ഐക്കണ്‍ ഒഫ് ദ സീസിൽ തീപിടിത്തം

Saturday 29 June 2024 1:48 AM IST

ഫ്ലോറിഡ: ലോകത്തിലെ ഏറ്റവും വലിയ ആഡംബര ക്രൂസ് ഷിപ്പായ ഐക്കണ്‍ ഓഫ് ദ സീസിൽ തീപ്പിടിത്തമുണ്ടായതായി റിപ്പോർട്ട്. മെക്‌സിക്കോ തീരത്ത് നങ്കൂരമിട്ടപ്പോഴാണ് കപ്പലിൽ തീപ്പിടിത്തമുണ്ടായതെന്നാണ് റിപ്പോർട്ട്. ചൊവ്വാഴ്ചയുണ്ടായ ചെറിയ തീപ്പിടിത്തം പെട്ടെന്ന് തന്നെ നിയന്ത്രണവിധേയമാക്കിയെന്നും ആർക്കും പരിക്കേറ്റിട്ടില്ലെന്നും കപ്പലിന്റെ ഉടമസ്ഥരായ റോയൽ കരീബിയഎൻ കമ്പനി പ്രതിനിധി വ്യക്തമാക്കി. എന്നാൽ കപ്പലിന് എത്രത്തോളം നാശനഷ്ടമുണ്ടായി എന്ന വിവരം പുറത്തുവന്നിട്ടില്ല.

അപകടത്തെ തുടർന്ന് കപ്പലിലെ വൈദ്യുതി ബന്ധത്തിന് തകരാറുണ്ടായെന്നും അത് പെട്ടെന്ന് പരിഹരിച്ചു. അതേസമയം തീപ്പിടുത്തത്തിന്റെ കാരണമോ എന്തൊക്കെ നാശനഷ്ടങ്ങളാണ് ഉണ്ടായതെന്നോ കപ്പലിന്റെ കൃത്യമായ ലൊക്കേഷനോ കമ്പനി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ജനുവരിയിലാണ് കപ്പൽ നീറ്റിലിറക്കിയത്. അമേരിക്കയിലെ മയാമിയിൽ നിന്നാണ് കപ്പൽ ആദ്യയാത്ര പുറപ്പെട്ടത്. ക്രൂസ് മാപ്പറിന്റെ റിപ്പോർട്ട് പ്രകാരം നിലവിൽ മെക്‌സിക്കോയിലാണ് കപ്പലുള്ളത്.

1,198 അടി നീളവും 250,800 ടൺ ഭാരവുമുള്ളഐക്കൺ ഒഫ് ദ സീസ് 2,350 ജീവനക്കാരെയും7,600യാത്രക്കാരെയും വഹിക്കും.

20 ഡെക്കുകളുള്ള കപ്പലിൽ 7 സ്വിമ്മിംഗ് പൂളുകൾ, 6 വാട്ടർ സ്ലൈഡുകൾ, 40 റെസ്റ്റോറന്റുകൾ എന്നിവ കൂടാതെ, ബാറുകൾ, കാസിനോ, ജിം, സ്പാ തുടങ്ങിയ വമ്പൻ സജ്ജീകരണങ്ങളുണ്ട്. കടലിലെ ഏറ്റവും വലിയ വാട്ടർ പാർക്കുള്ളത് ഈ കപ്പലിലാണ്.

ഫിൻലൻഡിൽ 2022ലാണ് യു.എസിലെ റോയൽ കരീബിയൻ ഇന്റർനാഷണൽ കമ്പനിയുടെ ഉടമസ്ഥതയിലുള്ള ഐക്കൺ ഒഫ് ദ സീസിന്റെ നിർമ്മാണം ആരംഭിച്ചത്. മണിക്കൂറിൽ 41 കിലോമീറ്റർ വരെ വേഗതത്തിൽ സഞ്ചരിക്കാൻ കഴിയുന്ന ഈ ആഡംബര കപ്പലിൽ 2,805 മുറികളുണ്ട്. 200 കോടി ഡോളറാണ് നിർമ്മാണ ചെലവ്. റോയല്‍ കരീബിയൻ കമ്പനിയുടെ തന്നെ ' വണ്ടർ ഒഫ് ദ സീസ് ' (1,187.8 അടി )ആയിരുന്നു ഇതിന് മുമ്പ് ലോകത്തെ ഏറ്റവും വലിയ ക്രൂസ് ഷിപ്പ്.

Advertisement
Advertisement