റദ്ദാക്കിയ യു ജി സി നെറ്റ്,​ സി എസ് ഐ ആർ നെറ്റ് പരീക്ഷാ തീയതികൾ പ്രഖ്യാപിച്ചു

Friday 28 June 2024 11:48 PM IST

ന്യൂഡൽഹി : പരീക്ഷാ ക്രമക്കേടുകളെ തുടർന്ന് റദ്ദാക്കിയ യു.ജി.സി നെറ്റ്,​ സി.എസ്.ഐ.ആർ നെറ്റ് പരീക്ഷാ നടത്താനുള്ള തീയതികളായി. ഓഗസ്റ്റ് 21 മുതൽ സെപ്തംബർ നാല് വരെ യു.ജി.സി നെറ്റ് പരീക്ഷകൾ നടക്കും. സി.എസ്.ഐ.ആർ നെറ്റ് പരീക്ഷ ജൂലായ് 25 മുതൽ 27 വരെയും നടക്കും. ചോദ്യപേപ്പർ ചോർന്ന സാഹചര്യത്തിൽ പരീക്ഷകൾ മാറ്റി വച്ചിരുന്നു. നാഷണൽ ടെസ്റ്റിംഗ് ഏജൻസിയാണ് പുതുക്കിയ തീയതികൾ പ്രഖ്യാപിച്ചത്.

അതേസമയം നീറ്റ് ചോദ്യപേപ്പർ ക്രമക്കേടിൽ പാർലമെന്റിൽ അടിയന്തര ചർച്ചയ്ക്ക് സർക്കാർ തയ്യാറായില്ല. പ്രതിപക്ഷ പ്രതിഷേധത്തിൽ ഇരു സഭകളും സ്തംഭിച്ചു.

നീറ്റ് വിഷയം അടിയന്തരമായി ചർച്ച ചെയ്യാൻ പ്രതിപക്ഷം ഇരുസഭകളിലും നോട്ടീസ് നൽകിയിരുന്നു. രാജ്യസഭാ അദ്ധ്യക്ഷൻ ജഗ്‌ദീപ് ധൻകറിനെ നേരിൽകണ്ടും ആവശ്യമുന്നയിച്ചു. ലോക്‌സഭയിൽ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജ്ജുന ഖാർഗെയും ചർച്ച ആവശ്യപ്പെട്ടു. രാഷ്‌ട്രപതിയുടെ പ്രസംഗത്തിനുള്ള നന്ദിപ്രമേയ ചർച്ചയിൽ സംസാരിക്കാമെന്നായിരുന്നു സഭാദ്ധ്യക്ഷൻമാരുടെ നിലപാട്.

പ്രതിപക്ഷവും സർക്കാരും ഒന്നിച്ച് ചർച്ച ചെയ്‌ത് പരിഹാരം കാണണമെന്ന് രാഹുൽ പറഞ്ഞു. സംസാരിച്ചു കൊണ്ടിരിക്കെ രാഹുലിന്റെ മൈക്ക് ഓഫ് ആയി. മൈക്ക് ഓൺ ആക്കണമെന്നും സംസാരിക്കണമെന്നും ആവശ്യപ്പെട്ടപ്പോൾ, അതിന്റെ സ്വിച്ച് തന്റെ കൈയിൽ അല്ലെന്നായിരുന്നു സ്‌പീക്കറുടെ മറുപടി. അതു പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ബഹളത്തെ തുടർന്ന് ഇരു സഭകളും 12 മണിവരെ നിറുത്തിവച്ചു.

ലോക്‌സഭ 12ന് വീണ്ടും സമ്മേളിച്ച് കമ്മിറ്റികളിലേക്ക് തിരഞ്ഞെടുപ്പിനുള്ള പ്രമേയം അവതരിപ്പിക്കാൻ തുടങ്ങവെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി ബഹളം തുടങ്ങി. പിന്നീട് വിശദമായി ചർച്ച ചെയ്യാമെന്ന സ്‌പീക്കറുടെ അഭ്യർത്ഥന ചെവിക്കൊണ്ടില്ല. തുടർന്ന് തിങ്കളാഴ‌്ചത്തേക്ക് പിരിഞ്ഞു.

Advertisement
Advertisement