വളരെ ചെറിയ കുട്ടിയെന്ന് പറഞ്ഞ് നസീർ തിരിച്ചയച്ചു, രണ്ടാംവരവിൽ അഞ്ച് വർഷം കൊണ്ട് 100 സിനിമ; 'വിജയഭാരതി'

Friday 28 June 2024 4:53 PM IST

സൗന്ദര്യം, ഗ്ളാമർ, അഭിനയം ഈ മൂന്ന് ഘടകങ്ങളും ഒരുപോലെ ഒത്തുചേർന്നപ്പോൾ പേര് ജയഭാരതി എന്നായി. മലയാള സിനിമയിലെ താരറാണിയായി വാണ ജയഭാരതിക്ക് ഇന്ന് 70 വയസ് തികയുന്നു. കൊല്ലം തേവള്ളി ഓലയിൽ തൂമ്പുവടക്കേൽ പി.ജി.ശിവശങ്കരപ്പിള്ളയുടെയും ശാരദയുടെയും മകളായി 1954 ജൂൺ 28നു ജനിച്ച ജയഭാരതി മാതാപിതാക്കൾ വേർപിരിഞ്ഞതോടെ തമിഴ്നാട്ടിലെത്തി. അമ്മയുടെ നിർബന്ധത്തിന് വഴങ്ങി മാത്രം നൃത്തം അഭ്യസിച്ചു തുടങ്ങിയ ലക്ഷ്‌മി ഭാരതി എന്ന ജയഭാരതി കേവലം 12 വയസുള്ളപ്പോഴാണ് ആദ്യസിനിമയിൽ അഭിനയിക്കുന്നത്. പെൺമക്കൾ എന്ന ചിത്രത്തിൽ ചെറിയ വേഷം.

തുടർന്ന് അഭിനയിക്കാൻ മദ്രാസിൽ എത്തിയെങ്കിലും വളരെ ചെറിയ കുട്ടിയാണ് ഒന്ന് രണ്ട് വർഷം കൂടി കഴിയട്ടെയെന്ന് പറഞ്ഞ് ജയഭാരതിയേയും അമ്മയേയും മടക്കി അയച്ചത് സാക്ഷാൽ പ്രേം നസീർ ആയിരുന്നു. അങ്ങനെ താൽക്കാലികമായി സിനിമയിൽ നിന്ന് അവധി എടുത്തു. പിന്നീട് പ്രേം നസീറിന്റെ അവിഭാജ്യ നായികയായി ജയഭാരതി മാറിയെന്നത് ചരിത്രം.

കാട്ടുകുരങ്ങ്, തോക്കുകൾ കഥ പറയുന്നു തുടങ്ങിയതിലൂടെ ഗംഭീര തിരിച്ചുവരവാണ് ജയഭാരതി നടത്തിയത്. 19 വയസിനിടയിൽ 100 ചിത്രങ്ങളിൽ അഭിനയിച്ച് താരറാണിയായി മാറി. മലയാളം എഴുതാനോ വായിക്കാനോ പറയാനോ അറിയില്ലായിരുന്ന ഭാരതിയെ അതിനെല്ലാം പ്രാപ്‌തയാക്കിയത് സംവിധായകരായ കെ.എസ് സേതുമാധവനും, പി. ഭാസ്‌കരനുമായിരുന്നു. അഭിനയിച്ച എല്ലാ സിനിമകളിലും അവർ തന്നെ ഡബ്ബ് ചെയ‌്തു.

ഒരിക്കൽ പ്രേംനസീർ ജയഭാരതിയുടെ അമ്മയോട് ചോദിച്ചു ഭാരതിയാണ് നിങ്ങളാണോ വീട്ടിലെ അമ്മ? ആ ചോദ്യം തമാശയ‌്ക്കായിരുന്നെങ്കിലും വീട്ടിലെ കാരണവർ തന്നെയായിരുന്നു ജയഭാരതി. സഹോദരങ്ങൾ തമ്മിൽ വലിയ പ്രായവ്യത്യാസമില്ലെങ്കിലും ജയഭാരതിയുടെ കാറിന്റെ ഹോൺ കേട്ടു കഴിഞ്ഞാൽ എല്ലാവരും സൈലന്റ് ആകുമായിരുന്നു. വളരെ കണിശക്കാരിയായ ചേച്ചിയായിരുന്നു വീട്ടിൽ താൻ എന്ന് അവർ തന്നെ പറഞ്ഞിട്ടുമുണ്ട്.

ചിരിക്കുമ്പോഴും കരയുമ്പോഴും വായ പൊത്താത്ത നടി എന്നാണ് പദ്‌മരാജൻ ജയഭാരതിയെ വിശേഷിപ്പിച്ചത്. സിനിമയിൽ നിന്ന് ലഭിക്കേണ്ടതെല്ലാം നേടി എന്ന് സ്വയം ബോദ്ധ്യം വന്നപ്പോഴാണ് ഭാരതി സിനിമയിൽ നിന്ന് അകന്നത്. മകന് കൊടുക്കേണ്ടതാണ് ഇനിയുള്ള തന്റെ സമയമെന്ന് ഒരു അമ്മ കൂടിയായ അവർ തീരുമാനിക്കുക കൂടിയായിരുന്നു.

നടൻ സത്താറുമായുള്ള വിവാഹം 1979 ലായിരുന്നു. ജയഭാരതിയുടെ ഏറ്റവും തിരക്കുള്ള സമയം. അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിന്റെ സെറ്റിൽ നിന്നാണ് ഇരുവരും വിവാഹിതരായത്. എൻജിനീയറിങ് മികച്ച നിലയിൽ പാസായ മകൻ ഉണ്ണി യുകെയിൽ ഭാര്യ ത്രിപുരസുന്ദരി സോനാലിക്കും മകൾ അംബക്കുമൊപ്പമാണ് താമസം.

മോഹൻലാൽ ചിത്രം ‘ഒന്നാമനിലാണ്’ ജയഭാരതി ഏറ്റവും ഒടുവിൽ വേഷമിട്ടത്. ഇതിനിടെ സീരിയൽ രംഗത്തും അമ്മയും ഭാര്യയുമായി നിറഞ്ഞു. കിളിക്കൂട്, പെയ്തൊഴിയാതെ, ഉങ്കൾ ചോയ്സ് തുടങ്ങിയ പരമ്പരകളിൽ ജയഭാരതി മിനി സ്ക്രീൻ പ്രേക്ഷകരെയും അവരുടെ ആരാധകരാക്കി മാറ്റി.

ഇതുവരെയുള്ള ജീവിതത്തിൽ സംതൃപ്‌തി മാത്രമേയുള്ളൂവെന്ന് ജയഭാരതി പറയുന്നു. ''ധാരാളം നല്ല സിനിമകളിൽ അഭിനയിച്ചു. പണമുണ്ടാക്കി. സഹോദരങ്ങളെ നല്ല നിലയിൽ എത്തിച്ചു. ആരും പറ്റിക്കുകയോ ആരാലും പറ്റിക്കപ്പെടുകയോ ചെയ‌്‌തില്ല. അതിനുമപ്പുറം സംതൃപ്‌തി തരുന്ന ഒന്നും ഇനി കിട്ടാനില്ല''.

Advertisement
Advertisement