ആഘോഷങ്ങളിൽ ഇനി സാപ്പി ഇല്ല

Friday 28 June 2024 12:05 AM IST

നടൻ സിദ്ദിഖിന്റെ മൂത്ത മകൻ റാഷിൻ എന്ന സാപ്പിയുടെ വേർപാട് ഉറ്റവർക്ക് മാത്രമല്ല ആ കുടുംബത്തെ അടുത്തറിയുന്നവർക്കും നൊമ്പരമായി.

മാനസിക വെല്ലുവിളി നേരിട്ട സാപ്പിയെ 'സ്പെഷ്യൽ ചൈൽഡ് 'എന്നാണ് സിദ്ദിഖ് വിശേഷിപ്പിച്ചിരുന്നത്. സിദ്ദിഖിന്റെ വീട്ടിൽ എത്തുന്നവരെ ആദ്യം സ്വീകരിക്കുന്നത് സാപ്പി ആയിരുന്നു. സാപ്പിയെ ആരും എങ്ങും മാറ്റിനിറുത്തിയില്ല. സാപ്പിയുടെ ജന്മദിനങ്ങളെല്ലാം അവർ ആഘോഷിച്ചു. ആദ്യ ഭാര്യയുടെ വേർപാടിനുശേഷം തളർന്നിരുന്ന സിദ്ദിഖിന് കൂട്ടായത് സാപ്പിയും അനുജൻ ഷഹീനുമായിരുന്നു. സിദ്ദിഖ് വീണ്ടും വിവാഹിതനാവുകയും സാപ്പിക്കും ഷഹിനും കുഞ്ഞനുജത്തി ഉണ്ടായപ്പോഴും വീട്ടിലെ കുഞ്ഞുകുട്ടി സാപ്പി തന്നെ. സാപ്പിയുടെ ജന്മദിനാഘോഷവേളയിൽ ഷഹിൻ പങ്കുവച്ച ചിത്രത്തിന് ഒരാൾ നൽകിയത് കമന്റ് ഇങ്ങനെയായിരുന്നു. 'നല്ല ഉപ്പയെയും ഇക്കയെയും കിട്ടിയ ഭാഗ്യവാനാണ് സാപ്പി . ഷഹിന്റെ ഭാര്യ അമൃതയുടെ കൈപിടിച്ച് വാത്സല്യത്തോടെ നിൽക്കുന്ന സാപ്പിയെ ചിത്രങ്ങളിൽ കണ്ടിട്ടുണ്ട്. അടുത്തിടെ പുതിയ കാർ വാങ്ങിയപ്പോൾ അതിന്റെ താക്കോൽ വാങ്ങിയത് സാപ്പി ആയിരുന്നു. സിദ്ദിഖ് വിശേഷിച്ചതുപോലെ 'സ്പെഷ്യൽ ചൈൽഡ്.'

Advertisement
Advertisement