'ഇങ്ങനെ പോയാൽ 2030ഓടെ ഇന്ത്യക്കാർ മുഴുവൻ രോഗികളാകും, പ്രത്യേകിച്ച് സ്‌ത്രീകൾ'; മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന

Friday 28 June 2024 11:16 AM IST

ഇന്ത്യക്കാരിൽ പകുതിയോളം പേരും കായിക അധ്വാനമില്ലാതെ മടിയന്മാരാകുന്നുവെന്ന് ലോകാരോഗ്യ സംഘടന. പുരുഷന്മാരേക്കാൾ സ്‌ത്രീകളാണ് കായികാധ്വാനത്തിൽ ഏർപ്പെടാത്തവരിൽ മുന്നിലെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്. ആഗോളതലത്തിൽ പരിശോധിക്കുമ്പോൾ 31 ശതമാനം ജനങ്ങളാണ് വ്യായാമം ഇല്ലാതിരിക്കുന്നത്. എന്നാൽ, ഇന്ത്യയിൽ ഇത് 49.4 ശതമാനമാണെന്ന് ലോകാരോഗ്യ സംഘടന പുറത്തിറക്കിയ റിപ്പോർട്ടിൽ പറയുന്നു. ലാൻസെറ്റ് ഗ്ലോബൽ ഹെൽത്ത് ജേണലിലാണ് പഠന റിപ്പോർട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്.

ഇന്ത്യയിൽ ശാരീരികാധ്വാനത്തിൽ ഏർപ്പെടാത്തവരുടെ എണ്ണം 2000ൽ 22.3 ശതമാനമായിരുന്നു. എന്നാൽ, 2022 ആയപ്പോൾ അത് 45.4 ശതമാനമായി ഉയർന്നു. ഇപ്പോഴത് വീണ്ടും ഉയർന്നിരിക്കുകയാണ്. ഇതേ സ്ഥിതി തുടർന്നാൽ, 2030 ആകുമ്പോൾ രാജ്യത്തെ 59.9 ശതമാനം പേരും കായികാധ്വാനമില്ലാത്തതിന്റെ വെല്ലുവിളികൾ നേരിടേണ്ടി വരും.

ഇത് ഇന്ത്യക്കാരെ വിവിധ രോഗങ്ങളിലേക്ക് നയിക്കും. കൂടാതെ ശരീരഭാരം കൂടുകയും മാനസികമായി പോലും വെല്ലുവിളികൾ നേരിടുന്ന അവസ്ഥയിലേക്ക് എത്തിക്കുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഹൃദ്രോഗം, കാൻസർ, ടൈപ്പ് 2 പ്രമേഹം, ഡിമെന്‍ഷ്യ എന്നിവ പിടിപെടാനും മടി കാരണമാകുന്നു. അതിനാൽ, പ്രായപൂർത്തിയായവർ ആഴ്‌ചയിൽ കുറഞ്ഞത് 150 മിനിട്ട് വരെ വ്യായാമം ചെയ്യണം. കഠിനമായ വ്യായാമങ്ങൾ 75 മിനിട്ട് വരെ ചെയ്യണമെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരിക്കുന്നു.

ഉയർന്ന വരുമാനമുള്ള ഏഷ്യ - പസഫിക് മേഖലയിലെ ജനങ്ങളിലാണ് ശാരീരികാധ്വാനം ഏറ്റവും കുറവെന്നും റിപ്പോര്‍ട്ടിൽ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ആഗോളതലത്തിൽ പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് കായികാധ്വാനം കുറവ്. പുരുഷന്‍മാരിലിത് 29 ശതമാനമാണെങ്കില്‍ സ്ത്രീകളില്‍ 34 ശതമാനമാണെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. 60 വയസിന് മുകളില്‍ പ്രായമുള്ളവരിലും കായികാധ്വാനം വളരെ കുറവാണ്. പ്രായമായവരില്‍ ശാരീരികാധ്വാനമുള്ള പ്രവര്‍ത്തനങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കി.

ഈ പുതിയ കണ്ടെത്തലുകൾ ക്യാൻസറും ഹൃദ്രോഗ സാദ്ധ്യതയും കുറയ്ക്കാനും, ശാരീരിക പ്രവർത്തനങ്ങള്‍ വർദ്ധിപ്പിക്കുന്നതിലൂടെ മാനസികാരോഗ്യവും ക്ഷേമവും മെച്ചപ്പെടുത്താനുമുള്ള ഒരു അവസരമായി കാണണമെന്നാണ് ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ഡോ. ടെഡ്രോസ് അദാനോം ഗെബ്രിയേസസ് പറഞ്ഞത്.

Advertisement
Advertisement