അനന്തരം, വിവരദോഷികൾ

Friday 28 June 2024 12:27 AM IST

ഈ സർക്കാരിനെക്കൊണ്ടു തോറ്റു എന്ന് പലവട്ടം ആത്മഗതം നടത്തിയ അപ്പുണ്യേട്ടന് തിരഞ്ഞെടുപ്പു ഫലം കൂടി വന്നതോടെ ഇരിപ്പുറയ്ക്കാതായി. ആദ്യ മുഖ്യമന്ത്രിക്കാലത്തിന്റെ മധുവിധുവോരത്ത് മുഖ്യ സഖാവിനെ ഉള്ളുതുറന്ന് ഒന്നഭിനന്ദിച്ചതാണ്. എല്ലാം ശരിയാകുമെന്ന് കാത്തിരുന്നെങ്കിലും ഒന്നും നേരെയായില്ല. രണ്ടാം സർക്കാർ വന്നതോടെ നില വഷളായിത്തുടങ്ങി. ഇടത്തട്ടുകാരുടെ അവതാരങ്ങൾ അടിമുടി വിലസി. എവിടെത്തിരിഞ്ഞു നോക്കിയാലും അവിടെല്ലാം ശിവശങ്കരന്മാർ തന്നെ! പാർട്ടി ഓഫീസുകളിൽ പഴയ സെൽഭരണത്തിന്റെ പുതിയ മണം.

അങ്ങനെ വിഷാദിച്ചിരിക്കുമ്പോഴാണ് ബുദ്ധി തെളിയുന്നതു പോലെ. പൊതുവിദ്യാഭ്യാസം കുളിപ്പിച്ച് കുളിപ്പിച്ച് കുട്ടിയെ ഇല്ലാതാക്കി എന്ന് ഉറപ്പായപ്പോഴാണ് ഓൾ പ്രൊമോഷനും അക്ഷരവിരോധവും ഇളക്കി പ്രതിഷ്ഠിക്കാമെന്നായത്. കെ.എസ്.ആർ.ടി.സിയും കെ.എസ്.ഇ.ബിയും പോലെ ഈ വകുപ്പും സംഘടനക്കാരുടെ കക്ഷത്തിലാണല്ലോ. തൊഴിൽ സംസ്കാരത്തിന്റെ വിനാശകരമായ പടുകുഴികൾ! എന്തായാലും സഹികെട്ട് മുഖ്യമന്ത്രി നേരിട്ട് സംഘടനകളുടെ ചെവിക്കു പിടിച്ചത് അപ്പുണ്യേട്ടന് 'ക്ഷ" ബോധിച്ചു.

'പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരുക" എന്ന നാടൻ പ്രയോഗത്തിന് പ്രായോഗിക സാമ്പത്തിക മാനേജ്‌മെന്റിൽ വലിയ സ്ഥാനമുണ്ട്. ലോകബാങ്കിന്റെ പിച്ചച്ചട്ടിയിൽ കയ്യിട്ടു വാരലായിരുന്നല്ലോ കുപ്രസിദ്ധമായ ഡി.പി.ഇ.പി / എസ്.എസ്.എ പദ്ധതികൾ! മസാല ബോണ്ടും കിഫ്‌ബിയുമൊക്കെ അതിന്റെ വേഷപ്പകർച്ചകൾ തന്നെ. ക്ളാസ് ഫോറുകാർക്കു പോലും ശമ്പളം ലക്ഷമായി ഉയർത്തുക. എന്നിട്ട് ജീവാനന്ദം, മെഡിസെപ് എന്നൊക്കെപ്പറഞ്ഞ് 75,​000 തിരിച്ചുപിടിക്കുക. ശമ്പളം കൂട്ടി എന്ന് സർക്കാരിനും സംഘടനകൾക്കും മേനിപറയാം. കാശ് സർക്കാരിന്റെ പോക്കറ്റിൽത്തന്നെ കിടക്കും. സാമ്പത്തികോപദേഷ്ടാക്കളുടെ കാഞ്ഞ ബുദ്ധി!

കള്ളുകച്ചവടവും അത്ര മോശമല്ല. വിദേശമദ്യം സ്വദേശിയായതോടെ നല്ല മദ്യം കിട്ടാൻ പണിയായി. എക്സൈസ് വകുപ്പ് പിരിച്ചുവിട്ട് അതിലെ മിടുക്കന്മാരെ മദ്യക്കച്ചവടത്തിനു വിട്ടാൽ കാര്യം ജോറാകുമെന്ന് അരനൂറ്റാണ്ടു മുമ്പേ എം.പി. നാരായണപിള്ള പറഞ്ഞിട്ടുണ്ട്. നല്ല മദ്യം ന്യായവിലയ്ക്ക് ഏതു പെട്ടിക്കടയിലും ലഭ്യമാക്കിയാൽ കള്ളവാറ്റും വ്യാജനും നിലയ്ക്കും. ഇത്തരമൊരു മദ്യനയം നടപ്പിലാക്കി കാര്യങ്ങൾ നേരെയാക്കാൻ ഈ ജന്മത്ത് രാഷ്ട്രീയക്കാർ സമ്മതിക്കില്ല. കാശുവരുന്ന രണ്ടിടങ്ങൾ അമ്പലവും മദ്യഷാപ്പുമാണല്ലോ! മനഃസമാധാനത്തിന് രണ്ടിടത്തും ആൾക്കൂട്ടമെത്തുന്നു. കാര്യമായ മുടക്കുമുതലില്ലാത്ത ധനാഗമം!

തെയ്യത്തിനു പോലും ഒരു കുടം കള്ള് ഒറിജിനൽ കിട്ടണമെങ്കിൽ നേരിട്ട് തെങ്ങിൽ കയറണം. ചില തെയ്യങ്ങൾ അങ്ങനെ പതിവുണ്ട്. ദൈവങ്ങൾക്കു പോലും വ്യാജനാണ് കിട്ടുന്നെങ്കിൽ മനുഷ്യരുടെ കാര്യം പറയണോ? മദ്യം വീട്ടിലുണ്ടാക്കി,​ സ്വന്തം അടുക്കളയിൽ വിളമ്പാനേ 'അർത്ഥശാസ്ത്രം" അനുവദിക്കുന്നുള്ളൂ. അഞ്ചു ലിറ്റർ ഒറിജിനൽ ഉണ്ടെങ്കിൽ 5000 ലിറ്റർ വില്ക്കാം എന്നതാണ് നിലവിലെ കള്ളുനയം. ഏതു ചായക്കടയിലും നല്ല സാധനം കിട്ടുമെന്നായാൽ കാര്യങ്ങൾ നേരെയാകും. പാലും തേനും പൊതുടാപ്പിലൂടെ ഒഴുക്കും എന്നാണല്ലോ പ്രകടനപത്രികകളുടെ സ്ഥിരം ഭാഷ. ഗ്യാസ് പൈപ്പ് ലൈൻ പോലൊരു മദ്യലൈൻ വരട്ടെ. മനുഷ്യനെ വെർച്വലായി സ്കാൻ ചെയ്ത് അയയ്ക്കാൻ കഴിയുന്ന കാലത്ത് സർവ്വസംപ്രീത മദ്യവും ഡിജിറ്റലായി ആവിർഭവിക്കുമായിരിക്കും!

അപ്പുണ്യേട്ടന്റെ തല പെരുത്തു വരുന്നതുപോലെ. തമ്മിൽ ഭേദം അന്നപൂർണയുടെ അടുക്കളത്തിരക്കുകൾ തന്നെ.

എന്നാലും ചങ്കിൽ കുത്തുന്ന വർത്തമാനവുമായി സഹയാത്രികരായ ചില ബിഷപ്പുമാർ ഇറങ്ങിത്തിരിച്ചതാണ് കടുംകൈയായിപ്പോയത്. തിരഞ്ഞെടുപ്പിന്റെ ഇടിത്തീ വീണ് തകർന്നിരിക്കുമ്പോഴാണ് ഈ ദംശനം. ഇടത്തേക്ക് ഇൻഡിക്കേറ്ററിട്ട് വലത്തോട്ട് വണ്ടി ഓടിക്കരുതെന്ന് ഉപദേശം. പ്രളയവും കൊവിഡും എപ്പോഴും രക്ഷയ്ക്കെത്തിയെന്നു വരില്ലന്ന താക്കീതും! പോരേ, പൊടിപൂരം! കാര്യം പറഞ്ഞാൽ ചാടിക്കടിക്കുമെന്ന് അറിയാത്തവരാണോ ഈ വിവരദോഷികൾ!

Advertisement
Advertisement