മതസ്വാതന്ത്ര്യം: യു.എസ് റിപ്പോർട്ട് തള്ളി ഇന്ത്യ

Saturday 29 June 2024 1:06 AM IST

ന്യൂഡൽഹി: ഇന്ത്യയിൽ മതപരമായ അസഹിഷ്ണുത വർദ്ധിക്കുന്നുവെന്നും നിർബന്ധിത മതപരിവർത്തനം നിരോധിച്ചെന്നുമുള്ള യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ട് തള്ളി ഇന്ത്യ. റിപ്പോർട്ട് പക്ഷപാതപരവും ഇന്ത്യയുടെ സാമൂഹിക ഘടന മനസിലാക്കാത്തതുമാണെന്ന് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ആക്ഷേപങ്ങളും തെറ്റിദ്ധാരണകളും നിറഞ്ഞതുമാണ് റിപ്പോർട്ട്. വസ്‌തുതകളില്ലാതെ പക്ഷപാതപരമായ വിവരങ്ങളാണുള്ളത്. ഇന്ത്യൻ ഭരണഘടനയെയും നിയമങ്ങളെയും മനസിലാക്കാതെ മുൻകൂട്ടി നിശ്ചയിച്ച ആഖ്യാനം അനുസരിച്ച് തയ്യാറാക്കി-വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. നിയമനിർമ്മാണ സഭകളുടെ അവകാശത്തെയും ഇന്ത്യൻ കോടതി വിധികളുടെ സമഗ്രതയെയും അവ ചോദ്യം ചെയ്യുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയിൽ മതപരമായ അസഹിഷ്ണുത വർദ്ധിക്കുന്നുവെന്നും നിർബന്ധിത മതപരിവർത്തനം നിരോധിക്കുന്ന നിയമപ്രകാരം ക്രിസ്ത്യാനികളെയും മുസ്ലീങ്ങളെയും അറസ്റ്റ് ചെയ്‌തെന്നും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് പുറത്തുവിട്ട റിപ്പോർട്ടിലുണ്ട്. ന്യൂനപക്ഷങ്ങൾക്കെതിരെ വ്യാജ കേസുകൾ ചുമത്തി ഉപദ്രവിക്കുന്നു. ഏകസിവിൽ നടപ്പാക്കാനുള്ള മോദി സർക്കാരിന്റെ ശ്രമം ഹിന്ദു രാഷ്‌‌ട്രം ലക്ഷ്യമിട്ടാണെന്നും നിയമത്തെ മുസ്ലീം, സിക്ക്, ക്രിസ്ത്യൻ വിഭാഗങ്ങൾ എതിർക്കുന്നതായും പറയുന്നു. മുൻ വർഷങ്ങളിലും യു.എസിന്റെ മതസ്വാതന്ത്ര്യ റിപ്പോർട്ടിൽ ഇന്ത്യാ വിരുദ്ധ പരാമർശങ്ങളുണ്ടായിരുന്നു.

Advertisement
Advertisement