സപ്തതി നിറവിൽ സ്വപ്ന നായിക

Saturday 29 June 2024 12:02 AM IST

കാലത്തിന്റെ വേഗത ജയഭാരതി തിരിച്ചറിയുന്നുണ്ട്. മലയാളത്തിന്റെ സ്വപ്ന നായിക സപ്തതി നിറവിൽ. ശാരദയെയും ഷീലയെയും പോലെ അന്നുവരെ കണ്ട നായിക രൂപമായിരുന്നില്ല ജയഭാരതിക്ക്. മലയാളി അവരെ ഭാരതി എന്നു വിളിച്ചു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ശശികുമാറിന്റെ പെൺമക്കൾ സിനിമയിൽ ആദ്യമായി അഭിനയിച്ചു. പല്ലടർന്ന് വീണിരുന്ന തീരെ ചെറിയ കുട്ടിയെ സിനിമ കഴിഞ്ഞ് പ്രേം നസീർ ഉൾപ്പെടെയുള്ളവർ ഈറോഡിലേക്ക് മടക്കി അയച്ചെങ്കിലും ജയഭാരതി എത്തേണ്ടിടത്ത് വീണ്ടും എത്തി. 13ൽ തുടങ്ങി 19 വയസ്സിൽഎത്തുമ്പോൾ ജയഭാരതിക്ക് സിനിമകളുടെ എണ്ണം 100 എത്തി.

കൊല്ലത്ത് വേരുകളുള്ള കുടുംബത്തിലെ ശിവശങ്കരൻപിള്ളയുടെയും ശാരദയുടെയും മകൾ കോടമ്പാക്കത്തേക്ക് വരുമ്പോൾ മലയാളം വഴങ്ങില്ലായിരുന്നു. പി. ഭാസ്ക്കകരനും കെ.എസ് സേതുമാധവനുമാണ് ജയഭാരതിയിലെ അഭിനേത്രിയെ പാകപ്പെടുത്തിയത്. പി. ഭാസ്കരൻ സംവിധാനം ചെയ്ത കാട്ടു കുരങ്ങിൽ ആദ്യമായി നായികയായി.

ഞൊയിടയിൽ കഥാപാത്രമായി മാറാൻ കഴിയുന്നതാണ് ജയഭാരതിയുടെ പ്രത്യേകത.

ജയഭാരതി അഭിനയിച്ച സിനിമയിലെ എത്രയോ ഗാനങ്ങളിൽ പുരികം ഉയർത്തിയും ഭാവാഭിനയം നടത്തിയും കഥാപാത്രമായി മാറിയ കാഴ്ച കണ്ടു.സിനിമയിലെ ഏറ്റവും തിരക്കുള്ള സമയത്താണ് 1979-ൽ സത്താറുമായുള്ള വിവാഹം. മകൻ ക്രിഷ് സത്താർ ( ഉണ്ണി) ജനിച്ചപ്പോൾ ജയഭാരതി സിനിമയിൽനിന്ന് അകലാൻ തുടങ്ങി.2002ൽ

മോഹൻലാൽ ചിത്രം ഒന്നാമനിലാണ് ഏറ്റവും ഒടുവിൽ വേഷമിട്ടത്. ഇതിനിടെ സീരിയൽ രംഗത്ത് അമ്മയായി, ഭാര്യയായും നിറഞ്ഞു. മിനിസ്ക്രീൻ പ്രേക്ഷകരെയും ആരാധകരാക്കി മാറ്റി. നല്ലൊരു നർത്തകി കൂടിയായ ജയഭാരതി സിനിമാത്തിരക്കിൽ നിന്ന് അകന്നപ്പോൾ നൃത്തത്തിൽകൂടുതൽ ശ്രദ്ധിക്കാൻ തുടങ്ങി. ചെന്നൈയിലെ വീട്ടിലാണ് ജയഭാരതി.

ഏക മകൻ ക്രിഷ് സത്താർ ഭാര്യ ത്രിപുരസുന്ദരി സോനാലിക്കും മകൾ അംബക്കുമൊപ്പം യു.കെ.യിലാണ് താമസം. യു.കെയിൽ എൻജിനിയറാണ് ക്രിഷ്. ഇടയ്ക്ക് ജയഭാരതി അവിടേക്ക് പോവാറുണ്ട്. ജയഭാരതിയുടെ മടങ്ങി വരവ് മലയാളി ആഗ്രഹിക്കുന്നുണ്ട്.

Advertisement
Advertisement