ഇ.ഡിക്ക് തിരിച്ചടി; ഹേമന്ത് സോറന് ജാമ്യം, ജയിലിന് പുറത്ത് സ്വീകരണം

Saturday 29 June 2024 1:10 AM IST

ന്യൂഡൽഹി: ഇ.ഡി കേസിൽ അറസ്റ്റിലായി 149-ാം ദിവസം ജയിൽമോചിതനായി 'ഇന്ത്യ' മുന്നണിയിലെ നേതാവും ജാർഖണ്ഡ് മുൻ മുഖ്യമന്ത്രിയുമായ ഹേമന്ത് സോറൻ. കേസിൽ സോറൻ പ്രഥമദൃഷ്‌ട്യാ കുറ്റക്കാരനല്ലെന്ന് ജാർഖണ്ഡ് ഹൈക്കോടതി നിലപാടെടുത്തതോടെയാണ് മോചനത്തിന് വഴിയൊരുങ്ങിയത്. ജാമ്യം തടയാൻ ഇ.ഡി നിരത്തിയ വാദങ്ങൾ ജസ്റ്റിസ് രൊൺഗോൺ മുഖോപാദ്ധ്യായ തള്ളി. സോറൻ കള്ളപ്പണ ഇടപാട് നടത്തിയെന്ന് വിശ്വസിക്കാൻ കാരണങ്ങളില്ല. ജാമ്യത്തിൽ നിന്നാലും കുറ്റം ചെയ്യാനുള്ള സാദ്ധ്യതയില്ലെന്ന് കോടതി വ്യക്തമാക്കി. ജാമ്യം ലഭിച്ചതോടെ ഇന്നലെ വൈകിട്ട് നാലോടെ റാഞ്ചിയിലെ ബിർസ മുണ്ട സെൻട്രൽ ജയിലിൽ നിന്ന് ഹേമന്ത് സോറൻ പുറത്തിറങ്ങി. ഭാര്യ കൽപന സോറനും ജാർഖണ്ഡ് മുക്തി മോർച്ച (ജെ.എം.എം) പ്രവർത്തകരും സോറനെ സ്വീകരിച്ചു. പിതാവ് ഷിബു സോറന്റെ വീട്ടിലേക്കാണ് അദ്ദേഹം ആദ്യം പോയത്. ഭൂമിതട്ടിപ്പുമായി ബന്ധപ്പെട്ട ഇ.ഡി കേസിൽ ഇക്കഴിഞ്ഞ ജനുവരി 31നാണ് അറസ്റ്റിലായത്.

ജാർഖണ്ഡിൽ വർഷാവസാനം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുമെന്ന സൂചനകൾക്കിടെ സോറന് ലഭിച്ച ജാമ്യം നിർണായകമാണ്. ഭാര്യ കൽപന സോറൻ, അടുത്തിടെ ഗാൻഡെ നിയമസഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പിൽ വിജയിച്ചിരുന്നു.

 വ്യാജക്കേസുണ്ടാക്കി ജയിലിലടച്ചു

തന്നെ ജയിലിൽ അയച്ചതിന് പിന്നിലെ കാരണം രാജ്യത്തിന് അറിയാമെന്ന് ഹേമന്ത് സോറൻ പ്രതികരിച്ചു. ജയിലിലായി അഞ്ചുമാസമാകുമ്പോഴാണ് പുറത്തിറങ്ങുന്നത്. രാഷ്ട്രീയക്കാർ, എഴുത്തുകാർ, മാദ്ധ്യമപ്രവർത്തകർ തുടങ്ങിയവരുടെ ശബ്‌ദങ്ങൾ അടിച്ചമർത്താനുള്ള ശ്രമങ്ങൾ നടക്കുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെ ജയിലിൽ അടച്ചിരിക്കുന്നതിനെയും സോറൻ പരാമർശിച്ചു.

Advertisement
Advertisement