യാത്രാ സമയത്തിൽ മാറ്റം വരും; വന്ദേഭാരതും ഗതിമാനും വേഗത കുറയ്ക്കുന്നു, പാസഞ്ചർ ട്രെയിനുകളെയും ബാധിക്കും
ന്യൂഡൽഹി:വന്ദേഭാരത് ട്രെയിനുകളുടെ വേഗം കുറയ്ക്കാൻ റെയിൽവേ പദ്ധതിയിടുന്നതായി റിപ്പോർട്ട്. വന്ദേഭാരതിനൊപ്പം ഗതിമാൻ എക്‌സ്പ്രസിന്റെയും വേഗം കുറയ്ക്കാനാണ് തീരുമാനം. സുരക്ഷാ മുൻകരുതലിന്റെ ഭാഗമായാണ് നടപടി. ട്രെയിനുകളുടെ വേഗത മണിക്കൂറിൽ 160 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായാണ് കുറയ്ക്കുന്നത്. ഇതിന് പുറമേ നോർത്ത് സെൻട്രൽ റെയിൽവേ മറ്റ് നിരവധി ട്രെയിനുകളുടെ വേഗത കുറയ്ക്കാനും ഇതിനകം തീരുമാനിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുണ്ട്. ശതാബ്ദ്ധി എക്സ്‌പ്രസിന്റെ വേഗത 150 കിലോമീറ്ററിൽ നിന്ന് 130 കിലോമീറ്ററായും കുറയ്ക്കും.
ഗതിമാൻ എക്സ്പ്രസ് (ട്രെയിൻ നമ്പർ 12050/12049 ഡൽഹി-ഝാൻസി-ഡൽഹി), വന്ദേ ഭാരത് എക്സ്പ്രസ് (ട്രെയിൻ നമ്പർ 22470/22469 ഡൽഹി-ഖജുരാഹോ-ഡൽഹി), റാണി കമലാപതിയിലേക്കുള്ള രണ്ട് വന്ദേ ഭാരത് എക്‌സ്പ്രസ് സർവീസുകൾ (ട്രെയിൻ നമ്പർ 20172/20171, ട്രെയിൻ നമ്പർ 12002/12001 ഡൽഹി-റാണി കമലാപതി-ഡൽഹി) എന്നീ ട്രെയിനുകളുടെ വേഗതയാണ് കുറയ്ക്കുന്നത്. വേഗത കുറയ്ക്കുന്നതോടെ ഈ ട്രെയിനുകളുടെ യാത്രാസമയം 25-30 മിനിറ്റ് വരെ വർദ്ധിക്കും. വേഗം കുറയ്ക്കൽ എത്രയും പെട്ടെന്ന് നടപ്പാക്കാനാണ് തീരുമാനം.
സുരക്ഷാ പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ട്രെയിനുകളുടെ വേഗത കുറയ്ക്കണമെന്ന് നേരത്തേ ആവശ്യം ഉയർന്നെങ്കിലും പലപല കാരണങ്ങളാൽ അത് നീണ്ടുപോവുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങൾ വർദ്ധിപ്പിച്ചിട്ടും അടുത്തിടെ ഒന്നിലധികം ട്രെയിൻ അപകടങ്ങൾ ഉണ്ടായതാണ് വേഗം കുറയ്ക്കാനുള്ള തീരുമാനം പെട്ടെന്ന് നടപ്പാക്കാൻ അധികൃതരെ പ്രേരിപ്പിക്കുന്നതെന്നാണ് കരുതുന്നത്. സിഗ്നൽ തകരാറുകളോ ലോക്കോ പൈലറ്റുമാരുടെ പിഴവോ ആണ് ഈ അപകടങ്ങൾക്ക് കാരണമായി ചൂണ്ടിക്കാണിക്കപ്പെട്ടത്.
വേഗതയും പ്രിമിയം സൗകര്യങ്ങളുമായിരുന്നു വന്ദേഭാരതിന്റെ പ്രധാന സവിശേഷതകളായി ഉയർത്തിക്കാണിച്ചിരുന്നത്. തിക്കിലും തിരക്കിലും പെടാതെ ലക്ഷ്യസ്ഥാനത്ത് പെട്ടെന്ന് എത്താമെന്നതായിരുന്നു കൂടുതൽ യാത്രക്കാരെ വന്ദേഭാരതിലേക്ക് ആകർഷിച്ചത്. അതിനാൽത്തന്നെ വേഗത വെട്ടിക്കുറയ്ക്കുമ്പോൾ യാത്രക്കാർ എതിർപ്പുയർത്തുമോ എന്ന ഭയം റെയിൽവേ അധികൃതർക്കുണ്ട്. വന്ദേഭാരതിന്റെ വേഗത കുറയ്ക്കുന്നതിനനുസരിച്ച് പാസഞ്ചർ ട്രെയിനുകൾ ഉൾപ്പടെയുള്ളവയുടെയും സമയം പുനക്രമീകരിക്കേണ്ടിയും വരും. ഇതും യാത്രക്കാരുടെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയേക്കും.