ഇന്ത്യയുടെ കായിക ഉഷസ്

Friday 28 June 2024 12:17 AM IST

ഇന്ത്യൻ കായികരംഗത്തിന് കേരളം നൽകിയ ഏറ്റവും വലിയ സമ്മാനമാണ് പ്ലാവുള്ളകണ്ടി തെക്കേപ്പറമ്പിൽ ഉഷയെന്ന പി.ടി ഉഷ. 'പയ്യോളി എക്സ്‌പ്രസ്" എന്നറിയപ്പെട്ട പി.ടി ഉഷ അറുപതു വയസും പിന്നിട്ട് കാലം തളർത്താത്ത പോരാളിയായി കൂകിപ്പായുമ്പോൾ വരാനിരിക്കുന്ന തലമുറകൾക്കും ചൂണ്ടിക്കാട്ടുവാൻ ഇതുപോലെ മറ്റൊരു മാർഗദർശിയില്ല. ഒളിമ്പിക്സുകളിലെയും ഏഷ്യൻ ഗെയിംസുകളിലെയും ട്രാക്കുകളിൽ പൊരുതിക്കയറിയതുപോലെ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായി പാരീസ് ഒളിമ്പിക്സിന്റെ അവസാനവട്ട ഒരുക്കങ്ങളിലും,​ രാജ്യസഭാ എം.പിയെന്ന നിലയിലുള്ള ചുമതലകളിലും വ്യാപൃതയാണ് ഉഷ ഇപ്പോഴും. ഓർമ്മകളിൽ ജീവിക്കുന്ന ബഹുഭൂരിപക്ഷം മുൻകാല കായിക താരങ്ങളിൽ നിന്ന് വ്യത്യസ്തയായി പരിശീലകയായി മാറാനും കായിക ഭരണരംഗത്ത് പൊതുസ്വീകാര്യയായി മുന്നേറാനും കാട്ടിയ ആർജവം തന്നെയാണ് ഉഷയെ ഇന്ത്യയുടെ കായിക ഉഷസാക്കി മാറ്റിയത്.

കോഴിക്കോട് ജില്ലയിലെ പയ്യോളിയിൽ 1964 ജൂൺ 27ന് പൈതലിന്റേയും ലക്ഷ്മിയുടെയും ആറുമക്കളിൽ രണ്ടാമത്തെ കുട്ടിയായി ജനിച്ച ഉഷയുടെ പ്രാഥമിക വിദ്യാഭ്യാസം തൃക്കോട്ടൂർ സ്‌കൂളിലായിരുന്നു. അവിടെവച്ച് ഓട്ടത്തിലെ മികവ് തിരിച്ചറിഞ്ഞ അദ്ധ്യാപകനാണ് കണ്ണൂരിലെ ജി.വി. രാജാ സ്‌പോർട്സ് ഡിവിഷൻ സ്‌കൂളിലേക്കു പോകാൻ പ്രേരിപ്പിച്ചത്. പിന്നീട് കരിയറിലെ നിർണായക കണ്ണിയായി മാറിയ ഒ.എം. നമ്പ്യാർ ആയിരുന്നു ഉഷയുടെ ആദ്യ പരിശീലകൻ.സ്കൂൾ തലത്തിൽ നിന്ന് ദേശീയ അത്‌ലറ്റിക്സിലേക്ക് ഓടിക്കയറിയ ഉഷ 1980 ൽ പാകിസ്ഥാനിൽ നടന്ന ഇൻവിറ്റേഷൻ മീറ്റിൽ നാലു സ്വർണമെഡലുകൾ നേടിയാണ് അന്താരാഷ്ട്ര തലത്തിൽ വരവറിയിച്ചത്. ഒളിമ്പിക്‌സ് അത്‌ലറ്റിക്സിൽ പങ്കെടുക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരിയായി 1980-ൽ പതിനാറുകാരിയായ ഉഷ മോസ്കോയിലേക്കുപോയി.

1982-ൽ ഡൽഹിയിൽ നടന്ന ഏഷ്യൻ ഗെയിംസിൽ 100, 200 മീറ്ററുകളിലായി രണ്ട് വെള്ളിമെഡലുകൾ നേടി. 1984-ൽ ലോസ് ആഞ്ചൽസ് ഒളിമ്പിക്‌സിൽ 400 മീറ്റർ ഹർഡിൽസിൽ സെക്കൻഡിന്റെ നൂറിലൊരംശത്തിനാണ് ഉഷയ്ക്ക് വെങ്കലം നഷ്ടമായത്.

ഇന്ത്യൻ അത്‌ലറ്റിക്സിന്റെ ചരിത്രത്തിലെ ഏറ്റവും നൊമ്പരപ്പെടുത്തുന്ന നിമിഷമായിരുന്നു അത്. പക്ഷേ അന്ന് ലോസാഞ്ചലസിൽ ഉഷ കുറിച്ച 55.42 സെക്കൻഡിന്റെ ദേശീയ റെക്കാഡ് നാലുപതിറ്റാണ്ട് പിന്നിട്ടിട്ടും ആർക്കും തകർക്കാനായിട്ടില്ല എന്നത് ആ പ്രയത്നത്തിന്റെ മൂല്യമുയർത്തുന്നു. 1985-ൽ ജക്കാർത്തയിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ അഞ്ച് സ്വർണവും ഒരു വെങ്കലവും വാരിക്കൂട്ടി ചരിത്രമെഴുതിയ ഉഷ 1986 സോൾ ഏഷ്യൻ ഗെയിംസിൽ നാലു സ്വർണമെഡലുകൾ നേടി. 1985-ലും 1986-ലും ലോക അത്‌ലറ്റിക്‌സിലെ മികച്ച പത്തുതാരങ്ങളിൽ ഒരാൾ ഉഷയായിരുന്നു. വിവാഹശേഷം ട്രാക്കിലേക്ക് തിരിച്ചെത്തിയ ഉഷ 2000-ത്തിലാണ് വിരമിച്ചത്.

തുടർന്ന് കോഴിക്കോട്ട്,​ ഉഷ സ്കൂൾ ഒഫ് അത്‌ലറ്റിക്സ് സ്ഥാപിച്ച് നിരവധി കായികതാരങ്ങളെ വളർത്തിയെടുത്തു.

ടിന്റു ലൂക്ക ഉൾപ്പടെ ഏഷ്യൻ ഗെയിംസ് മെഡലിസ്റ്റുകൾ ഉഷ സ്കൂളിന്റെ സംഭാവനയായിരുന്നു. 2022-ൽ രാജ്യസഭാ എം.പിയായി നാമനിർദ്ദേശം ചെയ്യപ്പെട്ട ഉഷ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായും തിരഞ്ഞെടുക്കപ്പെട്ടു. ഉഷ പ്രസിഡന്റായിരിക്കുമ്പോഴാണ് ഏഷ്യൻ ഗെയിംസിൽ ആദ്യമായി ഇന്ത്യ നൂറിലധികം മെഡലുകൾ സ്വന്തമാക്കിയത്.

പാരീസ് ഒളിമ്പിക്സിനുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകളുടെ അമരക്കാരിയാണ് ഉഷ. കഴിഞ്ഞ ഒളിമ്പിക്സിൽ നീരജ് ചോപ്രയുടെ സ്വർണമടക്കം ഏഴുമെഡലുകൾ ഇന്ത്യ നേടിയിരുന്നു. ഇക്കുറി മെഡലെണ്ണത്തിൽ ഇരട്ടയക്കം തികയ്ക്കുകയാണ് ലക്ഷ്യം. ഇതിനുവേണ്ടി കായിക താരങ്ങൾക്ക് കൃത്യമായ മാർഗനിർദ്ദേശങ്ങളും ആത്മവിശ്വാസവും പകർന്നുനൽകുന്ന ഉഷയ്ക്ക്,​ തനിക്കു നേടാൻ കഴിയാതെ പോയ ഒളിമ്പിക് മെഡൽ പിൻതലമുറയിലൂടെ നേടിയെടുക്കാൻ കഴിയട്ടെ. പിറന്നാളുകാരിക്ക് സ്വർണമെഡലിന്റെ തിളക്കമുള്ള ആശംസകൾ നേരുന്നു.

Advertisement
Advertisement