ചന്ദ്രയാൻ 4ന് ഇരട്ട വിക്ഷേപണം, മറ്റൊരു ചരിത്രം കൂടി രചിക്കാൻ ഐഎസ്ആർഒ

Thursday 27 June 2024 4:43 PM IST

ന്യൂഡൽഹി: 'ചന്ദ്രയാൻ 4' ദൗത്യത്തിന്റെ വിക്ഷേപണം രണ്ടുഘട്ടങ്ങളായിട്ടായിരിക്കും നടത്തുമെന്ന് വ്യക്തമാക്കി ഐഎസ്ആർഒ ചെയർമാൻ ആർ സോമനാഥ്. 'ചന്ദ്രയാൻ 4 ന്റെ' ഭാഗങ്ങൾ രണ്ട് ഘട്ടങ്ങളിലായി ബഹിരാകാശത്ത് എത്തിച്ചശേഷം അവിടെവച്ച് സംയോജിപ്പിക്കുകയും ചന്ദ്രനിലേക്കുള്ള യാത്ര തുടരുകയും ചെയ്യും.

ഐഎസ്ആർഒയുടെ പക്കലുള്ള ഏറ്റവും ശക്തിയേറിയ റോക്കറ്റിന് വഹിക്കാനാവുന്നതിനേക്കാൾ കൂടുതലാണ് 'ചന്ദ്രയാൻ 4 ന്റെ' ഭാരം എന്നതിനാലാണ് ഇത്തരത്തിൽ രണ്ടുഘട്ടങ്ങളിലായി വിക്ഷേപണം നടത്തുന്നതെന്നും ആർ സോമനാഥ് പറഞ്ഞു. ഡൽഹിയിൽ നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.

വിവിധ ബഹിരാകാശ പേടകങ്ങൾ തമ്മിൽ ബന്ധിപ്പിക്കുന്ന ദൗത്യം നേരത്തേയും നടന്നിട്ടുണ്ടെങ്കിലും ഒരു ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നത് ആദ്യമായാണ്. ‘ബഹിരാകാശ പേടകത്തിന്റെ ഭാഗങ്ങൾ ബഹിരാകാശത്തുവച്ച് സംയോജിപ്പിക്കുന്നതിനുള്ള ഡോക്കിംഗ് സാങ്കേതികവിദ്യ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. സ്പെയ്ഡെക്സ് എന്ന് പേരിട്ടിട്ടുള്ള ദൗത്യം ഈ വർഷം അവസാനത്തോടെ പൂർത്തിയാകും. ചന്ദ്രയാൻ 4ന്റെ ചെലവ് സംബന്ധിച്ച റിപ്പോർട്ട് ഉടൻ സർക്കാരിന്റെ അനുമതിക്കായി കൈമാറും' സോമനാഥ് പറഞ്ഞു.

ബഹിരാകാശ വിക്ഷേപണ നിലയ വിക്ഷേപണവുമായി ബന്ധപ്പെട്ട് സർക്കാരിന് നൽകാനുള്ള വിശദ വിവരങ്ങൾ ഉൾക്കൊള്ളുന്ന പ്രൊപ്പോസൽ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.