പൂജപ്പുരയിൽ പിതാവിനെയും മകനെയും കുത്തിക്കൊന്ന സംഭവം; മരുമകന് ജീവപര്യന്തം തടവും പിഴയും 

Saturday 29 June 2024 6:54 PM IST

തിരുവനന്തപുരം: പൂജപ്പുര മുടവൻമുകൾ സ്വദേശികളായ സിഐടിയു തൊഴിലാളി സുനിൽകുമാർ, മകൻ എസ് അഖിൽ എന്നിവരെ കുത്തി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചു. സുനിൽകുമാറിന്റെ മരുമകൻ മുട്ടത്തറ പുതുവൽ പുത്തൻ വീട്ടിൽ അരുണിനെയാണ് ശിക്ഷിച്ചത്. കൂടാതെ അഞ്ച് ലക്ഷം രൂപ പിഴയും വീട്ടിൽ അതിക്രമിച്ച് കയറിയതിന് അഞ്ച് വർഷം കഠിനതടവും 50,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. തിരുവനന്തപുരം അഡിഷനൽ സെഷൻസ് ജഡ്ജ് കെ വിഷ്ണുവിന്റെതാണ് വിധി.

2021 ഒക്ടോബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അരുൺ തന്റെ ഭാര്യയായ അപർണയെ ക്രൂരമായി ഉപദ്രവിച്ചതിന് പിന്നാലെ അവർ രണ്ട് വയസായ മകളെയും കൂട്ടി സ്വന്തം വീട്ടിലേക്ക് വന്നു. തുടർന്ന് അരുൺ ഫോണിൽ വിളിച്ച് കൊല്ലപ്പെട്ട സുനിൽകുമാറിനെയും അഖിലിനെയും ഭീഷണിപ്പെടുത്തി. 2021 ഒക്ടോബർ 12ന് രാത്രി എട്ട് മണിയോടെ അരുൺ അപർണയെ ഫോണിൽ വിളിച്ച് ചീത്ത പറഞ്ഞു. പിന്നാലെ പൂജപ്പുരയിലെ ഭാര്യവീട്ടിൽ വന്ന് അരുൺ വഴക്കുണ്ടാക്കി.

വഴക്കിനിടെ അരുൺ കെെയിൽ കുതിയിരുന്ന കത്തി ഉപയോഗിച്ച് അഖിലിനെയും സുനിൽകുമാറിനെയും കുത്തി പരുക്കേഷപ്പിക്കുകയായിരുന്നു. ഭാര്യയെയും കുത്താൻ ശ്രമിച്ചു. പരിക്കേറ്റ സുനിൽകുമാറിനെയും അഖിലിനെയും പൊലീസും നാട്ടുകാരും ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

അപർണയും അമ്മ ഷീനയും അയൽവാസിയായ വിനോദുമാണ് പ്രതിക്കെതിരെ മൊഴി നൽകിയത്. കുത്താനുപയോഗിച്ച കത്തിയിലും പ്രതി ധരിച്ചിരുന്ന വസ്ത്രത്തിലും അഖിലിന്റെ രക്തത്തിന്റെ അവശിഷ്ടം ശാസ്ത്രീയ പരിശോധനയിൽ കണ്ടെത്തി. കൂടാതെ പ്രതി ഡോക്ടറോട് പറഞ്ഞ കുറ്റസമ്മത മൊഴിയും പ്രധാന തെളിവായി. പിഴത്തുക മുഴുവനും മരണപ്പെട്ട സുനിൽകുമാറിന്റെ ഭാര്യയായ ഷീനയ്ക്ക് നൽകാൻ കോടതി ഉത്തരവായി.

Advertisement
Advertisement