സർക്കാർ ആശുപത്രി സൗകര്യങ്ങളിൽ സ്വകാര്യ ചികിത്സ  നടപടിക്കൊരുങ്ങി മനുഷ്യാവകാശ കമ്മീഷൻ

Sunday 30 June 2024 1:53 AM IST

കൊച്ചി: അങ്കമാലി താലൂക്ക് ആശുപത്രിയുടെ സൗകര്യങ്ങൾ ഉപയോഗിക്കുകയും പ്രസവ ചികിത്സക്കെത്തിയ യുവതിയെ മാനസികവും ശാരീരികവും സാമ്പത്തികവുമായി ചൂഷണം ചെയ്ത ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് മനുഷ്യാവകാശ കമ്മിഷൻ. ഗൈനക്കോളജിസ്റ്റ് ഡോ. നീക്കോ ഇനീസിനോട് ജൂലായ് അഞ്ചിന് ആലുവ ഗവ. ഗസ്റ്റ് ഹൗസിൽ നടക്കുന്ന സിറ്റിംഗിൽ ഹാജരാകണമെന്ന് കമ്മിഷൻ അംഗം വി.കെ. ബീനാകുമാരി നിർദ്ദേശിച്ചു.

ഡോക്ടർക്കെതിരെ ഗുരുതര പരാമർശങ്ങളടങ്ങിയ റിപ്പോർട്ട് കമ്മിഷന് ആരോഗ്യവകുപ്പ് സമർപ്പിച്ചു. എന്നാൽ ഡോക്ടർക്കെതിരെ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് പരാമർശിക്കാത്തത് ആശ്ചര്യപ്പെടുത്തുന്നുവെന്നും കമ്മിഷൻ ഉത്തരവിൽ പറഞ്ഞു.

 കേസിനാസ്പദമായ സംഭവം

അമലാപുരം അയ്യമ്പുഴ സ്വദേശിനി 2022 നവംബർ എട്ടിനാണ് അങ്കമാലി താലൂക്ക് ആശുപത്രിയിൽ സിസേറിയനിലൂടെ ആൺകുഞ്ഞിന് ജന്മം നൽകിയത്. ആശുപത്രിയിൽ പ്രസവം നടക്കുന്നതുവരെ ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിലായിരുന്നു ചികിത്സ. പ്രസവ ശേഷം മുറിവിൽ അസഹനീയമായ വേദനയും പഴുപ്പും അനുഭവപ്പെട്ടു. കൊച്ചിയിലെ സ്വകാര്യാശുപത്രിയിൽ നടത്തിയ ചികിത്സയ്ക്ക് ശേഷമാണ് മുറിവുണങ്ങിയത്. എറണാകുളം ജില്ലാ മെഡിക്കൽ ഓഫീസറിൽ നിന്ന് കമ്മിഷൻ അന്വേഷണ റിപ്പോർട്ട് വാങ്ങി. അന്വേഷണത്തിൽ ഗുരുതര പിഴവുകൾ കണ്ടെത്തിയതിനെ തുടർന്ന് ഡോ. നീക്കോയുടെ സർക്കാരുമായുള്ള കരാർ റദ്ദാക്കാൻ നിർദ്ദേശം നൽകിയതായി റിപ്പോർട്ടിൽ പറയുന്നു.

 കണ്ടെത്തുലകൾ

2021 മുതൽ പരാതിക്കാരി ഡോ. നീക്കോയുടെ സ്വകാര്യ ക്ലിനിക്കിൽ ചികിത്സയിലായിരുന്നു

മാസം 5,000 രൂപയിൽ കൂടുതൽ ചെലവ് വരുന്ന ചികിത്സയാണ് നടത്തിയത്. യൂറോപ്യൻ രീതിയിലുള്ള ചികിത്സയാണെന്നാണ് പരാതിക്കാരിയെ ധരിപ്പിച്ചത്.

 പ്രസവ ദിവസം വരെ ഡോക്ടർ വയർ പരിശോധിക്കുകയോ ഉള്ള് പരിശോധിക്കുകയോ ചെയ്തിട്ടില്ല. പ്രസവത്തിനായി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നതിന് തലേന്ന് ഡോക്ടറുടെ ഡ്രൈവർ ഉണ്ണിയെ 6,000 രൂപ ഏൽപ്പിച്ചു

സർക്കാർ ആശുപത്രിയിലെ പ്രസവ ചികിത്സയ്ക്ക് 50,000 രൂപ വാങ്ങി.

 രണ്ടാഴ്ചയിലൊരിക്കൽ സ്‌കാനിംഗിന് വിധേയയാക്കി. മുറിവ് പഴുത്തപ്പോൾ 32 ദിവസത്തോളം ഫലപ്രദമായ ചികിത്സ നൽകിയില്ല.

 ഡോ. നീക്കോ ഇൻഫെക്ഷൻ നിയന്ത്രണ പരിശീലനം നേടിയിട്ടില്ല. ആശുപത്രിയിലെ മറ്റ് മുതിർന്ന ഡോക്ടർമാരുടെ ഉപദേശം നീക്കോ വാങ്ങിയിട്ടില്ല.

Advertisement
Advertisement