശസ്ത തമിഴ് സംവിധായകൻ മിഷ്കിനാണ് ടൈറ്റിൽ പോസ്റ്റർ പ്രകാശനം നിർവഹിച്ചത്. മദ്രാസ് ഹൈകോടതി ജഡ്ജ് ജസ്റ്റിസ് ആനന്ദ് വെങ്കിടേഷ്, സംവിധായിക ജെ.എസ് നന്ദിനി, കവയത്രി സുകൃത റാണി, നടിമാരായ ഡോ ഗായത്രി, നേഹ, റിസ്വാൻ ഭാരതി, ഡോക്യുമെന്ററിയിലെ പ്രധാന കഥാപാത്രമായ രേവതി, സംവിധായകൻ പി.അഭിജിത്ത്, ഛായാഗ്രാഹകൻ മുഹമ്മദ് എ, സൗണ്ട് ഡിസൈനർ വിഷ്ണു പ്രമോദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

പെൻഗ്വിൻ ബുക്സ് പുറത്തിറക്കിയ ' ദ ട്രൂത്ത് എബൗട്ട് മീ ' എന്ന ആത്മകഥയിലൂടെ പ്രശസ്തയായ ട്രാൻസ്ജെൻഡർ എഴുത്തുകാരിയും അഭിനേതാവും ആക്ടിവിസ്റ്റുമായ എ രേവതിയുടെ ജീവിതമാണ് 'ഞാൻ രേവതി'യിലൂടെ അഭിജിത്ത് ചിത്രീകരിക്കുന്നത്. രണ്ടര വർഷത്തോളമായി തമിഴ്നാട് കർണാടക, കേരളം എന്നിവിടങ്ങളിലായി ചിത്രീകരണം പുരോഗമിക്കുന്ന ഞാൻ രേവതി നിർമ്മിച്ചിരിക്കുന്നത് എ ശോഭിലയാണ്.

പി.ബാലകൃഷ്ണനും ടി.എം. ലക്ഷമി ദേവിയുമാണ് സഹനിർമാതാക്കൾ .ചായാഗ്രാഹണം മുഹമ്മദ് എ , എഡിറ്റിങ് അമൽജിത്ത് , സൗണ്ട് ഡിസൈൻ വിഷ്ണു പ്രമോദ് , കളറിസ്റ്റ് സാജിദ് വി. പി. , അഡീഷണൽ ക്യാമറ ചന്തു മേപ്പയ്യൂർ , അസിസ്റ്റൻ്റ് ക്യാമറ ശ്രീജേഷ് കെ.വി , പി.ആർ. ഒ പി.ആർ സുമേരൻ , ടൈറ്റിൽ കെൻസ് ഹാരിസ് , ഡിസൈൻ അമീർ ഫൈസൽ. പി.ആർ.സുമേരൻ (പി.ആർ.ഒ)

Advertisement
Advertisement