നീറ്റ് ഒ.എം.ആർ ഷീറ്റ്: എൻ.ടി.എയുടെ മറുപടി തേടി സുപ്രീംകോടതി

Friday 28 June 2024 1:02 AM IST

ന്യൂഡൽഹി: ഇക്കൊല്ലത്തെ നീറ്ര് യു.ജി പരീക്ഷയിൽ ഉത്തരം മാർക്ക് ചെയ്‌ത ഒ.എം.ആർ ഷീറ്റുകൾ ലഭ്യമാക്കുന്നില്ലെന്ന പരാതിയിൽ ദേശീയ ടെസ്റ്റിംഗ് ഏജൻസിയോട് (എൻ.ടി.എ) മറുപടി തേടി സുപ്രീംകോടതി. ഒരുകൂട്ടം വിദ്യാർത്ഥികളുടെയും കേരളത്തിലെ ലേണേഴ്സ് ആപ്പായ സൈലത്തിന്റെയും പരാതിയിലാണ് നടപടി.

ഉത്തരസൂചികയുമായി തട്ടിച്ചുനോക്കുമ്പോൾ മാർക്ക് കണക്കുകൂട്ടിയതിൽ പൊരുത്തക്കേടുകളെന്നും ഹർജിയിൽ ആരോപിക്കുന്നു. ഹർജി ഇന്നലെ പരിഗണിച്ച ജസ്റ്റിസുമാരായ മനോജ് മിശ്രയും എസ്.വി.എൻ ഭട്ടിയും അടങ്ങിയ ബെ‌ഞ്ച്, എൻ.ടി.എയ്‌ക്ക് നോട്ടീസ് അയയ്ക്കാൻ ഉത്തരവിട്ടു. ഒ.എം.ആർ ഷീറ്റുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് പരാതിയുന്നയിക്കാൻ പ്രത്യേക സമയപരിധി എൻ.ടി.എ വച്ചിട്ടുണ്ടോയെന്ന് കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ അടക്കം ജൂലായ് എട്ടിനകം എൻ.ടി.എ മറുപടി സമർപ്പിക്കണം. നീറ്റ് യു.ജി പരീക്ഷയുമായി ബന്ധപ്പെട്ട എല്ലാ ഹർജികളും ജൂലായ് എട്ടിന് പരിഗണിക്കും.

 കോച്ചിംഗ് സെന്ററിനോട് ചോദ്യം

കോച്ചിംഗ് സെന്ററുകൾ നടത്തുന്ന സൈലത്തിന്റെ എന്ത് മൗലികാവകാശമാണ് ലംഘിക്കപ്പെട്ടതെന്ന് കോടതി ആരാഞ്ഞു. പരിശീലനം നൽകുകയെന്ന സേവനം അവസാനിക്കുന്നതോടെ കോച്ചിംഗ് സെന്ററുകളുടെ ഉത്തരവാദിത്വം പൂർത്തിയായെന്നും നിരീക്ഷിച്ചു. പരീക്ഷയെഴുതിയ നാല് വിദ്യാർത്ഥികൾ ഹർജിയിൽ കക്ഷികളാണെന്ന് സൈലത്തിന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ ആർ. ബസന്ത് അറിയിച്ചു. അവർക്ക് ഉത്തരം മാർക്ക് ചെയ്‌ത ഒ.എം.ആർ ഷീറ്റ് പരിശോധിക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. അവ ലഭിച്ചിട്ടില്ല. ഈ വാദത്തെ എൻ.ടി.എയുടെ അഭിഭാഷകൻ വർദ്ധ്മാൻ കൗശിക് തള്ളി. ഒ.എം.ആർ ഷീറ്റുകൾ ഇതിനോടകം അപ്‌ലോഡ് ചെയ്‌തെന്ന് വ്യക്തമാക്കി.

ഒ.എം.ആർ ഷീറ്റ് അപ്‌ലോഡ് ചെയ്യുകയും അതിൽ പരാതി ഉയരുകയും ചെയ്‌താൽ അത് ഉന്നയിക്കാൻ സാധാരണനിലയിൽ സമയപരിധി നൽകേണ്ടതാണെന്ന് കോടതി നിരീക്ഷിച്ചു. അക്കാര്യം പരിശോധിച്ച് അറിയിക്കാമെന്ന് എൻ.ടി.എയുടെ അഭിഭാഷകൻ മറുപടി നൽകി. പരാതിയുന്നയിക്കാൻ പ്രത്യേക നടപടിക്രമങ്ങൾ നിലവില്ലെന്ന് സൈലം വ്യക്തമാക്കി.

Advertisement
Advertisement