യുവാക്കളും നാട്ടുകാരും തമ്മിൽ സംഘർഷം: നാലുപേർക്ക് പരിക്ക്

Saturday 29 June 2024 1:35 AM IST

കാളികാവ്: ചോക്കാട് വാളക്കുളത്ത് യുവാക്കളും നാട്ടുകാരും തമ്മിലുണ്ടായ സംഘട്ടനത്തിൽ നാലു പേർക്ക് പരിക്കേറ്റു. പൂക്കോട്ടുംപാടം തട്ടിയേക്കൽ ഷാഫി(26),​ പന്നിക്കോട്ടുമുണ്ട സ്വദേശികളായ വല്ലാഞ്ചിറ ഉമൈർ(26), മുതുകുളവൻ ഫായിസ് എന്ന പാണ്ഡ്യൻ (24), സഹോദരൻ ജിഷാൻ (22) എന്നിവർക്കാണ് പരിക്കേറ്റത്. പരിക്കേറ്റ ഉമൈർ ഒഴികെയുള്ള മൂന്നുപേരെ കോഴിക്കോട് മെഡിക്കൽ കോളേജിലും ഉമൈറിനെ മഞ്ചേരി മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പന്നിക്കോട്ടുമുണ്ടയിലെ കടയിൽ നിന്നും പണം തട്ടിയെടുത്തെന്ന ആരോപണവുമായി ബന്ധപ്പെട്ട് വാക്കേറ്റം ഉണ്ടായിരുന്നു. തുടർന്ന് മടങ്ങിയെത്തിയ സംഘവും നാട്ടുകാരും തമ്മിൽ ബുധനാഴ്ച രാത്രി സംഘർഷമുണ്ടാവുകയായിരുന്നു. പരിക്കേറ്റ ഷാഫി, ഉമൈർ, ഫായിസ്, ജിഷാൻ എന്നിവരെ പൊലീസെത്തിയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇതിൽ ഉമൈറൊഴികെയുള്ളവരെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി. ചികിത്സയ്ക്ക് ശേഷം ഉമൈർ വ്യാഴാഴ്ച്ച രാവിലെ നാട്ടിൽ തിരിച്ചെത്തി. തുടർന്ന് വീണ്ടും സംഘർഷമുണ്ടാവുകയും ഉമൈറിന് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റ ഉമൈറിനെ ആശുപത്രിയിലെത്തിക്കാൻ പ്രദേശവാസികൾ രംഗത്തുവരാത്തതിനാൽ പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചാണ് മഞ്ചേരി മെഡിക്കൽ കോളേജിലേക്ക് മാറ്റിയത്. ലഹരി വസ്തുക്കളുടെ വിൽപ്പനയും ഉപയോഗവും എതിർക്കുന്ന പൊതുപ്രവർത്തകരെഭീഷണിപ്പെടുത്തൽ, മോഷണം, പെരിന്തൽമണ്ണ താലൂക്ക് ആശുപത്രി അടിച്ചു തകർക്കൽ എന്നിങ്ങനെ 12 ഓളം കേസുകൾ ഉമൈറിന്റെ പേരിലുണ്ട്. ഫായിസിനെതിരെ കാപ്പ ചുമത്തി ജില്ലയിൽ പ്രവേശിക്കരുതെന്ന ഉത്തരവ് നിലനിൽക്കുന്നുണ്ട്. കൂടാതെ പോക്‌സോ, ബലാത്സംഗം, സ്ത്രീപീഡനം, ലഹരി ഉപയോഗം തുടങ്ങി പത്തോളം കേസുകളും വിവിധ പൊലീസ് സ്റ്റേഷനുകളിലുണ്ട്. ഷാഫിക്കെതിരെ കാപ്പ, ലഹരി ഉപയോഗം- വിൽപ്പന കേസുകളും നിലവിലുണ്ട്. ജിഷാനെതിരെ ലഹരി ഉപയോഗത്തിന് കേസുണ്ട്. സംഭവത്തിൽ കാളികാവ് പൊലീസ് അന്വേഷണം ആരംഭിച്ചു.

Advertisement
Advertisement