യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ഒരാൾ പിടിയിൽ
ആറ്റിങ്ങൽ:ലോൺ തരപ്പെടുത്തിക്കൊടുക്കാമെന്ന് വിശ്വസിപ്പിച്ച് യുവതിയെ വിളിച്ചുവരുത്തി പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ ഒരാൾ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി ആഗ്രഹ വീട്ടിൽ തുഷാന്തിനെയാണ് (39)ആറ്റിങ്ങൽ പൊലീസ് പിടികൂടിയത്.ആറ്റിങ്ങൽ അവനവഞ്ചേരിയിലുള്ള കെട്ടിടത്തിൽ യുവതിയെ വിളിച്ചു വരുത്തി കടന്നുപിടിക്കുകയും വിവസ്ത്രയാക്കാൻ ശ്രമിക്കുകയും ചെയ്തു.ശേഷം യുവതിയുടെ ഫോണിൽ നിന്ന് ഫോട്ടോ കൈക്കലാക്കി പ്രതിയുടെ താത്പര്യത്തിന് വഴങ്ങിയില്ലെങ്കിൽ മോശക്കാരിയായി ചിത്രീകരിക്കുമെന്ന് ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തുകയും,യുവതിയുടെ ചിത്രം മോർഫ് ചെയ്ത് നഗ്നച്ചിത്രങ്ങളാക്കി അശ്ലീലം എഴുതി ചേർത്ത് പലർക്കും അയച്ചു കൊടുത്ത് അപകീർത്തിപ്പെടുത്തിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തത്.തിരുവനന്തപുരം റൂറൽ ജില്ലാ പൊലീസ് മേധാവി കിരൺ നാരായണന്റെ നിർദ്ദേശപ്രകാരം ആറ്റിങ്ങൽ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ബിനു വർഗീസ്,ആറ്റിങ്ങൽ ഇൻസ്പെക്ടർ ജയകുമാർ,സബ് ഇൻസ്പെക്ടർ ആദർശ്,പൊലീസുകാരായ അനിൽകുമാർ,പ്രശാന്ത്,അരുൺകുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.