നീറ്റ് ഇന്ന് പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം

Friday 28 June 2024 1:09 AM IST

ന്യൂഡൽഹി:പാർലമെന്റിന്റെ ഇരു സഭകളും ഇന്ന് ചർച്ചകളിലേക്ക് കടക്കാനിരിക്കെ നീറ്റ് വിഷയം ഉന്നയിക്കാൻ പ്രതിപക്ഷം. നീറ്റ് സഭ നിർത്തി ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെടുന്ന അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നൽകും. അനുമതി ലഭിച്ചില്ലെങ്കിൽ സഭയിൽ പ്രതിഷേധിക്കാനും നീക്കമുണ്ട്.

രാഷ‌്‌ട്രപതിയുടെ പ്രസംഗത്തിന്റെ നന്ദി പ്രമേയ ചർച്ചയിൽ വിഷയം ഉന്നയിക്കാനും ഇന്നലെ കോൺഗ്രസ് അദ്ധ്യക്ഷൻ മല്ലികാർജ്ജുന ഖാർഗെയുടെ വസതിയിൽ ചേർന്ന 'ഇന്ത്യ' മുന്നണി യോഗം തീരുമാനിച്ചു. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നീറ്റ് ഉന്നയിക്കും.

പണപ്പെരുപ്പം, തൊഴിലില്ലായ്മ, കർഷകർക്ക് താങ്ങുവില, അഗ്‌നിവീർ പദ്ധതി പിൻവലിക്കൽ, സി.ബി.ഐ, ഇഡി, ഗവർണറുടെ ഓഫീസ് ദുരുപയോഗം എന്നിവയും പ്രതിപക്ഷം ഉന്നയിക്കും. തിങ്കളാഴ്ച പാർലമെന്റ് സമുച്ചയത്തിലെ ഗാന്ധി പ്രതിമയ്ക്ക് മുന്നിൽ പ്രതിഷേധിക്കാനും തീരുമാനിച്ചു.

സ്‌പീക്കറെ അതൃപ്തി അറിയിച്ച് രാഹുൽ

സ്‌‌പീക്കറായി തിരഞ്ഞെടുക്കപ്പെട്ട ശേഷം നടത്തിയ പ്രസംഗത്തിൽ അടിയന്തരാവസ്ഥ പരാമർശിച്ചതിലുള്ള അതൃപ്‌തി ഒാം ബിർളയെ അറിയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. പ്രതിപക്ഷ നേതാക്കൾ സ്‌പീക്കറുടെ ചേംബറിൽ നടത്തിയ യോഗത്തിലാണിത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട സ്‌പീക്കർ അടിയന്തരാവസ്ഥയുമായി ബന്ധപ്പെട്ട 'രാഷ്ട്രീയ പരാമർശം' നടത്തിയത് ഞെട്ടിപ്പിക്കുന്നതും പാർലമെന്ററി പാരമ്പര്യങ്ങളെ അപഹസിക്കുന്നതുമാണെന്ന് രാഹുൽ ചൂണ്ടിക്കാട്ടി. അത് ഒഴിവാക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

വിഷയത്തിൽ അതൃപ്‌തി പ്രകടിപ്പിച്ച് കോൺഗ്രസ് എംപി കെ.സി വേണുഗോപാൽ ഓം ബിർളയ്ക്ക് കത്തയച്ചു.

Advertisement
Advertisement