പരിശീലനത്തിന് ശേഷം ഫോറസ്റ്റ് ഓഫീസറെ പിരിച്ചുവിട്ടു  പരാതിയുമായി യുവതി

Friday 28 June 2024 1:15 AM IST

ആലപ്പുഴ: ഇന്റർവ്യൂവിന്റെ മാർക്ക് കണക്കാക്കുന്നതിൽ പി.എസ്.സിക്കുണ്ടായ പിശകിനെത്തുടർന്ന് ജോലി നഷ്ടമായെന്ന് യുവതിയുടെ പരാതി. സ്‌പെഷ്യൽ റിക്രൂട്ട്മെന്റിൽ റേഞ്ച് ഫോറസ്റ്റ് ഓഫീസർ നിയമനം ലഭിച്ച കിടങ്ങറ മനാകരി വീട്ടിൽ രേഷ്‌മ എം. രാജിനെയാണ് ഒന്നര വർഷത്തെ പരിശീലനത്തിന് ശേഷം പിരിച്ചുവിട്ടത്. നിയമനം റദ്ദാക്കിയ നടപടി അന്വേഷിക്കണമെന്നും പുനർനിയമനം നൽകണമെന്നുമാവശ്യപ്പെട്ട് രേഷ്‌മ മുഖ്യമന്ത്രിക്ക് പരാതി നൽകി.

ലിസ്റ്റിൽ രണ്ടാം റാങ്കുകാരിയായിട്ടാണ് രേഷ്മയ്‌ക്ക് നിയമന ശുപാർശ ലഭിച്ചത്. ഇതിനെതിരെ മൂന്നാം റാങ്കുകാരൻ എറണാകുളം അഡ്മിനിസ്ട്രേഷൻ ട്രൈബ്യൂണലിൽ നിന്നും സ്റ്റേ വാങ്ങിയെങ്കിലും, പി.എസ്.സിയുടെ മറുപടിയിൽ രേഷ്മ അർഹയാണെന്ന് ബോദ്ധ്യപ്പെട്ടതിനെ തുടർന്ന് നിയമനം നൽകി. 2022 ഡിസംബർ 19 മുതൽ മഹാരാഷ്ട്രയിലെ കുണ്ടൽ ഫോറസ്റ്റ് അക്കാഡമിയിൽ പരിശീലത്തിൽ പ്രവേശിച്ചു.

ഇതിനിടെ മൂന്നാം റാങ്കുകാരൻ ട്രൈബ്യൂണലിനെ വീണ്ടും സമീപിക്കുകയും അനുകൂല വിധി സമ്പാദിക്കുകയും ചെയ്തു. ഇതിനെതിരായ രേഷ്മയുടെ ഹർജി ഹൈക്കോടതി തള്ളിയിരുന്നു. 2023 ഒക്ടോബർ 20ന് സുപ്രീംകോടതിയിൽ സമർപ്പിച്ച അപ്പീലിൽ ഭരണഘടനാ ബെഞ്ചിന്റെ വിധി കാത്തിരിക്കാനും പരിശീലനം തുടരാനും നിർദ്ദേശിച്ചെങ്കിലും ഇത് കണക്കിലെടുക്കാതെ പി.എസ്.സി നിയമന ശുപാർശ റദ്ദാക്കി.

രേഷ്മയുടെ ആരോപണം

ഇന്റർവ്യൂവിന് നൂറിൽ കിട്ടിയ മാർക്കിനെ ആറുകൊണ്ട് ഗുണിച്ചശേഷം, ആകെ മാർക്ക് കണക്കാക്കാതെ റാങ്ക് ലിസ്റ്റ് തയ്യാറാക്കിയതാണ് മൂന്നാം റാങ്കുകാരന്റെ നിയമനത്തിന് ഇടയാക്കിയതെന്ന് രേഷ്മ ആരോപിച്ചു. മാനദണ്ഡങ്ങൾ പാലിക്കാതെ അശാസ്ത്രീയമായി മാർക്ക് കണക്കാക്കിയെന്നും രേഷ്മയും പിതാവ് രാജുവും ആരോപിച്ചു.

ഇന്റർവ്യൂവിന്റെ മാർക്കിന്റെ ശരാശരി കണക്കാക്കിയതിൽ പി.എസ്.സിക്കുണ്ടായ പിഴവാണ് പശീലനത്തിൽ ദേശീയ തലത്തിൽ മൂന്നും സംസ്ഥാന തലത്തിൽ രണ്ടും റാങ്ക് നേടിയ എന്നെ അയോഗ്യയാക്കിയതിന് കാരണം

- രേഷ്മ രാജ്

Advertisement
Advertisement