സ്വർണഭൂമിയിലെ വിവാദ ഓട

Sunday 30 June 2024 12:53 AM IST

ന്ത്രി വീണാ ജോർജിന്റെ നാടാണ് കൊടുമൺ. സ്വർണഭൂമി എന്നാണ് കൊടുമണ്ണിന് തമിഴിൽ അർത്ഥം. കൊടു എന്ന വാക്കിന് തമിഴിൽ സ്വർണം എന്നാണ് അർത്ഥം. സ്വർണം വിളയുന്ന മണ്ണ് കൊടുമണ്ണ് ആയി. കൊടുമണ്ണിന് സമീപം ചന്ദനപ്പള്ളി ഭാഗത്ത് പൊന്നെടുത്താംകുഴി എന്നൊരു സ്ഥലമുണ്ട്. അവിടുത്തെ പഞ്ചാരമണലിൽ നിന്ന് സ്വർണം കുഴിച്ചെടുത്തുവെന്നാണ് പഴമക്കാർ പറയുന്നത്. അതെന്തായാലും കൊടുമണ്ണ് എന്ന പ്രദേശത്തിന് ഇപ്പോഴുള്ള രാഷ്ട്രീയ പ്രാധാന്യം മന്ത്രി വീണാ ജോർജിന്റെ നാട് എന്നതു തന്നെയാണ്. വീണാ ജോർജ് ജനിച്ചത് പത്തനംതിട്ടയ്ക്കടുത്ത് മൈലപ്രയാണെങ്കിലും ജോർജ് ജോസഫ് കല്യാണം കഴിച്ച് കൊടുമണ്ണിലേക്ക് കൊണ്ടുപോവുകയായിരുന്നു. കൊടുമണ്ണിന്റെ മരുമകളായി മന്ത്രി വീണ വാഴുമ്പോൾ നാട്ടുകാർ സന്തോഷിക്കുന്നതിൽ തെറ്റില്ല. വികസനമാണല്ലോ നാടിന്റെ ആവശ്യം. കൊടുമണ്ണിന്റെ സ്വന്തം എം.എൽ.എ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാറാണ്. അങ്ങനെ രണ്ടു ക്യാബിനറ്റ് റാങ്കുകാരുടെ നാട് എന്ന വിശേഷം കൊണ്ട് കൊടുമണ്ണുകാർ പുളികിതരായി മുന്നോട്ടു പോകുമ്പോഴാണ് വികസനത്തിൽ നാഴികക്കല്ലായി കൊടുമണ്ണിൽ ദേശീയ നിലവാരത്തിലുള്ള സ്റ്റേഡിയം പണിഞ്ഞത്. മുൻ ധനകാര്യമന്ത്രി ഡോ. തോമസ് ഐസക്ക് പ്രത്യേക താൽപ്പര്യമെടുത്ത് സ്റ്റേഡിയത്തിന് ഫണ്ട് അനുവദിപ്പിച്ച് നിർമാണം പൂർത്തിയാക്കി. അതിന് ഇ.എം.എസ് സ്റ്റേഡിയം എന്നു പേരിട്ടു. ഉദ്ഘാടനം നാട് ഉത്സവമാക്കി. സ്റ്റേഡിയം നിർമ്മാണത്തിൽ ചിറ്റയം ഗോപാകുമാറിന്റെയും വീണാ ജോർജിന്റെയും സംഭാവനകളെ നാട് നന്ദിയോടെ സ്മരിക്കുന്നുണ്ട്.

ഗതിമാറ്റിയ ഓട

കാലം മുന്നോട്ടു പോകുന്നതിനിടെയാണ് തകർന്നു കിടന്ന ഏഴംകുളം - കൈപ്പട്ടൂർ റോഡ് ഉന്നതനിലവാരത്തിൽ വികസിപ്പിക്കുന്നതിന് ചിറ്റയം ഗോപകുമറിന്റെ പരിശ്രമം ഫലം കണ്ടത്. ഇ.എം.എസ് സ്റ്റേഡിയത്തിന് മുന്നിലൂടെയാണ് റോഡ്. സ്റ്റേഡിയത്തിന് ഏതാനും മീറ്റർ അകലെയാണ് കൊടുമൺ ജംഗ്ഷനെങ്കിലും, സ്റ്റേഡിയം ജംഗ്ഷൻ ഇപ്പോൾ ലോക മലയാളികൾക്കിടയിൽ വലിയ ചർച്ചയാണ്. സ്റ്റേഡിയം നിർമ്മിക്കുമ്പോൾ ചുറ്റുപാടും വികസിക്കണമെന്നാണ് നാട്ടുനടപ്പ്. മന്ത്രി വീണാജോർജിന്റെ ഭർത്താവ് ജോർജ് ജോസഫിന് സ്റ്റേഡിയത്തിന് മുന്നിൽ കുറച്ചു സ്ഥലമുണ്ട്. അവിടെ അദ്ദേഹം ഒരു ഷോപ്പിംഗ് കോംപ്ളക്സ് പണിഞ്ഞതിൽ തെറ്റില്ല. ബാങ്കും ബിസിനസ് സംരംഭങ്ങളുമൊക്കെ ഇവിടെ മുന്നോട്ടു പോകുന്നതിനിടെയാണ് റോഡ് വികസനത്തിന്റെ ഭാഗമായി ഓട നിർമാണത്തിന് അലൈൻമെന്റ് നടത്തിയത്. ജോർജിന്റെ കെട്ടിടത്തിന് മുന്നിൽ എത്തിയപ്പോൾ ഓട വളഞ്ഞ് റോഡിലേക്കിറങ്ങി. അസാധാരണമായ ഈ പ്രതിഭാസം നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടു. മന്ത്രി ഭർത്താവിന്റെ കെട്ടിടത്തിന് മുന്നിലെത്തിയപ്പോൾ ഓട എന്തുകൊണ്ട് റോഡിലേക്ക് വളഞ്ഞു എന്ന ചോദ്യം, തിരഞ്ഞെടുപ്പുകളിൽ സി.പി.എം എന്തുകൊണ്ട് തോറ്റു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാത്തതു പോലെ വല്ലാത്തൊരു പ്രഹേളികയാണ്.

ചെറിയ പ്രതിഷേധങ്ങൾ

നേരെയായിരുന്ന ഓട റോഡിലേക്ക് ഒഴിഞ്ഞുമാറിയതിനെതിരെ കോൺഗ്രസുകാർ ചെറുശബ്ദത്തിൽ പ്രതിഷേധിച്ചു. മലേനങ്ങാത്ത പ്രതിഷേധം നാട്ടുകാരെ നാണിപ്പിച്ചപ്പോൾ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശ്രീധരൻ ഇടപെട്ടു. പഞ്ചായത്ത് ഭരണം സി.പി.എമ്മിനാണ്. ശ്രീധരൻ പ്രസിഡന്റ് പഴയ കമ്മ്യൂണിസ്റ്റുകാരനും. പുതിയ കമ്മ്യൂണിസത്തിന്റെ രീതികൾ അദ്ദേഹത്തിന് വശമില്ല. വി.എസ്. അച്യുതാനന്ദന്റെ നേരേ വാ നേരം പോ കമ്യൂണിസം. മന്ത്രിയുടെ ഭർത്താവ് ജോർജ് ജോസഫ് പൊതുമരാമത്ത് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി ഓടയുടെ അലൈൻമെന്റ് മാറ്റി എന്ന് അദ്ദേഹം മാദ്ധ്യമങ്ങളോടു വെട്ടിത്തുറന്നു പറഞ്ഞു. നാട്ടിൽ നല്ലതു നടക്കണമെന്ന ശുദ്ധമനസുകൊണ്ട് ഉള്ളതു പറഞ്ഞുപോയതാണ്. കൊണ്ടതു പാർട്ടിക്കും മന്ത്രി വീണയ്ക്കുമാണ്. സി.പി.എം ജില്ലാ കമ്മറ്റി അംഗം കൂടിയായ ശ്രീധരന് മറുപടി നൽകാൻ ജില്ലാ സെക്രട്ടറി കെ.പി ഉദയഭാനു മുണ്ട് മടക്കിക്കുത്തി. മന്ത്രി ഭർത്താവ് അനധികൃതമായി ഒന്നിലും ഇടപെട്ടില്ലെന്നും റോഡ് പണി ശരിയായ നിലയിലാണ് നടക്കുന്നതെന്നും സെക്രട്ടറി നയം വ്യക്തമാക്കിയത് ശ്രീധരന് ഉച്ചിക്ക് അടിപോലെയായി. പാർട്ടി സെക്രട്ടറി നൽകിയ ധൈര്യം മന്ത്രി ഭർത്താവിന് പിടിവള്ളിയായി. വിവാദ സ്ഥലത്ത് കോൺഗ്രസ് കൊടി കുത്തിയതോടെ ജില്ലാ കളക്ടർ ഇടപെട്ടു. ഓടയുടെ അലൈൻമെന്റ് വീണ്ടും പരിശോധിക്കാൻ സർവെ വകുപ്പിനോട് നിർദേശിച്ചു. സർവേക്കാർ ഒരറ്റത്തു നിന്ന് വള്ളിപിടിച്ചു വരുന്നതിനിടെ ജോർജ് ജോസഫ് തന്റെ സ്ഥലം സ്വന്തമായി അളുന്നു. അപ്പുറത്തുള്ള കേൺഗ്രസ് ഓഫീസ് പുറമ്പോക്കിലാണെന്ന് സ്ഥാപിക്കാൻ ജോർജ് അവിടെക്കയറി അളക്കാൻ ശ്രമിച്ചത് കോൺഗ്രസുകാർ ചെറുത്തു. കുറ്റിയും കോലുമായി ജോർജും അളവുകാരനും മടങ്ങി. പ്രശ്നം രൂക്ഷമായതോടെ വിഷയത്തിൽ ഇടപെടണമെന്ന് അഭ്യർത്ഥിച്ച് സ്ഥലം എം.എൽ.എ ചിറ്റയം ഗോപകുമാർ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസിന് കത്തു നൽകി. തിരുവനന്തപുരത്ത് ഡെപ്യൂട്ടി സ്പീക്കറുടെ ചേംബറിൽ മന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം. തർക്കസ്ഥലത്തെ ഓട ഒഴിവാക്കി പണി തുടരാനും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിക്കാനും മന്ത്രി നിർദേശം നൽകി.

അപ്രതീക്ഷിത നീക്കം

പ്രശ്നങ്ങൾ ശാന്തമായെന്ന് കരുതിയിരിക്കുമ്പോഴാണ് അപ്രതീക്ഷത നീക്കവുമായി പൊലീസ് രംഗത്തിറങ്ങിയത്. വൻ സന്നാഹത്തോടെയെത്തിയ പൊലീസ് ഓടയിൽ കോൺഗ്രസ് നാട്ടിയ കൊടി പിഴുതുമാറ്റി. തർക്ക സ്ഥലത്ത് റോഡിലേക്ക് വളച്ചുതന്നെ ഓട പണി തുടരാൻ തൊഴിലാളികൾക്ക് നിർദേശം നൽകി. തടയാൻ ചെന്ന കോൺഗ്രസുകാരെ കയ്യോടെ പൊക്കി പൊലീസ് സ്റ്റേഷനിൽ എത്തിച്ച് കസേരയിട്ട് ഇരുത്തി. തർക്കഭാഗത്തെ ഓട പണി പൂർത്തിയാക്കി രാത്രിയോടെ നേതാക്കളെ വിട്ടയച്ചു.

മന്ത്രി റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനങ്ങൾ അട്ടിമറിച്ചതിൽ അത്ഭുതംകൊണ്ടിരിക്കുകയാണ് നാട്ടുകാരും ചിറ്റയം ഗോപകുമാറും. എന്തിനായിരുന്നു മന്ത്രിയുടെ യോഗം എന്ന് നാട്ടുകാർ ചോദിക്കുന്നതുപോലെ ചിറ്റയം തന്നോടു തന്നെ ചോദിക്കുകയാണ്. എല്ലാം കണ്ട് അദ്ദേഹത്തിന് ഒന്നു പൊട്ടിത്തെറിക്കണമെന്നുണ്ട്. മന്ത്രി വീണയ്ക്കെതിരെ പണ്ട് ഒന്ന് പരസ്യമായി പ്രതികരിച്ചതിന്റെ പൊല്ലാപ്പ് മറക്കാൻ കഴിയില്ല. തന്നെ അറിയിക്കാതെ വീണാജോർജ് തന്റെ മണ്ഡലത്തിൽ പരിപാടി നടത്തി പോകുന്നതിലെ അമർഷമായിരുന്നു അന്ന്. ഇന്നോ, ഓട വിവാദത്തിൽ താൻ മുൻകൈയെടുത്ത് മന്ത്രി റിയാസിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗ തീരുമാനം പൊലീസിനെ ഉപയോഗിച്ച് അട്ടിമറിച്ചത് റിയാസ് തന്നെയോ മന്ത്രി വീണയോ എന്ന സന്ദേഹത്തിലാണ് ചിറ്റയം.

Advertisement
Advertisement