വിവാദങ്ങളിൽ മൗനം തുടർന്ന് നേതൃത്വം ; ഒറ്റപ്പെട്ട് പി. ജയരാജൻ

Saturday 29 June 2024 9:58 PM IST

കണ്ണൂർ: ലോക്‌സഭാ തിരഞ്ഞെടുപ്പ് പരാജയത്തിന്റെ കാരണങ്ങൾ വിലയിരുത്തി തെറ്റുതിരുത്തലിലേക്ക് കടക്കുന്നതിനിടയിൽ കണ്ണൂരിലെ പുതിയ രാഷ്ട്രീയസംഭവവികാസങ്ങളിൽ സി.പി.എം നേതൃത്വം മൗനത്തിൽ. സി.പി.എം ജില്ലാകമ്മിറ്റിയിൽ നിന്ന് സ്വയം പുറത്തുപോയ മനു തോമസുമായി ഫേസ്ബുക്കിൽ ഏറ്റുമുട്ടിയ പാർട്ടി സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജനെ പിന്തുണയ്ക്കാൻ പ്രധാന നേതാക്കളാരും തയ്യാറായില്ലെന്നതാണ് വസ്തുത.

തിരഞ്ഞെടുപ്പ് തോൽവിക്ക് മുഖ്യകാരണങ്ങൾ സി.പി.എം സംസ്ഥാന സമിതിയിലും സെക്രട്ടറിയേറ്റിലും ജില്ലാകമ്മിറ്റികളിലും ചർച്ച ചെയ്തിരുന്നു. ഇവ താഴെത്തട്ടിലേക്ക് വിശദീകരിക്കാനിരിക്കെയാണ് പി.ജയരാജനെതിരെയുള്ള ആരോപണങ്ങൾ ഉയർന്നുവന്നത്. തോൽവി ചർച്ച ചെയ്യാൻ സംസ്ഥാന സമിതിയിലും കണ്ണൂർ ജില്ലാ കമ്മിറ്റിയിലും ഇ.പി.ജയരാജനെതിരേയും മുഖ്യമന്ത്രിയുടെ ശൈലിക്കെതിരേയും ഏറ്റവും കൂടുതൽ വിമർശനം ഉയർത്തിക്കൊണ്ടു വന്നത് പി.ജയരാജനാണ്. കെ. കെ. ശൈലജയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവതരിപ്പിച്ച് പി.ജയരാജൻ നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. ഇതു സംബന്ധിച്ച് ഉന്നത നേതാക്കൾക്കിടയിൽ പി.ജയരാജനോടുള്ള അസംതൃപ്തി നിലനിൽക്കുന്നുണ്ട്.
അതേ സമയം പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനടക്കമുള്ള നേതാക്കൾ തുടരുന്ന മൗനം അണികളിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.ഇക്കാര്യം ചോദിച്ച മാദ്ധ്യമപ്രവർത്തകരോട് കണ്ണൂർ ജില്ലാ സെക്രട്ടറിയോട് ചോദിക്കാൻ പറഞ്ഞ് ഒഴിയുകയായിരുന്നു എംവി ഗോവിന്ദൻ. പുറത്തുപോയ മനു തോമസ് കടന്നാക്രമിച്ചിട്ടും ഒരു മുതിർന്ന നേതാവിൽ നിന്നും പി. ജയരാജന് അനുകൂലമായ സമീപനം ഉണ്ടായില്ലെന്നതാണ് ശ്രദ്ധേയം. ക്വട്ടേഷൻ മാഫിയയെന്ന് ഒരു ഘട്ടത്തിൽ പാർട്ടി തള്ളിപ്പറഞ്ഞ ആകാശ് തില്ലങ്കേരിയെപോലുള്ളവരുടെയും തിരിഞ്ഞെടുപ്പ് പരാജയത്തിന് അടക്കം കാരണക്കാരായെന്ന് നേതൃത്വം വിലയിരുത്തിയ സൈബർ സംഘത്തിന്റെ പിന്തുണ മാത്രമേ കണ്ണൂരിലെ കരുത്തനായ നേതാവായ പി. ജയരാജന് ലഭിച്ചിട്ടുള്ളു. സ്വർണക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കി, ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി എന്നിവർ ശക്തമായി രംഗത്ത് വന്നത് ഒരർത്ഥത്തിൽ ജയരാജന് തന്നെ തിരിച്ചടിയാകാനും ഇടയുണ്ട്. പി.ജയരാജനെ കടുത്ത പ്രതിരോധത്തിലാക്കുന്ന ആരോപണങ്ങളാണ് മനു തോമസ് തുടരെത്തുടരെ ഉന്നയിച്ചത്.


പോര് 'പോരാളി"ക്കെതിരെയും

തിരഞ്ഞെടുപ്പ് തോൽവിയെ തുടർന്ന് സി.പി.എം ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പോരാളി ഷാജി ഉൾപ്പെടെയുള്ള ഇടതനുകൂല സമൂഹമാദ്ധ്യമ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് രംഗത്ത് എത്തിയിരുന്നു.പോരാളി ഷാജി, ചെങ്കോട്ട, ചെങ്കതിർ തുടങ്ങിയ ഗ്രൂപ്പുകൾക്കെതിരേയായിരുന്നു ആരോപണം. എന്നാൽ, ഇത്തരം സൈബർ ഗ്രൂപ്പുകൾക്ക് ചുക്കാൻ പിടിക്കുന്നത് പി.ജയരാജന്റെ മകൻ ജെയിൻരാജ് ആണെന്നാണ് മനു തോമസ് ആരോപിച്ചിരുന്നു. ഇതിനെതിരെ ജെയിൻ മാനനഷ്ടക്കേസിന് നോട്ടീസ് അയച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ പാർട്ടി ജില്ലാസെക്രട്ടറി എം.വി.ജയരാജൻ സൈബർ ഗ്രൂപ്പുകൾക്കെതിരെ രൂക്ഷമായ ആരോപണമുന്നയിച്ചതും ഫലത്തിൽ പി.ജയരാജനുള്ള വിമർശനമായി കരുതുന്നുവരുമുണ്ട്.

Advertisement
Advertisement