തദ്ദേശസ്ഥാപനങ്ങൾക്ക് അലഭ്യലഭ്യശ്രീ!

Friday 28 June 2024 12:29 AM IST

നമ്മുടെ പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പ്രതീക്ഷിക്കുന്നതിലും വലിയ പുലിയാണ്. രാഷ്ട്രീയത്തിൽ മാത്രമല്ല,​ മറ്രുപല മേഖലകളിലും അനിതരസാധാരണമായ അറിവാണ് അദ്ദേഹത്തിനുള്ളത്. സാമ്പത്തിക മേഖലയിലും സാഹിത്യത്തിലുമൊക്കെയുള്ള അദ്ദേഹത്തിന്റെ അവഗാഹം സാമാജികർ ആവോളം മനസിലാക്കിയിട്ടുള്ളതാണ്. ഇന്നലെ ജ്യോതിഷത്തിൽ കൈവച്ചും അദ്ദേഹം സഭയെ ഞെട്ടിച്ചു. തദ്ദേശ മന്ത്രിക്കും വകുപ്പിനും ജാതകവശാൽ അലഭ്യലഭ്യശ്രീ യോഗമാണെന്നാണ് കവടി നിരത്താതെ അദ്ദേഹത്തിന്റെ കണ്ടെത്തൽ. രാജയോഗവും ഗജകേസരി യോഗവുമൊക്കെ മിക്കവരും കേട്ടിട്ടുള്ളതാണെങ്കിലും ഈ അലഭ്യലഭ്യശ്രീ എങ്ങനെയുണ്ടാവുമെന്ന് പലർക്കും സംശയം. കയ്യിൽ പണമുണ്ടെങ്കിലും അനുഭവിക്കാൻ യോഗമുണ്ടാവില്ല. ചിലരുടെ ജാതകം വായിച്ചാൽ ആദ്യ പേജുകളിൽ രാജയോഗമുണ്ടെന്ന് പറയുമെങ്കിലും പിന്നീടുള്ള പേജിൽ അത് അനുഭവിക്കാൻ യോഗമില്ലെന്നും എഴുതിയിട്ടുണ്ടാകും. അതാണ് തദ്ദേശ സ്ഥാപനങ്ങളുടെ രണ്ടാം ഗഡുവിന്റെ സ്ഥിതി.

പഞ്ചായത്തിൽ പുല്ല് വെട്ടുന്നതിന്റെ കാശ് പോലും കൊടുക്കാൻ സാധിക്കാത്ത അവസ്ഥ. അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ച് നടത്തിയ വാക്കൗട്ട് പ്രസംഗത്തിലായിരുന്നു അദ്ദേഹത്തിന്റെ ജ്യോതിഷപാണ്ഡിത്യം വെളിപ്പെട്ടത്.

തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് കൊടുക്കാത്തതിൽ മുതലക്കണ്ണീരൊഴുക്കുന്ന പ്രതിപക്ഷം കേന്ദ്രം അടിച്ചേൽപ്പിക്കുന്ന സാമ്പത്തിക ഞെരുക്കത്തെക്കുറിച്ച് പറയാത്തതിലാണ് മന്ത്രി എം.ബി.രാജേഷിന് സങ്കടം. 1991-ൽ ജില്ലാ കൗൺസിലുകളെ പിരിച്ചുവിട്ട കോൺഗ്രസുകാർ അധികാര വികേന്ദ്രീകരണത്തെക്കുറിച്ച് പറയുന്നതിലെ അനൗചിത്യം അദ്ദേഹം സൂചിപ്പിച്ചത് ,​ യു.ഡി.എഫ് ചെയ്ത പാപങ്ങളും പാതകങ്ങളും ചരിത്രത്തിൽ മായാതെ കിടക്കുന്നുണ്ടെന്ന് കോൺഗ്രസ് അംഗങ്ങളെ ഓർമ്മിപ്പിച്ചു കൊണ്ടാണ്. നെഹ്രുവിനു ശേഷം പുസ്തകം വായിക്കുന്ന ഏക കോൺഗ്രസുകാരനായ മണിശങ്കർ അയ്യർ പോലും കേരളത്തിലെ തദ്ദേശസ്വയംഭരണ സംവിധാനങ്ങളെ പ്രശംസിച്ചതു കൂടി ചൂണ്ടിക്കാട്ടിയാണ് രാജേഷ് പ്രതിപക്ഷത്തിന് കടിഞ്ഞാണിട്ടത്.

പൊതുവെ സൗമ്യനായ ഡോ. എൻ. ജയരാജ് കെ.എസ്.ആർ.ടി.സിയെ 'സമ്പന്നനായ യാചകൻ" എന്നു വിശേഷിപ്പിച്ചപ്പോൾ മന്ത്രി ഗണേശ്‌കുമാർ ഞെട്ടിക്കാണും. പണ്ട് അടൂർഭാസി പാടിയ 'തള്ള് തള്ള് തള്ള് തള്ള് തല്ലിപ്പൊളി വണ്ടി...." എന്ന പാട്ടിന്റെ കാലമൊക്കെ കഴിഞ്ഞെന്നും നല്ല ഭംഗിയുള്ള ബസുകൾ ഓടിക്കണമെന്നുമൊക്കെ പറഞ്ഞ ജയരാജ്, കെ.എസ്.ആർ.ടി.സി ബസ് കണ്ടാൽ കയറാൻ നമുക്ക് അറിയാതെ തോന്നുമെന്നു കൂടി പുകഴ്ത്തിയിട്ടാണ് യാചക പരാമർശം നടത്തിയത്. വലിയ ആസ്തിയുണ്ടെങ്കിലും വേണ്ടത്ര സൗകര്യങ്ങൾ ഇല്ലെന്നാണ് പാവം ജയരാജ് ഉദ്ദേശിച്ചത്. അടിയന്തരാവസ്ഥക്കാലത്ത് കൊടിയ പീഡനവും ജയിൽ വാസവും സഹിക്കേണ്ടി വന്ന രണ്ടുപേരാണ് ഇപ്പോഴത്തെ സഭയിലുള്ളതെന്ന സത്യം അറിയിച്ചത് എം.നൗഷാദാണ്. മുഖ്യമന്ത്രി പിണറായി വിജയനും പൊന്നാനി അംഗം നന്ദകുമാറുമാണ് ആ രണ്ടുപേരെന്നും അടിയന്തരാവസ്ഥയുടെ 50 വർഷത്തെ ഓർമ്മിപ്പിച്ച് നൗഷാദ് ചൂണ്ടിക്കാട്ടി.

മുതലപ്പൊഴിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി മുതലെടുപ്പ് നടത്താനാണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്നായിരുന്നു ആന്റണി രാജുവിന്റെ പ്രാസഭംഗിയുള്ള കുത്തൽ. എന്തിനും ഏതിനും മുഖ്യമന്ത്രിയെ പ്രതിപക്ഷം കുറ്റപ്പെടുത്തുന്നതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എക്സാലോജിക്കെന്ന് ഏതോ വിവരദോഷി പറഞ്ഞത് പ്രതിപക്ഷനേതാവ് ഏറ്റുപിടിക്കുകയാണ്. കാളപെറ്റെന്നു കേട്ടാൽ കയർ മാത്രമല്ല, പാൽ കറക്കാനുള്ള പാത്രവുമായി പോവുകയാണ് പ്രതിപക്ഷ നേതാവെന്നും ആന്റണിരാജു കളിയാക്കി. ഇല്ലാത്ത മദ്യനയത്തിന്റെ പേരിൽ സർക്കാരിനെ പ്രതിക്കൂട്ടിലാക്കാൻ പ്രതിപക്ഷം നടത്തിയ ശ്രമത്തെ വിമർശിച്ച വി.ജോയി, ബാറുടമകളുടെ വാട്സ് ആപ്പ് ശബ്ദസന്ദേശം പ്രചരിപ്പിച്ച ഫോണിന്റെ ഉടമ അർജുൻരാധാകൃഷ്ണനെ അറിയുമോ എന്ന് പ്രതിപക്ഷ ബഞ്ചിലേക്കു നോക്കി ചോദിച്ചെങ്കിലും ഏത് അർജുൻ എന്ന മറുപടി നൽകി അവർ മെല്ലെ ഒഴിഞ്ഞു.

ഓടാത്ത ബസിനുള്ളിലെ ഓടുന്ന യാത്രക്കാരനോടാണ് ഫിഷറീസ് മന്ത്രി സജിചെറിയാനെ എം. വിൻസെന്റ് ഉപമിച്ചത്. മന്ത്രി നിരവധി പ്രഖ്യാപനങ്ങൾ നടത്തുന്നുണ്ട്. ചിലതൊക്കെ ചെയ്യണമെന്ന ആഗ്രഹവുമുണ്ട്. ഒന്നും ചെയ്യാനാവുന്നില്ല. മൂന്നുവർഷം മുമ്പ് കെ.എസ്.ആർ.ടി.സി ടിക്കറ്റ് മെഷീൻ വാങ്ങിയതിൽ കോടികളുടെ ക്രമക്കേടുണ്ടായിട്ടുണ്ടെന്നും അതേക്കുറിച്ച് അന്വേഷിക്കണമെന്നും വിൻസെന്റ് പറഞ്ഞു. കെ.എസ്.ആർ.ടി.സി ജീവനക്കാർ കള്ളുകുടിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്ന മന്ത്രി ഗണേശ്‌കുമാർ, അവർ കഞ്ഞികുടിച്ചോ എന്നുകൂടി പരിശോധിക്കണമെന്നും അഭ്യർത്ഥിച്ചു.

Advertisement
Advertisement