കനത്ത മഴയില്‍ ന്യൂഡല്‍ഹി വിമാനത്താവളത്തിന്റെ മേല്‍ക്കൂര നിലംപൊത്തി; ആറ് പേര്‍ക്ക് പരിക്ക്, നിരവധി വാഹനങ്ങള്‍ തകര്‍ന്നു

Friday 28 June 2024 8:20 AM IST

ന്യൂഡല്‍ഹി: കനത്ത മഴ തുടരുന്നതിനിടെ ന്യൂഡല്‍ഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്ന് വീണു. സംഭവത്തില്‍ ആറ് പേര്‍ക്ക് പരിക്കേല്‍ക്കുകയും മൂന്ന് കാറുകള്‍ തകരുരകയും ചെയ്തു. നിരവധി വാഹനങ്ങള്‍ക്ക് കേടുപാട് സംഭവിച്ചിട്ടുണ്ട്. വെള്ളിയാഴ്ച പുലര്‍ച്ചെ അഞ്ചര മണിയോടെയാണ് അപകടം സംഭവിച്ചത്.

വിമാനത്താവളത്തിന്റെ ഒന്നാമത്തെ ടെര്‍മിനലിലാണ് അപകടം സംഭവിച്ചത്. മേല്‍ക്കൂരയും അത് താങ്ങി നിര്‍ത്തിയിരുന്ന തൂണും നിലത്തേക്ക് പതിക്കുകയായിരുന്നു. നിലവില്‍ ഒന്നാമത്തെ ടെര്‍മിനല്‍ താത്കാലികമായി അടച്ചിട്ടു. ഇവിടെ നിന്നുള്ള ചെക്കിന്‍, സര്‍വീസുകള്‍ തുടങ്ങിയവയും സുരക്ഷാ കാരണങ്ങള്‍ മുന്‍നിര്‍ത്തി സസ്‌പെന്‍ഡ് ചെയ്തിരിക്കുകയാണ്.

വിമാനത്താവളത്തിലെ അപകടത്തിന് പിന്നാലെ അഗ്നിശമന സേനയുടെ മൂന്ന് യൂണിറ്റുകള്‍ സ്ഥലത്ത് എത്തി രക്ഷാപ്രവര്‍ത്തനം നടത്തി. തൂണ് തകര്‍ന്ന് വീണ കാറിനുള്ളില്‍ ഉണ്ടായിരുന്ന ഒരാളെ സ്ഥലത്ത് നിന്ന് രക്ഷപ്പെടുത്തി.

സംഭവത്തെ കുറിച്ച് നിരീക്ഷിച്ച് വരികയാണെന്നും പരിക്കേറ്റ മുഴുവന്‍ ആളുകളേയും ആശുപത്രിയില്‍ എത്തിച്ചുവെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാം മോഹന്‍ നായിഡു കിഞ്ജാരപ്പു സമൂഹമാദ്ധ്യമമായ എക്‌സില്‍ കുറിച്ചു. കനത്ത മഴയെ തുടര്‍ന്നാണ് മേല്‍ക്കൂര തകര്‍ന്ന് വീണതെന്ന് ഡല്‍ഹി എയര്‍പോര്‍ട്ട് അധികൃതരും സ്ഥിരീകരിച്ചു.

വ്യാഴാഴ്ച രാത്രി മുതല്‍ പെയ്യുന്ന കനത്ത മഴയില്‍ ഡല്‍ഹിയില്‍ പല പ്രദേശങ്ങളിലും വെള്ളം കയറി. ആര്‍.കെ പുരം, മോത്തി നഗര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ വെള്ളം കയറി. കനത്ത മഴയെ തുടര്‍ന്ന് രാജ്യതലസ്ഥാനത്ത് പല സ്ഥലങ്ങളിലും ഗതാഗതക്കുരുക്ക് രൂക്ഷമാണ്.

Advertisement
Advertisement