പൊലീസിനെ വട്ടംചുറ്റിച്ച 'ബിജു' വീണ്ടും പിടിയിൽ

Sunday 30 June 2024 1:02 AM IST

വെബ് സീരീസായ കേസും പ്രതിയും

കൊച്ചി: ബിജു. ചെരുവിൽ പുത്തൻവീട്. തിരുവനന്തപുരം. 2011ൽ കൊച്ചി സിറ്റി പൊലീസ് നട്ടംതിരിഞ്ഞു പോയ കൊലക്കേസിൽ, പ്രതിയിലേയ്ക്ക് എത്തിച്ച ഒരേയൊരു തുമ്പ്. കഴിഞ്ഞ ഏഴ് വർഷമായി ഇതേ മേൽവിലാസത്തിന്റെ പിന്നാലെയായിരുന്നു പൊലീസ്. ബിജു ജാമ്യത്തിലിറങ്ങി മുങ്ങിയതാണ് തലവേദനയായത്. പൊലീസിനെ വെള്ളം കുടിപ്പിച്ച ബിജു ഇന്നലെ വീണ്ടും വലയിലായി.
പ്രത്യേക അന്വേഷണസംഘം ഉദയാ കോളനിയിൽ നിന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ജീവപര്യന്തം ശിക്ഷ ലഭിച്ച പ്രതിയാണ് ബിജു.
ഹോട്ടലിലെ സപ്ലെയറായ ബിജു 2011ലാണ് ആന്ധ്രാ സ്വദേശിനിയായ സ്വപ്‌നയെന്ന യുവതിയെ കലൂരിലെ ലോഡ്ജിൽ കൊലപ്പെടുത്തിയത്. ലൈംഗിക തൊഴിലാളിയായിരുന്നു സ്വപ്‌ന. ഇവരെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തി കൊല്ലുകയായിരുന്നു. പിന്നീട് മൃതദേഹം ഷാളുകൊണ്ട് കട്ടിലിൽ കെട്ടിയിട്ട് സ്ഥലംവിട്ടു. മേൽവിലാസത്തിന് പുറമേ കോങ്കണ്ണായിരുന്നു മറ്റൊരു തുമ്പ്. പ്രത്യേക അന്വേഷണ സംഘം മൂന്ന് മാസത്തിലധികമെടുത്താണ് ബിജുവിനെ പിടികൂടിയത്. 90 ദിവസത്തിന് ശേഷം ജാമ്യംലഭിച്ച് പുറത്തിറങ്ങിയ ബിജു വിചാരണഘട്ടം വരെ കോടതിയിൽ ഹാജരായിരുന്നു. ശിക്ഷകിട്ടുമെന്ന് ഉറപ്പായതോടെയാണ് മുങ്ങിയത്.
ലോംഗ് പെൻഡിംഗ് (എൽ.പി) കേസായതോടെ നോർത്ത് പൊലീസ് പ്രത്യേകസംഘത്തെ നിയോഗിച്ചു. സംസ്ഥാന വ്യാപകമായി അന്വേഷണം നടത്തി. പക്ഷേ ബിജുവിനെ കണ്ടെത്താനായില്ല. ഹോട്ടലുകളിൽ സഹായിയായി ജോലി ചെയ്തിരുന്ന ഇയാൾ, സുഹൃത്തുക്കളുടെ പേരിലാണ് സിമ്മുകൾ എടുത്തിരുന്നത്. ജോലി സ്ഥലവും സിമ്മും അടിക്കടി മാറിയിരുന്നതിനാൽ ബിജുവിനെ പിടികൂടുക വെല്ലുവിളിയായി. രഹസ്യവിവരത്തെതുടർന്ന് ഇന്നലെ രാത്രി ഇയാളെ വാടകവീട് വളഞ്ഞ് പിടികൂടുകയായിരുന്നു. 2011ലെ പൊലീസ് അന്വേഷണം പിന്നീട് കേരള ക്രൈം ഫയൽസ് എന്ന വെബ് സീരീസായി എത്തിയിരുന്നു.

Advertisement
Advertisement