ജീവിക്കാൻ ഏറ്റവും നല്ല അറബ് നഗരം, പ്രവാസികൾ ഉൾപ്പടെയുള്ള ഇന്ത്യക്കാർക്ക് പറയാനുള്ള കാരണങ്ങൾ

Friday 28 June 2024 12:58 PM IST

ലോകത്തെ ചില രാജ്യങ്ങളിൽ ഒരുദിവസം പോയിട്ട് ഒരു മണിക്കൂർ പോലും ജീവിക്കാനാവില്ല. എന്നാൽ മറ്റുചിലയിടങ്ങളിൽ അതല്ല സ്ഥിതി. എത്രനാൾ താമസിച്ചാലും മതിയാവില്ല. അടിസ്ഥാന സൗകര്യങ്ങൾ, കുറ്റകൃത്യങ്ങളുടെ കുറവ്, കാലാവസ്ഥ തുടങ്ങിയ നിരവധി കാരണങ്ങൾ ഇതിനുണ്ടാവും. തങ്ങൾക്ക് അനുയോജ്യമായ എല്ലാ സാഹചര്യങ്ങളും ഒന്നിച്ചുചേരുമ്പോൾ മാറ്റുരാജ്യങ്ങളിൽ നിന്നുളള വൻ ബിസിനസുകാരും സെലിബ്രിറ്റികളും ഉൾപ്പടെ ആ രാജ്യത്ത് താമസിക്കാൻ മത്സരിച്ചെത്തും. അതോടെ ആ രാജ്യവും ബിസിനസുകാർക്ക് ഇഷ്ടപ്പെടുന്ന നഗരങ്ങളും കൂടുതൽ പ്രശസ്തമാകും.

ദുബായിയും അബുദാബിയും

ആഗോളതലത്തിൽ ഏറ്റവും താമസയോഗ്യമായ നഗരങ്ങളുടെ പട്ടിക (ഗ്ലോബൽ ലിവബിലിറ്റി) ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റ് പുറത്തിറക്കുന്നുണ്ട്. ലോകത്തിലാകെയുളള 173 നഗരങ്ങളെ ഉൾപ്പെടുത്തിയുള്ള പട്ടികയിൽ വിയന്നയാണ് ലോകത്തിലെ ഏറ്റവും താമസയോഗ്യമായ നഗരം. നൂറിൽ 98.4മാർക്ക് നേടിയാണ് വിയന്ന പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയത്.

മലയാളികളുടെ പ്രിയപ്പെട്ട നഗരമായ അബുദാബിയും ദുബായിയും പട്ടികയിൽ നില കാര്യമായി മെച്ചപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. നിലവിൽ അബുദാബി 76ാം സ്ഥാനത്തും ദുബായ് 78ാം സ്ഥാനത്തുമാണുള്ളത്. അബുദാബി 81.7 മാർക്ക് നേടിയപ്പോൾ ദുബായ് 80.8 മാർക്കാണ് നേടിയത്. സുരക്ഷ, സംസ്കാരം, പൊതുഗതാഗതം, പരിതസ്ഥിതി എന്നിവയാണ് അബുദാബിക്ക് തുണയായത്.

ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലെ സുസ്ഥിരമായ നിക്ഷേപം, അടിസ്ഥാന സൗകര്യങ്ങളിൽ ഉണ്ടായ കാര്യമായ വികാസം എന്നിവ നിലമെച്ചപ്പെടുത്തുന്നതിൽ ഗൾഫ് നഗരങ്ങളെ സഹായിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തൽ.

തൊഴിലവസരങ്ങൾ

ലോകത്തെ വൻകിട വിദ്യാഭ്യാസ സ്ഥാപനങ്ങളുമായുളള പങ്കാളിത്തം യുഎയിലെ വിദ്യാഭ്യാസ നിലവാരം കാര്യമായി ഉയർത്തിയിട്ടുണ്ട്. ഇതിനൊപ്പം തൊഴിലവസരങ്ങളുടെ വൈവിദ്ധ്യവത്കരണവും യുഎഇ നഗരങ്ങളുടെ നില മെച്ചപ്പെടുത്തുന്നതിന് കാരണമായിട്ടുണ്ട്. സാധാരണക്കാർക്കൊപ്പം പ്രൊഫഷണുകൾ ഏറെ ഇഷ്ടപ്പെടുന്ന അഞ്ചുനഗരങ്ങളുടെ പട്ടികയിലും അബുദാബിയും ദുബായിയും ഇടം പിടിച്ചിട്ടുണ്ട്.

ലോകത്തിലെ ഏറ്റവും മികച്ച പത്ത് സ്മാർട്ട് നഗരങ്ങളുടെ പട്ടികയിലും അബുദാബി ഇടം നേ‌ടി. സ്വിറ്റ്സർലൻഡിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മാനേജ്‌മെന്റ് ഡവലപ്‌മെന്റ് പുറപ്പെടുവിച്ച് സ്മാർട്ട് സിറ്റി സൂചിക പ്രകാരം യുഎഇക്ക് പത്താം സ്ഥാനമാണുള്ളത്. നേരത്തേ ഇത് പതിമൂന്നാമതായിരുന്നു. നഗരങ്ങളുടെ പട്ടികയിൽ റിയാദ്, മക്ക, ജിദ്ദ, ദോഹ, മസ്കറ്റ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്. വ്യക്തികളുടെ ജീവിതനിലവാരം, സാമ്പത്തികാവസ്ഥ, പരിസ്ഥിതി തുടങ്ങിയ ഒട്ടേറെ ഘടകങ്ങൾ നിരീക്ഷിച്ചശേഷമാണ് പട്ടിക തയ്യാറാക്കിയത്.

ഇന്ത്യക്കാർക്ക് പറയാനുള്ളത്

മാരിഗോൾഡ് വെൽത്തിന്റെ സ്ഥാപകനും സിഇഒയുമായ അരവിന്ദ് ദത്ത് അടുത്തിടെ യുഎഇയും പ്രത്യേകിച്ച് ദുബായിയും സ്ഥിരതാമസമാക്കാൻ എന്തുകൊണ്ട് അനുയോജ്യമെന്ന് പറയുന്ന ഒരു എക്സ് പോസ്റ്റ് അടുത്തിടെ പങ്കിട്ടിരുന്നു. കുറ്റകൃത്യങ്ങളുടെ കുറവും. സ്ത്രീ സുരക്ഷയും അദ്ദേഹം എടുത്തുകാട്ടിയിരുന്നു. ഇതിനൊപ്പം അടിസ്ഥാന സൗകര്യങ്ങളിലെ മികവും ചൂണ്ടിക്കാണിച്ചിരുന്നു. ഇതിനെ പിന്തുണച്ച് നിരവധി പേരാണ് രംഗത്തെത്തിയത്.

ബിസിനസ് തുടങ്ങാൻ ഏറ്റവും നല്ല സ്ഥലവും ദുബായ് ആണെന്നും പോസ്റ്റിൽ പറയുന്നുണ്ട്. ബിസിനസ് ആരംഭിക്കണമെങ്കിൽ ലൈസൻസിന് അപേക്ഷിക്കണം. അവർ ആവശ്യപ്പെട്ട രേഖകൾ നൽകി ഫീസടച്ചാൽ ഏതാനും മണിക്കൂറുകൾക്കുള്ളിൽ ലൈസൻസ് ലഭിക്കും. കൈക്കൂലിവേണ്ട, ഉന്നതരുടെ വിളിച്ചുപറയൽ വേണ്ട. ഇങ്ങനെ ദുബായിക്ക് ഗ്രേസ് മാർക്ക് വൻതോതിൽ ലഭിക്കുമ്പോഴും രാജ്യത്തെ വൻ ചൂടിന്റെ പ്രശ്നം ചിലർ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Advertisement
Advertisement