കണ്ണൂർ  ക്വട്ടേഷൻ  വിവാദം  സംസ്ഥാന കമ്മിറ്റിയിലേക്ക്  ,​ ക്വട്ടേഷൻ  സംഘങ്ങൾ  പാർട്ടിവക്താക്കളല്ല :  സി.പി.എം

Sunday 30 June 2024 12:44 AM IST

കണ്ണൂർ:പാർട്ടിയെ പ്രതിസന്ധിയിലാക്കിയ കണ്ണൂർ സ്വർണക്കടത്ത് ക്വട്ടേഷൻ വിവാദം സി.പി.എം സംസ്ഥാന കമ്മിറ്റിയിലേക്ക്. ഇന്നലെ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് മനുതോമസ് വിവാദം ചർച്ചചെയ്തപ്പോഴാണ് വിഷയം സംസ്ഥാന കമ്മിറ്റിക്ക് വിട്ടത്.

സംസ്ഥാന സമിതി അംഗം പി. ജയരാജൻ ഉൾപ്പെട്ട വിഷയമായതിനാൽ ജില്ലാ സെക്രട്ടേറിയറ്റിൽ തീരുമാനമെടുക്കുന്നതും ചർച്ച നടത്തുന്നതും ഉചിതമല്ലെന്ന് ചൂണ്ടിക്കാട്ടിയാണിത്.

അതേസമയം, പാർട്ടിയുടെ വക്താക്കളായി പ്രവർത്തിക്കാൻ ക്വട്ടേഷൻ സംഘങ്ങളെ പാർട്ടി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിറക്കി.

പാർട്ടി തള്ളിയ ക്വട്ടേഷൻ സംഘങ്ങൾ വീണ്ടും പാർട്ടി വക്താക്കളെ പോലെ പൊതുജന മദ്ധ്യത്തിൽ വരാൻ ഇടയാക്കിയത് പി.ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ആണെന്ന് യോഗത്തിൽ വിമർശനം ഉയർന്നു.

പി.ജയരാജൻ തന്റെ ഭാഗം വിശദീകരിക്കുകയും പാർട്ടി നേതൃത്വത്തിൽ നിന്ന് പിന്തുണ ലഭിക്കാത്തതിലെ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.

മനുതോമസിനെ ജില്ലാ കമ്മറ്റിയിൽ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ജില്ലാ സെക്രട്ടറി ഔദ്യോഗികമായി കാര്യങ്ങൾ വ്യക്തമാക്കിയ ശേഷമുള്ള ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് പ്രശ്നം വഷളാക്കിയെന്നാണ് ഇതിനെ വിമർശിച്ചവർ പറഞ്ഞത് .


മൗനം ഭൂഷണം:

പി. ജയരാജൻ

മൗനം വിദ്വാന് ഭൂഷണമെന്നായിരുന്നു ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിനുശേഷം പി.ജയരാജന്റെ പ്രതികരണം.മാദ്ധ്യമങ്ങളോട് ഒന്നും പറയാനില്ല. മനുതോമസ് ഗുരുതരമായ ആരോപണങ്ങളാണല്ലോ ഉന്നയിച്ചത് എന്ന ചോദ്യത്തിന് ആരോപണം നിങ്ങൾക്ക് ഗുരുതരമായിരിക്കും എന്നായിരുന്നു മറുപടി.

പ്രതികരിക്കാൻ ജില്ലാ സെക്രട്ടറി എം.വി.ജയരാജനും തയ്യാറായില്ല. കണ്ണൂർ ജില്ലാ സെക്രട്ടറി വിശദീകരണം നൽകുമെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ നേരത്തെ വ്യക്തമാക്കിയിരുന്നത്.

ജാഗ്രത വേണം:

ജില്ലാ നേതൃത്വം

സംസ്ഥാന സമിതി അംഗമായ പി. ജയരാജനും ജില്ലാ കമ്മറ്റി അംഗം ഷാജറിനുമെതിരെ മാദ്ധ്യമങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അപവാദ പ്രചരണങ്ങൾ ജാഗ്രതയോടെ സമീപിക്കണമെന്നും അണികളോട് സി.പി.എം ജില്ലാ സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പാർട്ടി മെമ്പർഷിപ്പ് പുതുക്കാത്തതിനെ തുടർന്ന് പാർട്ടിയിൽ ഒഴിവായ മനു തോമസ് നേതാക്കൾക്കെതിരെ നടത്തികൊണ്ടിരിക്കുന്ന പ്രചാരവേല തിരിച്ചറിയണമെന്നും മുന്നറിയിപ്പ് നൽകി.

Advertisement
Advertisement