ഡൽഹി എയർ പോർട്ടിന്റെ മേൽക്കൂര വീണ് ഒരു മരണം

Saturday 29 June 2024 4:59 AM IST

അന്വേഷിക്കാൻ സമിതി

ന്യൂഡൽഹി: കനത്തമഴയിൽ ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ ടെർമിനൽ - ഒന്നിന്റെ (ടി-1) മേൽക്കൂര ഇന്നലെ പുലർച്ചെ അഞ്ചോടെ തകർന്നുവീണ് ഒരാൾ മരിച്ചു. എട്ടു പേർക്ക് പരിക്കേറ്റു. പാർക്ക് ചെയ്‌തിരുന്ന കാറിന്റെ ഡ്രൈവർ രമേഷ്‌കുമാറാണ് മരിച്ചത്. വിമാനസർവീസുകൾ നിറുത്തിവച്ചത് ആയിരക്കണക്കിന് യാത്രക്കാരെ വലച്ചു. ഇവിടത്തെ സർവീസുകൾ രണ്ട്, മൂന്ന് ടെർമിനലുകളിലേക്ക് മാറ്റി. ഡിപ്പാർച്ചർ ടെർമിനലിലെ ഒന്നും രണ്ടും ഗേറ്റിനിടയിലെ ഭാഗമാണ് തകർന്നത്. ഇരുമ്പ് തൂണ് കാറിൽ വീണാണ് ഡ്രൈവർ മരിച്ചത്. നാലു കാറുകൾ തകർന്നു. യാത്രക്കാരെയും ജീവനക്കാരെയും ഒഴിപ്പിച്ചു.

അന്വേണത്തിന് സമിതി രൂപീകരിച്ച ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റവർക്ക് മൂന്നുലക്ഷവും നഷ്‌ടപരിഹാരം പ്രഖ്യാപിച്ചു. വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു സ്ഥലം സന്ദർശിച്ചു.

ഡൽഹിയിലെ മൂന്ന് ടെർമിനുകളിൽ നിന്നായി ദിവസവും 1400ൽപ്പരം സർവീസുകളുണ്ട്. യാത്ര മുടങ്ങിയവർക്ക് മുഴുവൻ തുകയും റീഫണ്ട് ചെയ്യും.

തീവ്രമഴ

1936ന് ശേഷം, ഡൽഹിയിൽ പെയ്‌ത ഏറ്റവും തീവ്രമഴയാണ് വില്ലനായത്

നിർമ്മാണത്തെച്ചൊല്ലി

 പ്രധാനമന്ത്രി മാർച്ചിൽ ഉദ്ഘാടനം ചെയ്‌ത ഭാഗമാണ് തകർന്നതെന്ന് കോൺഗ്രസ്

 2009ൽ യു.പി.എ സർക്കാർ കാലത്ത് നിർമ്മിച്ചതാണെന്ന് വ്യോമയാന മന്ത്രി

ജബൽപ്പൂരിലും മേൽക്കൂര തകർന്നു

മദ്ധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവള മേൽക്കൂരയുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നു. ആദായ നികുതി ഉദ്യോഗസ്ഥർ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാസങ്ങൾക്ക് മുമ്പ് പ്രധാന​മന്ത്രി ഉദ്ഘാടനം ചെയ്ത ടെർമിനലിന്റെ മേൽക്കൂരയാണ്.

Advertisement
Advertisement