കാപ്പി കുടിക്കുന്നവർ അത്ര പെട്ടെന്ന് മരിക്കില്ല; മാരക രോഗങ്ങൾ പോലും വരില്ല

Thursday 27 June 2024 2:13 PM IST

മണിക്കൂറുകളോളം ഇരുന്ന് ജോലി ചെയ്യുന്നവർ ഈ കാലഘട്ടത്തിൽ വളരെ കൂടുതലാണ്. ഇത്തരത്തിൽ മണിക്കൂറുകളോളം ഇരുന്ന് ജോലിചെയ്യുന്നത് മാരകമായ ആരോഗ്യപ്രശ്‌നങ്ങക്ക് കാരണമാകുമെന്ന് എത്രപേർക്ക് അറിയാം? ടെെപ്പ് 2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം തുടങ്ങിയ നിരവധി രോഗങ്ങൾ വരുന്നതിന് ഇത് കാരണമാകുന്നു. അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇക്കാര്യം വിശദമാക്കുന്നത്. ദിവസവും ആറ് മണിക്കൂറിൽ കൂടുതൽ ഒരു സ്ഥലത്ത് ഇരിക്കുന്നത് മരണസാദ്ധ്യത വർദ്ധിപ്പിക്കുമെന്നാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്.


2007നും 2018നും ഇടയിൽ യുഎസ് നാഷണൽ ഹെൽത്ത് ആൻഡ് ന്യൂട്രീഷൻ എക്‌സാമിനേഷൻ സർവേയിൽ നിന്ന് ശേഖരിച്ച 10,639 പേരുടെ ഡാറ്റ വിശകലനം ചെയ്താണ് ഈ പഠനം നടത്തിയത്. ദിവസവും എട്ട് മണിക്കൂറിലധികം ഇരിക്കുന്നവർക്ക് ദിവസവും നാല് മണിക്കൂറിന് താഴെ ഇരിക്കുന്നവരെ അപേക്ഷിച്ച് ഹൃദ്രോഗവും മരണസാദ്ധ്യതയും കൂടുതലാണെന്ന് ഗവേഷകർ കണ്ടെത്തി. എന്നാൽ ഈ പഠനത്തിൽ പുറത്തുവന്ന ഒരു സുപ്രധാന അറിവ് ഏവരെയും അമ്പരപ്പിക്കുന്നതാണ്. ഈ മരണസാദ്ധ്യത കാപ്പി കുടിക്കുന്നതിലൂടെ കുറയ്ക്കാമെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അത് എങ്ങനെയെന്ന് നോക്കാം.

കാപ്പി

ബിഎംസി പബ്ലിക് ഹെൽത്ത് ജേണലിൽ പ്രസിദ്ധീകരിച്ച പഠനത്തിൽ ഒരു വ്യായാമവും ചെയ്യാതെ മണിക്കൂറുകളോളം ഇരുന്ന് കാപ്പി കുടിക്കുന്നവരെ താരതമ്യചെയ്യുമ്പോൾ ആറ് മണിക്കൂർ ഇരുന്ന് ജോലിയും മറ്റ് ചെയ്യുന്നവരുടെ മരണസാദ്ധ്യത കൂടുതലാണ്.

ദിവസവും ആറ് മണിക്കൂറിൽ കൂടുതൽ ഇരിക്കുന്ന കാപ്പി കുടിക്കാത്തവർക്ക് 58 ശതമാനത്തോളം മരണസാദ്ധ്യതയുണ്ടെന്നാണ് ഗവേഷകർ പറയുന്നത്. ഇത് കാപ്പി കുടിക്കുന്നതിന്റെ ഗുണങ്ങൾ എടുത്തുകാണിക്കുന്നു.

കാപ്പിയും കുറഞ്ഞ മരണസാദ്ധ്യതയും

കാപ്പിയുടെ സ്വാധീനത്തെക്കുറിച്ചുള്ള പഠനത്തിന്റെ കണ്ടെത്തലുകൾ പ്രത്യേകം ശ്രദ്ധയമാകുന്നുണ്ട്. കാപ്പി കുടിക്കാത്തവരുമായി താരതമ്യപ്പെടുത്തുമ്പോൾ കാപ്പി കുടിക്കുന്നവരിൽ (ദിവസവും രണ്ട് കാപ്പിൽ കൂടുതൽ)​ മരണസാദ്ധ്യത 33 ശതമാനവും ഹൃദയ സംബന്ധമായ രോഗങ്ങളുടെ മരണനിരക്ക് 54 ശതമാനവും കുറവായിരിക്കുമെന്നാണ് ഗവേഷകർ പറയുന്നത്.

ഒരു കപ്പ് കാപ്പി കുടിക്കുന്നവർക്ക് പോലും പ്രയോജനമുണ്ടാകും. കാപ്പി കുടിക്കാത്തവരെയും ദീർഘനേരം ഇരിക്കുന്നവരെയും അപേക്ഷിച്ച് കാപ്പി കുടിക്കുന്നവർക്ക് മരണസാദ്ധ്യത കുറവ്.

മുൻ പഠനങ്ങൾ

കാപ്പിയിലെ കഫീൻ ടെെപ്പ് 2 പ്രമേഹവും ഹൃദയ സംബന്ധമായ അസുഖങ്ങളും ഉണ്ടാകാനുള്ള സാദ്ധ്യത കുറയ്ക്കുന്നതായി മുൻപ് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. കഫീൻ ഇല്ലാത്ത കാപ്പികളിൽ പോലും ആന്റി ഓക്‌സി‌ന്റുകൾ അടങ്ങിയിട്ടുണ്ടെന്നാണ് പഠനങ്ങൾ പറയുന്നത്. ഇത് മെറ്റബോളിസം വർദ്ധിപ്പിക്കാനും ശരീര വീക്കം പോലുള്ള അസുഖങ്ങൾ കുറയ്ക്കാനും സഹായിക്കുന്നു. കാപ്പിയിലെ ചില ഘടകങ്ങൾ പാർക്കിൻസൺസ് പോലുള്ള രോഗങ്ങളിൽ നിന്ന് തലച്ചോറിനെ സംരക്ഷിക്കുന്നു.

ഈ വർഷമാദ്യം പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ വൻകുടലിലെ ക്യാൻസർ ഉള്ളവർ ദിവസവും അഞ്ച് കപ്പ് കാപ്പികുടിച്ചാൽ (100മില്ലി ഗ്ലാസ് ) ഈ രോഗം തിരിച്ച് വരാനുള്ള സാദ്ധ്യത 32 ശതമാനം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ടെന്ന് ഫസ്റ്റ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു. കാപ്പി കുടിക്കുന്നത് നല്ലതാണെങ്കിലും ദിവസവും അഞ്ചിൽ കൂടുതൽ കപ്പ് കാപ്പി കൂടിക്കുന്നത് ദോഷമാണെന്നും പഠനത്തിൽ പറയുന്നു. ഇതിൽ കൂടുതൽ പഠനം നടത്തണമെന്നും ഗവേഷകർ പറഞ്ഞു.

സ്ഥിരമായി കാപ്പി കുടിക്കുന്നത് ദീർഘനേരം ഇരിക്കുന്നതിന്റെ ചില ദോഷഫലങ്ങൾ നികത്താൻ സഹായിക്കുന്നതായി പഠനം അഭിപ്രായപ്പെടുന്നു. വ്യായമത്തിനും ആരോഗ്യകരമായ ജീവിതലെെലിക്കും പകരമായി കാപ്പിയെ കാണരുതെന്നും ഗവേഷകർ മുന്നറിയിപ്പ് നൽകുന്നു. ആരോഗ്യപരമായ ചില ദോഷങ്ങൾ കുറയ്ക്കുന്നതിനുള്ള ഒരു തന്ത്രമാണ് ഇതെന്നും ഗവേഷകർ കൂട്ടിച്ചേർത്തു.

Advertisement
Advertisement