ഗൂഗിളിനെ നയിക്കുന്ന സുന്ദർ പിച്ചയെ വരെ പിന്നിലാക്കിയ ഇന്ത്യക്കാരി; യുഎസ് ബിസിനസ് ലോകത്തിലെ താരം, ആരാണ് ജയശ്രീ?

Friday 28 June 2024 12:17 PM IST

ബിസിനസിൽ മികച്ച വിജയം സ്വന്തമാക്കിയ ഒട്ടേറെ വ്യവസായികൾ ലോകത്തുണ്ട്. ഇപ്പോഴിതാ ലോകത്തിന്റെ മുഴുവൻ ശ്രദ്ധയെത്തിയിരിക്കുന്ന ഒരു ബിസിനസുകാരിയുടെ വിശേഷങ്ങളാണ് വിവരങ്ങളാണ് പുറത്തുവരുന്നത്. അമേരിക്കൻ കമ്പ്യൂട്ടർ നെറ്റ്‌വർക്കിംഗ് കമ്പനിയായ അരിസ്റ്റ നെറ്റ്‌വർക്ക്സിന്റെ സിഇഒയും ചെയർമാനുമായ 63കാരിയായ ജയശ്രീ വി ഉളളാലാണ് താരം. 2023ൽ പുറത്തുവന്ന കണക്കുകൾ അനുസരിച്ച് അമേരിക്കയിലെ ഏ​റ്റവും വലിയ ധനികരിൽ ഒരാളായ സ്ത്രീ കൂടിയാണ് ജയശ്രീ.

അരിസ്റ്റ നെറ്റ്‌വർക്ക്സിന്റെ 2.4 ശതമാനം ആസ്തിയുടെ ഉടമ കൂടിയാണ് ജയശ്രീ. ഈ സ്വത്ത് തന്റെ കുടുംബത്തിനുകൂടി അവകാശപ്പെട്ടതാണെന്നും അവർ അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. നിലവിൽ ജയശ്രീയുടെ ആകെ ആസ്തി 2,80,00 കോടി രൂപയാണ്. ഇത് മൈക്രോസോഫ്​റ്റ് സിഇഒ സത്യ നദെല്ലയെക്കാളും ഗൂഗിൾ സിഇഒ സുന്ദർ പിച്ചയുടെ ആസ്തിയെക്കാളും കൂടുതലാണ്. അവരുടെ ആസ്തി യഥാക്രമം 7,500 കോടി, 5,400 കോടി എന്നിങ്ങനെയാണ്.


ധനികരുടെ പട്ടികയിൽ ഇടംപിടിച്ച ജയശ്രീ 1961 മാർച്ച് 27ന് ലണ്ടനിലാണ് ജനിച്ചത്. ചെറുപ്പകാലം കൂടുതലും ചെലവഴിച്ചത് ഡൽഹിയിലായിരുന്നു. ഡൽഹിയിലെ പ്രസിദ്ധ സ്‌കൂളായ കോൺവെന്റ് ഓഫ് ജീസസ് ആൻഡ് മേരിയിലാണ് പഠനകാലം ചെലവഴിച്ചത്. ഇവരുടെ മാതാപിതാക്കൾ ഇന്ത്യൻ വംശജരായ ഹിന്ദുക്കളാണ്. സാന്റാ ക്ലാരാ യൂണിവേഴ്സി​റ്റിയിൽ നിന്നും എഞ്ചിനീയറിംഗ് മാനേജ്‌മെന്റിൽ ബിരുദവും സാൻഫ്രാൻസിസ്‌കോ സ്‌​റ്റേ​റ്റ് യൂണിവേഴ്സി​റ്റിയിൽ നിന്നും എഞ്ചിനീയറിംഗിന് ബിരുദവും നേടി.

സിസ്‌കോയിലെ പത്ത് ബില്യൺ ഡോളറിന്റെ ഒരു വ്യവസായ സംരഭത്തിലും ജയശ്രീ മേൽനോട്ടം വഹിച്ചിട്ടുണ്ട്. 30 വർഷത്തെ പ്രവൃത്തി പരിചയമുളള ജയശ്രീ 2008ലാണ് അരിസ്​റ്റയിൽ സിഇഒ ആയി അധികാരമേ​റ്റത്. 2014ൽ കമ്പനിയുടെ ഐപിഒ ആയും നിയമിതയായി.

Advertisement
Advertisement