ബുള്ളറ്റ് ട്രെയിന്‍ പദ്ധതി കൂടുതല്‍ നഗരങ്ങളിലേക്ക്, മെട്രോയും വന്ദേമെട്രോയും വ്യാപിപ്പിക്കും, ഇന്ത്യന്‍ റെയില്‍വേ ആളാകെ മാറും

Friday 28 June 2024 1:44 PM IST

ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യത്തെ ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയായ മുംബയ് - അഹമ്മദാബാദ് റൂട്ടിലെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അതിവേഗം മുന്നോട്ട് കുതിക്കുകയാണ്. ബുള്ളറ്റ് ട്രെയിന്‍ പദ്ധതി രാജ്യത്തെ കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്നതിനുള്ള ആലോചന സര്‍ക്കാരിന് ഉണ്ടെന്ന് വ്യക്തമാക്കുകയാണ് രാഷ്ട്രപതി ദ്രൗപതി മുര്‍മു. പാര്‍ലമെന്റിലെ ഇരുസഭകളേയും അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് രാഷ്ട്രപതി ഇക്കാര്യം പറഞ്ഞത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള നഗരങ്ങളെ ബന്ധിപ്പിക്കുകയും ഇവിടങ്ങളിലേക്ക് ജനങ്ങള്‍ക്ക് വേഗത്തില്‍ എത്തിച്ചേരാന്‍ കഴിയുന്ന തരത്തില്‍ യാത്രാ സംവിധാനങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു. ഇപ്പോള്‍ നിര്‍മാണം പുരോഗമിക്കുന്ന മുംബയ് - അഹമ്മദാബാദ് റൂട്ടില്‍ വളരെ വേഗത്തിലാണ് പണികള്‍ നടക്കുന്നത്. 508 കിലോമീറ്റര്‍ ദൂരം രണ്ട് മണിക്കൂര്‍ കൊണ്ട് എത്താന്‍ കഴിയുന്നത് വലിയ നാഴികകല്ലാണ്- രാഷ്ട്രപതി പറഞ്ഞു.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയുടെ ആദ്യ ഘട്ടം 2026 ഓഗസ്റ്റില്‍ പൂര്‍ത്തിയാക്കുന്നതരത്തിലാണ് ഇപ്പോള്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നത്. ജനങ്ങള്‍ക്ക് വേണ്ടി ആധുനിക സാങ്കേതികവിദ്യയും സംവിധാനങ്ങളും ഉപയോഗിച്ച് മെച്ചപ്പെട്ട പൊതുഗതാഗത സംവിധാനം ഒരുക്കുന്നതില്‍ സര്‍ക്കാര്‍ വലിയ ചുവടുകളാണ് മുന്നോട്ട് വയ്ക്കുന്നതെന്നും അവര്‍ അഭിപ്രായപ്പെട്ടു. ആഗോള നിലവാരത്തിലുള്ള മുന്നേറ്റമാണ് രാജ്യം ലക്ഷ്യമിടുന്നതെന്നും രാഷ്ട്രപതി കൂട്ടിച്ചേര്‍ത്തു.

ബുള്ളറ്റ് ട്രെയിന്‍ മാത്രമല്ല, കഴിഞ്ഞ പത്ത് വര്‍ഷങ്ങള്‍ക്കിടെ 21 നഗരങ്ങളിലേക്ക് മെട്രോ സര്‍വീസുകള്‍ എത്തി. ഇത് ഇനിയും ഉയരും. കേരളത്തില്‍ തിരുവനന്തപുരം മെട്രോ ഉള്‍പ്പെടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാനിരിക്കുകയാണ്. കോഴിക്കോടും പരിഗണനയിലുണ്ട്. വന്ദേ മെട്രോ എന്ന പേരില്‍ പുതിയ ട്രെയിന്‍ സര്‍വീസും ആരംഭിക്കും. 400 കിലോമീറ്ററില്‍ താഴെ ദൂരത്തിലുള്ള യാത്രകള്‍ക്കായി ഇത് ഉപയോഗിക്കും. അങ്ങനെ വരുമ്പോള്‍ ദീര്‍ഘദൂര ട്രെയിനുകളിലെ തിരക്ക് കുറയുകയും ചെയ്യും.

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിയില്‍ കൂടുതല്‍ നഗരങ്ങളെ ബന്ധിപ്പിക്കുന്ന ഒരു ശൃംഖല തന്നെ റെയില്‍വേ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഡല്‍ഹി- വാരാണസി (813 കി.മീ), ഡല്‍ഹി- അഹമ്മദാബാദ് (878 കി.മീ), മുംബയ്- നാഗ്പൂര്‍ (765 കി.മീ), മുംബയ്- ഹൈദരാബാദ് (671 കി.മീ), ചെന്നൈ- ബംഗളൂരു- മൈസൂര്‍ (435 കി.മീ), ഡല്‍ഹി- ചണ്ഡീഗഢ്- അമൃത്സര്‍ (459 കി.മീ), വാരണസി- ഹൗറ (760 കി.മീ) എന്നിങ്ങനെ ഏഴ് ഇടനാഴികള്‍ നിലവില്‍ പരിഗണനയിലുണ്ടെന്ന് 2022ല്‍ കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു.

ഇന്ത്യന്‍ റെയില്‍വേയുടെ സാങ്കേതിക വിദ്യ അതിവേഗം നവീകരിക്കാന്‍ മൂന്ന് കാര്യങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ഇന്ത്യന്‍ റെയില്‍വേയ്ക്കുള്ള ധനസഹായം വര്‍ധിപ്പിക്കുക, റെയില്‍വേ സാങ്കേതികവിദ്യയുടെ ഭാവി പരിപാലനത്തിനുള്ള ചിട്ടയായ പദ്ധതി, ഇന്ത്യന്‍ റെയില്‍വേ അരാഷ്ട്രീയവല്‍കരിക്കുക എന്നിവയാണത്. ആധുനികവത്കരണത്തിനും നൂതന സാങ്കേതികവിദ്യക്കുമൊപ്പം സുരക്ഷയും എന്നതാണ് റെയില്‍വേ ലക്ഷ്യമിടുന്നത്.

Advertisement
Advertisement