ബൈക്കിലെത്തും,​ സ്ത്രീകളുടെ പുറത്തടിക്കും,​ രക്ഷപ്പെടും... സൈക്കോ യുവാവിനെ തേടി പൊലീസും നാട്ടുകാരും....

Saturday 29 June 2024 1:39 AM IST

മുത്തോലി: മുത്തോലിക്കടവ് കടപ്പാട്ടൂർ റോഡിലെത്തുന്ന സ്ത്രീകൾ സൂക്ഷിക്കണം. ബൈക്കിലെത്തി സ്ത്രീകളുടെ പുറത്തടിച്ച് രക്ഷപ്പെടുന്ന യുവാവ് വിലസുന്നു. കഴിഞ്ഞ ദിവസം അടിയേറ്റ് വീടമ്മയ്ക്ക് പരിക്കേറ്റു.

സ്ത്രീകളുടെയും പെൺകുട്ടികളുടെയും പുറത്തടിച്ചശേഷം അമിതവേഗത്തിൽ ബൈക്ക് ഓടിച്ച് രക്ഷപ്പെടുകയാണ് യുവാവ്. കഴിഞ്ഞ രണ്ട് ദിവസമായി ഈ സംഭവങ്ങൾ ആവർത്തിച്ചു. തിങ്കളാഴ്ചയായിരുന്നു ആദ്യ സംഭവം. മുത്തോലി സ്‌കൂളിൽ നിന്ന് വൈകിട്ട് വീട്ടിലേക്ക് മടങ്ങിയ വിദ്യാർത്ഥിനിയെ പിന്നാലെ കറുത്ത ബൈക്കിലെത്തിയ യുവാവ് പുറത്തടിച്ചു. വേദനകൊണ്ട് പുളഞ്ഞ വിദ്യാർത്ഥിനി ഞെട്ടിത്തിരിഞ്ഞപ്പോഴേക്കും യുവാവ് കടന്നുകളഞ്ഞു. ചുരുണ്ട മുടിയുള്ള കറുത്തയാളാണ് യുവാവെന്നും ഇയാൾ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും വിദ്യാർത്ഥിനി പറയുന്നു.

ബുധനാഴ്ച വൈകിട്ട് മകളോടൊപ്പം വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. മുത്തോലി വാട്ടർ ടാങ്ക് കഴിഞ്ഞ് നൂറുമീറ്റർ മുന്നോട്ടേക്ക് വരുമ്പോൾ വിജനമായ ഭാഗത്തുവച്ചായിരുന്നു ആക്രമണം. ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് വീട്ടമ്മയുടെ പുറത്ത് ആഞ്ഞടിച്ചു. അടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ വീട്ടമ്മയുടെ ബോധവും നഷ്ടപ്പെട്ടു. പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം വിട്ടയയ്ക്കുകയായിരുന്നു.

രണ്ട് സംഭവത്തിലെയും പ്രതി ഒരാൾതന്നെയാണെന്നാണ് നാട്ടുകാർ പറയുന്നത്. മാനസിക രോഗിയോ മയക്കുമരുന്നിന് അടിമയോ ആയ ആളാകാം ഇത്തരം ആക്രമണങ്ങൾക്ക് പിന്നിലെന്നും നാട്ടുകാർക്ക് സംശയമുണ്ട്.

പാലാ പൊലീസിന് ഇത് സംബന്ധിച്ച് വിവരം കൈമാറിയതായി നാട്ടുകാർ പറഞ്ഞു. കേസെടുത്തിട്ടില്ലെങ്കിലും സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുന്നുണ്ടെന്ന് പൊലീസ് പറയുന്നു.

പ്രതി വലയിലായതായി സൂചന

സ്ത്രീകളെ ആക്രമിച്ച കേസിലെ പ്രതിയായ യുവാവ് പൊലീസ് വലയിലെന്ന് സൂചന. മണിമല ചാമംപതാൽ സ്വദേശിയായ 20കാരനാണ് പ്രതിയെന്നാണ് പൊലീസ് സംശയിക്കുന്നത്. ഇയാളെ ചുറ്റിപ്പറ്റി അന്വേഷണം ഊർജിമാക്കിയിട്ടുണ്ട്. മർദ്ദനമേറ്റ സ്ത്രീകൾ രേഖാമൂലം പരാതി നൽകിയില്ലെങ്കിലും പാലാ പൊലീസ് ഇക്കാര്യത്തിൽ അന്വേഷണം ഊർജിതമാക്കിയിരുന്നു.

വിദ്യാർത്ഥിനിയും വീട്ടമ്മയും ആക്രമിക്കപ്പെട്ടത് നാട്ടുകാരെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്. പ്രതിയെ പൊലീസ് എത്രയും വേഗം പിടികൂടണമെന്നാണ് ആവശ്യം.

സുരേഷ്,​ നാട്ടുകാരൻ

Advertisement
Advertisement