'വൗ, ഇന്ത്യൻ   സിനിമയെ  മറ്റൊരു  തലത്തിൽ  എത്തിച്ചു'; കൽക്കിയെ പ്രശംസിച്ച്  രജനികാന്ത്

Saturday 29 June 2024 9:36 PM IST

നാഗ് അശ്വിൻ സംവിധാനം ചെയ്ത കൽക്കി 2898 എഡി വിജയകരമായി പ്രദർശനം തുടരുകയാണ്. ഹോളിവുഡ് സിനിമകളെ വെല്ലുന്ന ടെക്‌നിക്കൽ ബ്രില്യൻസിൽ ഒരുക്കിയ ചിത്രം അമിതാഭ് ബച്ചൻ, കമലഹാസൻ, പ്രഭാസ്, ദീപിക പദുകോൺ, ശോഭന തുടങ്ങിയ സൂപ്പർ അഭിനേതാക്കളുടെ മാസ്‌മരിക പ്രകടനത്താൽ വിസ്‌മയിപ്പിക്കുകയാണ്.

ഇപ്പോഴിതാ ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ രജനികാന്ത്. സംവിധായകൻ നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചുവെന്നാണ് താരം അഭിപ്രായപ്പെട്ടത്. തന്റെ എക്സ് പേജിലൂടെയാണ് രജനികാന്ത് പ്രതികരണം അറിയിച്ചത്.

'കൽക്കി കണ്ടു. വൗ, എന്തൊരു ഇതിഹാസ ചിത്രം. സംവിധായകൻ നാഗ് അശ്വിൻ ഇന്ത്യൻ സിനിമയെ മറ്റൊരു തലത്തിൽ എത്തിച്ചു. നാഗ് അശ്വിനും കമൽഹാസനും അമിതാഭ് ബച്ചനും പ്രഭാസിനും ദീപിക പദുകോണിനും ഒപ്പം മുഴുവൻ കൽക്കി ടീമിനും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നു', രജനികാന്ത് കുറിച്ചു.

വൈജയന്തി മൂവീസിന്റെ ബാനറിൽ സി. അശ്വിനി ദത്ത് നിർമ്മിച്ച 'കൽക്കി 2898 എഡി' വേഫറർ ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. ദുൽഖർ സൽമാന്റെയും വിജയ് ദേവരകൊണ്ടയുടെയും മൃണാൽ താക്കൂറിന്റെയും സംവിധായകൻ എസ്.എസ്. രാജമൗലിയുടെയും അതിഥി വേഷങ്ങൾ കൽക്കിയുടെ ഹൈലൈറ്റുകളിലൊന്നാണ്. ജൂൺ 27നാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്. ആദ്യദിനം ആഗോളതലത്തിൽ 191 കോടിരൂപ ചിത്രം സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്.

ഇതിഹാസ കാവ്യമായ മഹാഭാരത കാലത്ത് തുടങ്ങുന്നതാണ് കല്‍ക്കി 2898 എഡിയുടെ പ്രമേയമെന്ന് സംവിധായകൻ നാഗ് അശ്വിൻ മുൻപ് വ്യക്തമാക്കിയിരുന്നു. ബി.സി 3101 ലെ മഹാഭാരതത്തിലെ ഇതിഹാസ സംഭവങ്ങളിൽ നിന്ന് തുടങ്ങി 2898 എ ഡി വരെ സംഭവിക്കുന്ന സഹസ്രാബ്ദങ്ങൾ നീണ്ടുനിൽക്കുന്ന യാത്രയാണ് കൽക്കിയുടെ ഇതിവൃത്തം.