നീറ്റിൽ ച‌ർച്ചയില്ല; പാർലമെന്റ് സ്‌തംഭിച്ചു

Saturday 29 June 2024 4:45 AM IST

ന്യൂഡൽഹി: ലക്ഷക്കണക്കിന് വിദ്യാർത്ഥികളുടെ ഭാവിയെ ബാധിക്കുന്ന നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിൽ പാർലമെന്റിൽ അടിയന്തര ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും സ്തംഭിച്ചു.

നീറ്റ് വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകിയിരുന്നു. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെ നേരിൽകണ്ടും ആവശ്യമുന്നയിച്ചു. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയും ചർച്ച ആവശ്യപ്പെട്ടു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കാമെന്നായിരുന്നു സഭാദ്ധ്യക്ഷൻമാരുടെ നിലപാട്.

പ്രതിപക്ഷവും സർക്കാരും ഒന്നിച്ച് ചർച്ച ചെയ്‌ത് പരിഹാരം കാണണമെന്ന് രാഹുൽ പറഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കെ രാഹുലിന്റെ മൈക്ക് ഓഫ് ആയി. മൈക്ക് ഓൺ ആക്കണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, അതിന്റെ സ്വിച്ച് തന്റെ കൈയിൽ അല്ലെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. അതു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ബഹളത്തെ തുടർന്ന് ഇരു സഭകളും 12 മണിവരെ നിറുത്തിവച്ചു.

ലോക്‌സഭ 12ന് വീണ്ടും സമ്മേളിച്ച് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പിനുള്ള പ്രമേയം അവതരിപ്പിക്കാൻ തുടങ്ങവെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. പിന്നീട് വിശദമായി ചർച്ച ചെയ്യാമെന്ന സ്‌പീക്കറുടെ അഭ്യർത്ഥന ചെവിക്കൊണ്ടില്ല. തുടർന്ന് തിങ്കളാഴ‌്ചത്തേക്ക് പിരിഞ്ഞു.18-ാം ലോക്‌സഭയുടെ ആദ്യ സമ്മേളനത്തിലെ ആദ്യ തടസപ്പെടലാണിത്.

12 മണിക്ക് ഉപാദ്ധ്യക്ഷൻ ഹരിവംശിന്റെ അദ്ധ്യക്ഷതയിൽ രാജ്യസഭ വീണ്ടും സമ്മേളിച്ചപ്പോഴും പ്രതിപക്ഷം ബഹളം തുടർന്നെങ്കിലും അതവഗണിച്ച് ബി.ജെ.പിയുടെ സുധാംശു മിശ്ര നന്ദിപ്രമേയ ചർച്ചയ്‌ക്ക് തുടക്കമിട്ടു.


എം.പി കുഴഞ്ഞു വീണു

രാജ്യസഭയിലെ പ്രതിഷേധത്തിനിടെ ഛത്തീസ്ഗഡിൽ നിന്നുള്ള കോൺഗ്രസ് അംഗം ഫൂലോ ദേവി നേതം കുഴഞ്ഞു വീണു. റാം മനോഹർ ലോഹ്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അടുത്തിടെ അവർക്ക് ഡെങ്കിപ്പനി ബാധിച്ചിരുന്നു.

കർശന നടപടി സ്വീകരിക്കുന്നുണ്ട്. സി.ബി.ഐ അന്വേഷണം തുടങ്ങി. കുറ്റക്കാരെല്ലാം ശിക്ഷിക്കപ്പെടും

-ധർമ്മേന്ദ്ര പ്രധാൻ

വിദ്യാഭ്യാസ മന്ത്രി

ലക്ഷക്കണക്കിന് കുടുംബങ്ങളെ ബാധിക്കുന്ന വിഷയം ചർച്ച ചെയ്യാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിക്കുന്നു

-രാഹുൽ ഗാന്ധി,

പ്രതിപക്ഷ നേതാവ്

Advertisement
Advertisement