മൂല്യം 212 കോടി, കണ്ണഞ്ചിപ്പിക്കുന്ന വാസ്തുവിദ്യ; ലണ്ടനിലെ ആഡംബര സൗധത്തിന്റെ ഉടമ മലയാളികളുടെ പ്രിയതാരം

Friday 28 June 2024 11:19 AM IST

ഇന്ത്യയ്ക്ക് പുറത്തും ലക്ഷകണക്കിന് ആരാധകരുളള ബോളിവുഡ് നടനാണ് ഷാരുഖ് ഖാൻ. 58കാരനായ താരം ഇപ്പോഴും യുവാക്കളുടെ പ്രിയ നടനാണ്. ലോകത്തെ സമ്പന്നാരായ നടൻമാരുടെ പട്ടികയിൽ ഇടംപിടിച്ച ഷാരൂഖ് ഖാന്റെ ലണ്ടനിലെ വീടാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാകുന്നത്. ലണ്ടന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന ഈ മനോഹര സൗധത്തിലാണ് താരവും കുടുംബവം അവധിക്കാലം ആഘോഷിക്കാറുളളത്.

ലണ്ടനിലെത്തുന്ന വിനോദസഞ്ചാരികൾക്കും ഇതൊരു ആകർഷണകേന്ദ്രമായി മാറിയിട്ടുണ്ട്. ഷാരുഖ് ഖാന്റെ ആരാധകൻമാരിലൊരാളാണ് കെട്ടിടത്തിന്റെ വീഡിയോ പങ്കുവച്ചിരിക്കുന്നത്. കുറച്ച് സെക്കൻഡുകൾ മാത്രമാണ് വീഡിയോയുടെ ദൈർഘ്യം. ലണ്ടനിലെ ആഡംബര കെട്ടിടങ്ങൾ സ്ഥിതി ചെയ്യുന്ന പ്രദേശത്താണ് താരത്തിന്റെ വീടുളളത്. 20 മില്യൺ പൗണ്ട് (ഏകദേശം 212 കോടി രൂപ) ചെലവഴിച്ചാണ് കെട്ടിടം നിർമിച്ചിരിക്കുന്നത്.

ആദ്യമായാണ് ഒരു ബോളിവുഡ് നടൻ വലിയ ചെലവിൽ വിദേശത്ത് ഒരു വീട് സ്വന്തമാക്കുന്നത്. 117 പാർക്ക് ലെയ്ൻ, ലണ്ടൻ. w1k 7എഎച്ച് എന്നാണ് വീടിന്റെ പേര്. അതേസമയം, കെട്ടിടത്തിന്റെ പൂർണ അവകാശം താരത്തിനുളളതല്ലെന്നും താഴത്തെ നിലയിലെ ഒരു അപ്പാർട്ട്‌മെന്റിന്റെ ഉടമസ്ഥാവകാശം മാത്രമേയുളളൂവെന്നാണ് ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നത്.

വീഡിയോയ്ക്ക് വിവിധ തരത്തിലുളള പ്രതികരണങ്ങളാണ് ലഭിച്ചുക്കൊണ്ടിരിക്കുന്നത്. ഇത് ഷാരൂഖ് ഖാന്റെ ലണ്ടനിലുളള വീടുകളിൽ ഒന്ന് മാത്രമാണ്. മേഫെയറിൽ അദ്ദേഹത്തിന് ഒരുപാട് വീടുകളുണ്ട്. 2000ന്റെ തുടക്കത്തോടെ സഹപ്രവർത്തകയും നടിയുമായ ജൂഹി ചൗളയോടൊപ്പം കുറച്ച് ഭുമി വാങ്ങിയിട്ടുണ്ടെന്നും ഒരാൾ പ്രതികരിച്ചു.

അതേസമയം, ഷാരൂഖ് ഖാന്റെ അമേരിക്കയിലെ കാലിഫോർണിയയിലെ ബെവർലി ഹിൽസിലെ ഒരു കെട്ടിടത്തിന്റെ വീഡിയോയും വൈറലായിരുന്നു. ആഡംബര കെട്ടിടത്തിന്റെ മൂന്ന് മുറികളുടെയും ആറ് ബാത്ത്റൂമുകളുടെയും ദൃശ്യങ്ങൾ മാത്രമാണ് അന്ന് പുറത്തുവന്നത്. അവിടെ ഒരു രാത്രി ചെലവഴിക്കാൻ രണ്ട് ലക്ഷം രൂപയാണ് വാടകയായി നൽകേണ്ടത്.

2009ൽ മാഞ്ചസ്​റ്റ് ഈവനിംഗ് ന്യൂസ് പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്ത്യയ്ക്ക് പുറത്ത് ഏ​റ്റവും കൂടുതൽ സ്വത്തുളള പട്ടികയിൽ ഇടംപിടിച്ച ബോളിവുഡ് നടനും കൂടിയാണ് ഷാരൂഖ് ഖാൻ.