സി.ഐ.ടി.യു നേതാവിന്റെ വീട്ടിൽ പട്ടാപ്പകൽ മോഷണം: 18 പവൻ സ്വർണവും പണവും നഷ്ടമായി

Saturday 29 June 2024 1:18 AM IST

നീലേശ്വരം: സി.ഐ.ടി.യു നേതാവ് ഒ.വി.രവീന്ദ്രന്റെ വീടായ നീലേശ്വരം ചിറപ്പുറം തിരുവോണത്തിൽ പട്ടാപ്പകൽ കവർച്ച. നഷ്ടമായത് 18 പവൻ സ്വർണാഭരണങ്ങളും 10,000ലധികം രൂപയും. വീട്ടിലെ ഷെൽഫിൽ സൂക്ഷിച്ചിരുന്ന ഇദ്ദേഹത്തിന്റെ മകളുടെ സ്വർണാഭരണങ്ങളാണ് നഷ്ടപ്പെട്ടത്. ഒ.വി രവീന്ദ്രന്റെ തറവാടായ ചാളക്കടവ് ഒഴിഞ്ഞാല തറവാട്ടിൽ അടുത്തിടെ നടന്ന കളിയാട്ടത്തിന്റെ ഭണ്ഡാരം വരവാണ് നഷ്ടപ്പെട്ട തുക.

തറവാട് സെക്രട്ടറി കൂടിയായ രവീന്ദ്രൻ ഇത് വീട്ടിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. ഇദ്ദേഹത്തിന്റെ മകൾ രമ്യ കുട്ടികൾക്കൊപ്പം ചാളക്കടവിലെ സ്വന്തം വീട്ടിലായിരുന്നു താമസം. മൃഗസംരക്ഷണ വകുപ്പിൽ ജോലി ലഭിച്ചപ്പോൾ ആറാം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുന്ന മക്കളെ ഇവിടെയാക്കി തിരുവനന്തപുരത്തേക്ക് പോയി. ഇവരുടെ ഭർത്താവ് ഗൾഫിലാണ്. ഇന്നലെ ഉച്ചതിരിഞ്ഞ് രവീന്ദ്രൻ കാഞ്ഞങ്ങാട് അമ്പലത്തറയിലേക്കും ഭാര്യ ഇ.നളിനി ബങ്കളം കക്കാട്ട് ഗവ.ഹയർസെക്കന്ററി സ്കൂളിൽ കൊച്ചുമകൾ പ്രാർത്ഥനയുടെ ക്ലാസ് പി.ടി.എയ്ക്കും പങ്കെടുത്ത് വീട്ടിൽ തിരിച്ചെത്തിയ നേരത്തിനിടെയാണ് ചിറപ്പുറം മിനി സ്‌റ്റേഡിയത്തിന് സമീപത്തെ വീട്ടിൽ വൻ കവർച്ച നടന്നത്.

കവർച്ചക്കാരൻ എന്ന് സംശയിക്കുന്നയാൾ വീടിന്റെ മുൻ ഭാഗത്തെ ഗേറ്റ് തുറന്നു കടന്നു വരുന്ന ദൃശ്യം വീടിന്റെ സിറ്റൗട്ടിലെ സിസി ടിവിയിൽ പതിഞ്ഞിട്ടുണ്ട്. ഇത് നീലേശ്വരം പൊലീസ് ശേഖരിച്ചു. രവീന്ദ്രനും ഭാര്യയും കൊച്ചുമകളും വൈകുന്നേരം മടങ്ങിയെത്തും മുമ്പ് വീട്ടിലെത്തിയ കാഞ്ഞങ്ങാട് ദുർഗ ഹയർസെക്കന്ററി സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി അമൽ ശങ്കർ നടന്ന സംഭവങ്ങളൊന്നും അറിയാതെ പതിവു പോലെ കൈയിൽ കരുതിയ താക്കോൽ കൊണ്ട് വീട് തുറന്ന് സ്വീകരണ മുറിയിൽ ഇരിക്കുകയായിരുന്നു. രവീന്ദ്രൻ വസ്ത്രം മാറാൻ അകത്തേക്ക് പോയപ്പോഴാണ് മുറിയിലെ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിൽ കണ്ടത്. വീടിന്റെ അടുക്കള ഭാഗത്തെ ഗ്രിൽസിന്റെ പൂട്ട് തകർത്ത് അടുക്കള വാതിൽ ശക്തമായി ചവിട്ടി തുറന്നാണ് കവർച്ചക്കാരൻ അകത്തു കടന്നത്. അടുക്കള വാതിലിന്റെ ടവർബോൾട്ട് ഒടിഞ്ഞ നിലയിലാണ്. മോഷണം നടന്ന മുറി നീലേശ്വരം പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. ഡോഗ് സ്ക്വാഡും, ശാസ്ത്രീയാന്വേഷണ സംഘം ഇന്ന് മോഷണം നടന്ന വീട്ടിലെത്തും. ഓട്ടോത്തൊഴിലാളി യൂണിയൻ സി.ഐ.ടി.യു നീലേശ്വരം മുൻസിപ്പൽ സെക്രട്ടറിയാണ് രവീന്ദ്രൻ.

Advertisement
Advertisement