നിറുത്തിയിട്ടിരുന്ന ട്രക്കിൽ മിനിബസ് ഇടിച്ചുകയറി; പതിമൂന്നുപേർ മരിച്ചു, രണ്ടുപേർക്ക് ഗുരുതരം

Friday 28 June 2024 11:16 AM IST

ഗുണ്ടേനഹള്ളി (കർണാടക): റോഡുവക്കിൽ നിറുത്തിയിട്ടിരുന്ന ട്രക്കിൽ നിയന്ത്രണം വിട്ട മിനിബസ് ഇടിച്ചുകയറി പതിമൂന്നുപേർ മരിച്ചു. കർണാടകയിൽ പൂനെ- ബംഗളൂരു ഹൈവേയിൽ ഹവേരി ജില്ലയിലെ ഗുണ്ടേനഹള്ളിയിൽ ഇന്ന് പുലർച്ചെ നാലുമണിയോടെയായിരുന്നു അപകടം. പതിനൊന്നുപേർ തൽക്ഷണവും രണ്ടുപേർ ആശുപത്രിയിലുമാണ് മരിച്ചത്. പരിക്കേറ്റ നാലുപേരിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. ശിവമോഗ സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. ബെലഗാവ് ജില്ലയിൽ തീർത്ഥാടനത്തിന് പോയി മടങ്ങുമ്പോഴായിരുന്നു അപകടം..

അപകട കാരണം വ്യക്തമല്ല. മിനിബസിന്റെ ഡ്രൈവർ ഉറങ്ങിപ്പോയതാവാം കാരണമെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ട്രക്ക് ഏറക്കുറെ പൂർണമായും തകർന്നിട്ടുണ്ട്. ശബ്ദവും നിലവിളിയും കേട്ട് ഓടിയെത്തിയ നാട്ടുകാരും രക്ഷാപ്രവർത്തകരും മറ്റുവാഹനങ്ങളിലെ യാത്രക്കാരും ചേർന്ന് ഏറെ പണിപ്പെട്ടാണ് മിനിബസിനുള്ളിൽ കുടങ്ങിയവരെ പുറത്തെടുത്തത്. അപ്പോഴേക്കും പതിനൊന്ന് പേരും മരിച്ചിരുന്നു. പലരുടെയും മൃതദേഹങ്ങൾ ചതഞ്ഞതരഞ്ഞ നിലയിലായിരുന്നു. നല്ലവേഗത്തിലായിരുന്നു മിനി ബസ് എന്നാണ് കരുതുന്നത്.

അപകടത്തിന്റെ കാരണം കണ്ടെത്താൻ സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നുണ്ട്. അപകടത്തെക്കുറിച്ച് മോട്ടോർവാഹന വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഉന്നത ഉദ്യോഗസ്ഥർ സംഭവസ്ഥലത്ത് എത്തിയിട്ടുണ്ട്. മിനിബസിന്റെ ഡ്രൈവർക്ക് ജീവഹാനി ഉണ്ടായിട്ടുണ്ടോ എന്ന് വ്യക്തമല്ല.

Advertisement
Advertisement