റീൽസിൽ കണ്ട പൊട്ടിയ പല്ല്; 18 വർഷങ്ങൾക്കുശേഷം സഹോദരനെ കണ്ടെത്തി യുവതി

Sunday 30 June 2024 2:47 AM IST

കാൺപുർ: ഇൻസ്റ്റഗ്രാം റീൽസ് കാണുന്നതിനിടയ്ക്കാണ് പൊട്ടിയ പല്ലുള്ള ഒരാൾ രാജ്കുമാരിയുടെ

കണ്ണിലുടക്കിയത്. 18 വർഷങ്ങൾക്കുമുമ്പ് കാണാതായ തന്റെ സഹോദരനെ തിരിച്ചറിയാൻ പൊട്ടിയ പല്ല് മാത്രമേ രാജ്കുമാരിക്ക് ഓർമ്മയുണ്ടായിരുന്നുള്ളു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വീണ്ടെടുത്തത് ഇനി ഒരിക്കലും കാണാനാകില്ലെന്ന് കരുതിയ സഹോദരനെ.

മുംബയിലേക്ക് ജോലി തേടിപ്പോയ സഹോദരൻ ബാൽ ഗോവിന്ദിനെ കണ്ടെത്തിയ സന്തോഷത്തിലാണ് ഉത്തർപ്രദേശ് കാൺപുർ സ്വദേശി രാജ്കുമാരി.

18 വർഷങ്ങൾക്കുമുമ്പാണ് ഫത്തേപുരിലെ ഇനായത്പുർ ഗ്രാമത്തിൽനിന്ന് മുംബയിലേക്ക് ബാൽ ഗോവിന്ദ് ജോലി തേടിപ്പോയത്. ബന്ധുക്കളും സുഹൃത്തുക്കളും അന്വേഷിച്ചെങ്കിലും യാതൊരു വിവരവും ലഭിച്ചില്ല.

ജോലി തേടിപ്പോയപ്പോൾ അസുഖബാധിതനായെന്നും വീട്ടിലേക്ക് മടങ്ങാൻ തീരുമാനിച്ചെങ്കിലും ട്രെയിൻ മാറിപ്പോയെന്നുമാണ് ബാൽ ഗോവിന്ദ് പറയുന്നത്.

കാൺപൂരിലേക്കുള്ള ട്രെയിനിന് പകരം രാജസ്ഥാനിലേക്കുള്ള ട്രെയിനിൽ കയറി. ജയ്‌പൂരിലാണ് ഇറങ്ങിയത്. റെയിൽവേ സ്റ്റേഷനിൽവച്ച് പരിചയപ്പെട്ടയാൾ ഫാക്ടറിയിൽ ജോലി നൽകി. പിന്നീട് അവിടെ ജീവിതം. വിവാഹം കഴിച്ചു. രണ്ടു കുട്ടികളുമുണ്ട്. പൊട്ടിയ പല്ലിന് മാത്രം മാറ്റമുണ്ടായില്ല.

ഗോവിന്ദ് ഇൻസ്റ്റഗ്രാമിൽ റീൽസ് ചെയ്‌തു. ഇത് തുടർച്ചയായി കണ്ട രാജ്കുമാരിക്ക് പതുക്കെ സംശയം തോന്നുകയും അന്വേഷിക്കുകയുമായിരുന്നു.

ഉറപ്പിക്കാൻ ഇൻസ്റ്റഗ്രാമിൽ കൂടിത്തന്നെ ഗോവിന്ദുമായി സംസാരിച്ചു.

തുടർന്ന് ഫോൺ വിളിക്കുകയും സഹോദരനെ വീട്ടിലേക്ക് വിളിക്കുകയും ചെയ്തു. കഴിഞ്ഞ 20ന് ബാൽ ഗോവിന്ദ് എത്തി.

Advertisement
Advertisement