കനത്ത മഴയിൽ മതിലിടിഞ്ഞ് വീണു; മൂന്ന് കുട്ടികൾക്ക് ദാരുണാന്ത്യം, അഞ്ച് പേർക്ക് പരിക്ക്

Saturday 29 June 2024 8:23 AM IST

ലഖ്നൗ: ഗ്രേറ്റർ നോയിഡയിൽ കനത്ത മഴയെ തുടർന്ന് മതിലിടിഞ്ഞ് വീണ് മൂന്ന് കുട്ടികൾ മരിച്ചു. കഴിഞ്ഞ ദിവസം രാത്രി ഏഴരയോടെ സൂരജ്പൂരിലായിരുന്നു സംഭവം. നിർമാണത്തിലിരുന്ന മതിലാണ് തകർന്നുവീണത്. ഇതിന് സമീപം കളിച്ചുകൊണ്ടിരുന്ന ഒരേ കുടുംബത്തിലെ എട്ട് കുട്ടികളുടെ മുകളിലേക്കാണ് മതിൽ ഇടിഞ്ഞുവീണത്. പരിക്കേറ്റവരെ ബന്ധുക്കളും പൊലീസും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പരിക്കേറ്റ ബാക്കി കുട്ടികൾ ഇപ്പോൾ ചികിത്സയിലാണ്. ഗ്രേറ്റർ നോയിഡയിൽ കഴിഞ്ഞ ദിവസം പുലർച്ചെ മുതൽ കനത്ത മഴയായിരുന്നു.

അതേസമയം, കനത്ത മഴയിൽ ഡൽഹി ആഭ്യന്തര വിമാനത്താവളത്തിലെ ടെർമിനൽ - ഒന്നിന്റെ (ടി-1) മേൽക്കൂര ഇന്നലെ പുലർച്ചെ അഞ്ചോടെ തകർന്നുവീണ് ഒരാൾ മരിച്ചു. എട്ട് പേർക്ക് പരിക്കേറ്റു. പാർക്ക് ചെയ്‌തിരുന്ന കാറിന്റെ ഡ്രൈവർ രമേഷ്‌ കുമാറാണ് മരിച്ചത്. ഡിപ്പാർച്ചർ ടെർമിനലിലെ ഒന്നും രണ്ടും ഗേറ്റിനിടയിലെ ഭാഗമാണ് തകർന്നുവീണത്. ഇരുമ്പ് തൂണ് കാറിൽ വീണാണ് ഡ്രൈവർ മരിച്ചത്. നാലു കാറുകൾ തകർന്നിട്ടുണ്ട്.

അന്വേണത്തിന് സമിതി രൂപീകരിച്ച ഡൽഹി ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷവും, പരിക്കേറ്റവർക്ക് മൂന്നുലക്ഷവും നഷ്‌ടപരിഹാരം നൽകുമെന്ന് പ്രഖ്യാപിച്ചിരുന്നു. സംഭവ സ്ഥലം വ്യോമയാന മന്ത്രി കെ. രാംമോഹൻ നായിഡു സന്ദർശിച്ചിരുന്നു.

മദ്ധ്യപ്രദേശിലെ ജബൽപൂരിലും വിമാനത്താവള മേൽക്കൂരയുടെ ഒരു ഭാഗം കനത്ത മഴയിൽ തകർന്നിരുന്നു. ആദായ നികുതി ഉദ്യോഗസ്ഥർ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. മാസങ്ങൾക്ക് മുമ്പ് പ്രധാന​മന്ത്രി ഉദ്ഘാടനം ചെയ്ത ടെർമിനലിന്റെ മേൽക്കൂരയാണ് തകർന്നത്.

Advertisement
Advertisement