സൈക്കോ യുവാവ് മണിമലക്കാരൻ!

Sunday 30 June 2024 1:58 AM IST

ബൈക്കിലെത്തി സ്ത്രീകളുടെ പുറത്തടിക്കുന്നയാൾ പിടിയിൽ

മുത്തോലി: ബൈക്കിൽ പിന്തുടർന്നെത്തി സ്ത്രീകളുടെയും വിദ്യാർത്ഥിനികളുടെയും പുറത്തടിച്ച് പാഞ്ഞുപോകുന്ന യുവാവിനെ പാലാ പൊലീസ് പിടികൂടി. മണിമല ചാമംപതാൽ ഇടപ്പാടികരോട്ട് ആൽബിൻ ജോയിസ് (20) ആണ് പിടിയിലായത്. ഇയാൾ മുത്തോലിക്കടവ് ചേർപ്പുങ്കൽ റോഡിലെ ഒരു വർക്‌ഷോപ്പ് ജീവനക്കാരനാണ്. മുത്തോലിക്കടവ് കടപ്പാട്ടൂർ റോഡിലെത്തുന്ന സ്ത്രീകളുടെ പുറത്തടിച്ച് രക്ഷപെടുന്ന ''സൈക്കോ'' യുവാവിനെക്കുറിച്ച് കേരള കൗമുദി ഇന്നലെ റിപ്പോർട്ട് ചെയ്തിരുന്നു.

സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് പാലാ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതി വലയിലായത്. കഴിഞ്ഞ തിങ്കളാഴ്ച വിദ്യാർത്ഥിനിയെ ആക്രമിച്ചതാണ് ആദ്യസംഭവം.

ബുധനാഴ്ച വൈകിട്ട് മകളോടൊപ്പം വീട്ടിലേക്ക് നടന്നുപോയ വീട്ടമ്മയ്ക്ക് നേരെയും ആക്രമണമുണ്ടായി. ബൈക്കിൽ പിന്തുടർന്നെത്തിയ യുവാവ് വീട്ടമ്മയുടെ പുറത്ത് ആഞ്ഞടിക്കുകയായിരുന്നു. അടിയുടെ ആഘാതത്തിൽ മറിഞ്ഞുവീണ വീട്ടമ്മയുടെ ബോധവും നഷ്ടപ്പെട്ടു. പിന്നീട് പാലായിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രഥമ ശുശ്രൂഷ നൽകിയശേഷം വിട്ടയയ്ക്കുകയായിരുന്നു.

Advertisement
Advertisement