തൃപ്തി തരാത്ത അത്യാഗ്രഹം,

Sunday 30 June 2024 3:00 AM IST

മനുഷ്യജീവിതം നരകതുല്യമാക്കുന്ന ദുശ്ശീലമാണ് അത്യാഗ്രഹം. അത്യാഗ്രഹിക്ക് ഒരിക്കലും ശാന്തിയും സംതൃപ്തിയും അനുഭവിക്കാനാവില്ല. എത്ര കിട്ടിയാലും സമ്പാദിച്ചാലും അവരുടെ ആഗ്രഹങ്ങൾക്ക് അവസാനമുണ്ടാകില്ല. ആഗ്രഹങ്ങൾ നേടിയെടുക്കാൻ അധാർമ്മിക മാർഗങ്ങൾ അവലംബിക്കാനും അവർ മടിക്കാറില്ല. ഫലമോ,​ വലിയൊരു വിഭാഗം ജനങ്ങൾക്ക് ന്യായമായി ലഭിക്കേണ്ടതുപോലും നിഷേധിക്കപ്പെടുന്നു. ഒരു പാവപ്പെട്ട കുട്ടി എല്ലാ ദിവസവും ക്ഷേത്രത്തിൽ ചെന്ന് ഉറക്കെ പ്രാർത്ഥിക്കും- 'ഈശ്വരാ എനിക്ക് നല്ലൊരു കുട കിട്ടണേ." അടുത്തുതന്നെ കുടക്കച്ചവടം നടത്തിക്കൊണ്ടിരുന്ന ഒരു പണക്കാരൻ പതിവായി ഈ പ്രാർത്ഥന കേൾക്കാറുണ്ടായിരുന്നു.

ഒരു ദിവസം അയാൾ കുട്ടിയോടു ചോദിച്ചു: 'നീ എത്ര നാളായി കുടയ്ക്കായി പ്രാർത്ഥിക്കുന്നു. എന്നിട്ടും കിട്ടിയില്ലല്ലോ. ഇനിയെങ്കിലും പ്രാർത്ഥിക്കുന്നത് നിറുത്തിക്കൂടേ?​" കുട്ടി പറഞ്ഞു: 'എന്റെ പ്രാർത്ഥന ഈശ്വരൻ കേൾക്കാത്തതുകൊണ്ടല്ല. എനിക്കുള്ള കുട നിങ്ങളെപ്പോലുള്ള ധനികരുടെ കയ്യിൽ ഈശ്വരൻ ഏല്പിച്ചിരിക്കുകയാണ്. എന്നാൽ അതെനിക്കു നല്കാൻ നിങ്ങളുടെ മനസ് അനുവദിക്കുന്നില്ല. അതുകൊണ്ടാണ് എനിക്ക് കുട കിട്ടാത്തത്!"

ഈ പ്രപഞ്ചത്തിലെ സകലചരാചരങ്ങൾക്കും ആവശ്യമുള്ളതെല്ലാം ഈശ്വരൻ നല്കിയിട്ടുണ്ട്. പക്ഷേ അത്യാഗ്രഹം കാരണം ചിലർ മറ്റുള്ളവർക്കു കിട്ടേണ്ടതുകൂടി കയ്യടക്കുകയാണ്. അവനവന് ന്യായമായി ആവശ്യമുള്ളത് ലോകത്തുനിന്ന് എടുക്കുന്നതിൽ ഒരു തെറ്റുമില്ല. എന്നാൽ ഇനിയും അധികമധികം സ്വന്തമാക്കണമെന്നു ചിന്തിക്കുന്നത് അധർമ്മമാണ്. ഉള്ളതുകൊണ്ട് തൃപ്തരാകാനും ആഗ്രഹങ്ങളെ നിയന്ത്രിക്കാനും നമ്മൾ പഠിച്ചിരിക്കണം. അഞ്ഞൂറു രൂപയുടെ വാച്ചും അമ്പതിനായിരം രൂപയുടെ വാച്ചും ശരിയായ സമയം കാണിക്കും. ആ സ്ഥിതിക്ക് കുറഞ്ഞതുകൊണ്ട് തൃപ്തനായി,​ മിച്ചം വരുന്നത് ലോകത്തിന് നൽകിക്കൂടേ?​

ബാഹ്യസുഖങ്ങളും സമ്പത്തും സന്തോഷം തരുമെന്ന മിഥ്യാധാരണ മനുഷ്യമനസിൽ ആഴത്തിൽ വേരൂന്നിയിട്ടുള്ളതാണ്. അതിൽനിന്ന് മോചനം നേടുക എളുപ്പമല്ല. ചെറുപ്പം മുതൽക്കേ വലതുകൈ ഉപയോഗിച്ച് എഴുതുന്ന ഒരാളോട് ഇടതുകൈ കൊണ്ട് എഴുതാൻ പറഞ്ഞാൽ സാദ്ധ്യമായെന്നുവരില്ല. കാരണം,​ വലതു കൈകൊണ്ട് എഴുതുകയെന്നത് അയാളിൽ ആഴത്തിൽ വേരൂന്നിയ ശീലമാണ്. തലച്ചോർ ആജ്ഞാപിച്ചാലും ഇടതുകൈ പുതിയ ശീലത്തിനു വഴങ്ങുക പ്രയാസമാണ്. എന്നാൽ ഏതെങ്കിലും കാരണവശാൽ വലതുകൈയ്ക്ക് സ്വാധീനം നഷ്ടമായാൽ അയാൾ ഇടതുകൈ കൊണ്ട് എഴുതിത്തുടങ്ങും.

അതുപോലെ, ജീവിതത്തിൽ നിരവധി തവണ കഷ്ടപ്പാടുകളിലൂടെയും ദുരിതത്തിലൂടെയും കടന്നുപോകുകയും, ദുഃഖത്തിന്റെയും നിരാശയുടെയും കയ്പുനീർ കുടിക്കുകയും ചെയ്തുകഴിയുമ്പോൾ മാത്രമേ സന്തോഷത്തിന്റെ യഥാർത്ഥ ഉറവിടം നമ്മുടെയുള്ളിൽത്തന്നെയാണെന്ന് തിരിച്ചറിയുകയുള്ളൂ. എങ്കിലും വിവേകത്തെ ഉണർത്തിയാൽ ഇക്കാര്യം വളരെ നേരത്തേ ഉൾക്കൊള്ളാൻ നമുക്കു കഴിയും. ചുറ്റുമുള്ള ലോകത്തേക്ക് ഒന്നു കണ്ണോടിക്കുകയും മറ്റുള്ളവരുടെ അനുഭവങ്ങളിൽനിന്ന് പാഠങ്ങൾ പഠിക്കുകയും ചെയ്താൽ അത് എളുപ്പം സാദ്ധ്യമാകും. അങ്ങനെ വിവേകത്തെ ഉണർത്തി ഒടുങ്ങാത്ത ആഗ്രഹങ്ങളുടെ ബന്ധനത്തിൽ നിന്ന് മോചിതരാകാൻ എല്ലാവർക്കും കഴിയട്ടെ.

Advertisement
Advertisement