അരുന്ധതി റോയിക്ക് പെൻ പിന്റർ പുരസ്‌കാരം

Friday 28 June 2024 12:44 AM IST

ന്യൂയോർക്ക്: എഴുത്തുകാരിയും ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിക്ക് പെൻ പിന്റർ പുരസ്‌കാരം. നോബൽ സമ്മാന ജേതാവായ നാടകകൃത്ത് ഹാരോൾഡ് പിന്ററിന്റെ സ്മരണയ്ക്കായി വർഷംതോറും നൽകിവരുന്ന പുരസ്കാരമാണിത്. ഒക്ടോബർ 10ന് ബ്രിട്ടീഷ് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം സമ്മാനിക്കും. പാരിസ്ഥിതിക മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള ഇടപെടലുകളെ പുരസ്കാര നിർണയ സമിതി പ്രശംസിച്ചു. അരുന്ധതി റോയ് സ്വാതന്ത്ര്യത്തിന്റെയും നീതിയുടെയും ശബ്ദമാണെന്നും അവർ അനീതിയുടെ കഥകൾ വിവേകത്തോടെയും സൗന്ദര്യത്തോടെയും പറയുന്നു എന്നും ജൂറി അംഗങ്ങൾ പ്രശംസിച്ചു. പുരസ്കാരം ലഭിച്ചതിൽ സന്തോഷമുണ്ടെന്ന് അരുന്ധതി റോയി പ്രതികരിച്ചു. 14 വർഷം മുമ്പുള്ള പ്രസംഗത്തിന്റെ പേരിൽ

അരുന്ധതി റോയിക്കെതിരെ യു.എ.പി.എ ചുമത്താൻ അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയതിനുപിന്നാലെയാണ് പുരസ്‌കാരം നേടുന്നത്.

യു.കെ, റിപ്പബ്ലിക് ഒഫ് അയർലൻഡ്, കോമൺവെൽത്ത് , മുൻ കോമൺവെൽത്ത് രാജ്യങ്ങളിൽ നിന്നുള്ള എഴുത്തുകാർക്കാണ് പെൻ പിന്റർ പുരസ്‌കാരം നൽകിവരുന്നത്. ഇംഗ്ലീഷ് പെൻ അദ്ധ്യക്ഷൻ റൂത്ത് ബോർത്ത്‌വിക്ക്, നടൻ ഖാലിദ് അബ്ദല്ല, എഴുത്തുകാരൻ റോജർ റോബിൻസൺ എന്നിവരായിരുന്നു ജൂറി അംഗങ്ങൾ. മിഷേൽ റോസെൻ, മലോറി ബ്ലാക്മാൻ, മാർഗരറ്റ് അറ്റ്‌വുഡ്, സൽമാൻ റുഷ്ദി തുടങ്ങിയവരാണ് അരുന്ധതിക്കുമുമ്പ് പെൻ പിന്റർ പുരസ്‌കാരം നേടിയവർ.

' ലോകം അഭിമുഖീകരിച്ച നിരവധി പ്രതിസന്ധികളിലും ഇരുട്ടിലും ഒരു നക്ഷത്രമായിരുന്നു അരുന്ധതിയുടെ കൃതികൾ'

പെൻ പിന്റർ ജൂറി

Advertisement
Advertisement