എരുമേലി പ്രൈവറ്റ് സ്റ്റാൻഡിൽ ദുരിതം.... വാ പിളർത്തി ഓട, മൂക്ക് തുളച്ച് വാട

Sunday 30 June 2024 1:43 AM IST

എരുമേലി : കുന്നുകൂടി മാലിന്യം, മൂക്ക് തുളച്ചുകയറുന്ന ദുർഗന്ധം. കണ്ണൊന്ന് തെറ്റിയാൽ വാ പിളർന്ന് കിടക്കുന്ന ഓടയിലേക്ക് വീഴും.

ഇതെല്ലാം സഹിച്ച് വേണം കുട്ടികൾടക്കം ഇവിടെ ബസ് കാത്തുനിൽക്കാൻ. ശബരിമലയിലെ പ്രധാന ഇടത്താവളമായ എരുമേലിയിലെ കാഴ്ചകൾ ആരെയും നാണിപ്പിക്കും. പക്ഷേ, അധികൃതർക്ക് ഇതൊന്നും അറിഞ്ഞമട്ടില്ല. പ്രൈവറ്റ് ബസ് സ്റ്റാൻഡിലെ ഓടകളുടെ പുനർനിർമ്മാണം പാതി വഴിയിൽ നിലച്ചതോടെയാണ് ദുരിതം ഇരട്ടിച്ചത്. സ്റ്റാൻഡിലെ മലിനജലം അടക്കം ഒഴുകിയെത്തുന്ന ഓട തുറന്ന് കിടക്കുന്നതോടെ പ്രദേശത്താകെ ദുർഗന്ധം പരക്കുകയാണ്. മാലിന്യങ്ങൾ അടക്കം നീക്കം ചെയ്ത് പഴയ ഓടവീതി കൂട്ടി കോൺക്രീറ്റ് ചെയ്യുന്ന ജോലികളാണ് പൊടുന്നനെ നിറുത്തിയത്. കുറ്റം മുഴുവൻ മഴയ്ക്കും. തുറന്നിട്ടിരിക്കുന്ന ഓടയിൽ വീണ് കഴിഞ്ഞ ദിവസം ഒരു വൃദ്ധനും, വിദ്യാർത്ഥിയ്ക്കും പരിക്കേറ്റിരുന്നു. ആയിരക്കണക്കിന് യാത്രക്കാർ വന്ന് പോകുന്നയിടത്താണ് പഞ്ചായത്തിന്റെ ഈ അപകടക്കെണി. പു

ശങ്ക തീർക്കുന്നതും ഓടയിൽ തന്നെ
സ്റ്റാൻഡിന്റെ തെക്കും പടിഞ്ഞാറും വശങ്ങളിൽ പുതിയ ഓട നിർമ്മിച്ചെങ്കിലും അതിലും നിറയെ മലിനജലമാണ്. സ്റ്റാൻഡിൽ കംഫർട്ട് സ്റ്റേഷനും ഇല്ല. അത്യാവശ്യക്കാർ മലമൂത്രവിസർജ്ജനം നടത്തുന്നതും ഓടയിലാണെന്നാണ് ആക്ഷേപം. ശങ്ക തീർക്കാനുള്ള ബസ് ജീവനക്കാരുടെയും യാത്രക്കാരുടെയും പരക്കംപാച്ചിൽ പതിവ് കാഴ്ചയും. എലികളടക്കമുള്ളവയുടെ ശല്യവും സ്റ്റാൻഡിലുണ്ട്. മലിനജലം കെട്ടിക്കിടക്കുന്നതിനാൽ കൊതുക് ശല്യവും രൂക്ഷമാണ്.

അപകടഭീഷണിയേറെ

മഴക്കാലമായതിനാൽ തെന്നി കിടക്കുന്നത് അപകടസാദ്ധ്യത കൂട്ടുകയാണ്. വിദ്യാർത്ഥികളടക്കം ബസിന് പിന്നാലെ ഓടുമ്പോൾ ഓടയിൽ വീഴാൻ ഇടയാക്കും. നിർമ്മാണം പൂർത്തിയാക്കി ഓടകൾ സ്ലാബിട്ട് മൂടണമെന്നാണ് യാത്രക്കാരുടെ ആവശ്യം. നിർമ്മാണത്തിലെ അശാസ്ത്രീയതമൂലം ഓടയിലൂടെ മലിനജലം ഒഴുകിപ്പോകില്ലെന്ന് നിർമ്മാണവേളയിൽ നാട്ടുകാർ ചൂണ്ടിക്കാട്ടിയതാണ്. പ്രദേശത്ത് പകർച്ചവ്യാധി സാദ്ധ്യതയും ഏറെയാണ്. പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി ഉൾപ്പെടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.


''എത്രയും വേഗം ഓട പുനിർ നിർമ്മിച്ച് അപകട സാദ്ധ്യത ഒഴിവാക്കണം. ഒരുമാസമായി എല്ലാവരും ദുരിതം അനുഭവിക്കുകയാണ്. പ്രായമായവരും കുട്ടികളുമാണ് കൂടുതൽ ബുദ്ധിമുട്ടുന്നത്.

അൻസാരി, വ്യാപാരി

Advertisement
Advertisement