രോഗങ്ങളെ ഓടിത്തോൽപ്പിക്കാൻ 63 കാരന്റെ 63 കി.മി. റൺ ഇന്ന്

Sunday 30 June 2024 12:34 AM IST

ചേർത്തല: വിദ്യാർത്ഥികളുടെയും യുവജനങ്ങളുടെയും അലസത അകറ്റി കായികരംഗത്തേയ്ക്ക് ആകർഷിക്കുന്നതിനൊപ്പം,​ ജീവിതശൈലി രോഗങ്ങളെ ഓടിതോൽപ്പിക്കാമെന്ന സന്ദേശവുമായി മാസ്‌റ്റേഴ്സ് അത്‌ലറ്റായ 63കാരൻ എസ്.തങ്കച്ചൻ തുടർച്ചയായി 63 കിലോമീറ്റർ ഓടുന്നു. ചേർത്തല സെന്റ് മൈക്കിൾസ് കോളേജ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബോണ്ട് വിത്ത് സ്പോട്സ് എന്ന കൂട്ടായ്മയാണ് ഈ പ്രത്യേക ഓട്ടമൊരുക്കുന്നത്. ഇന്ന് രാവിലെ 6ന് സെന്റ് മൈക്കിൾസ് കോളേജ് ഗ്രൗണ്ടിൽ മന്ത്രി പി.പ്രസാദ് ഫ്ലാഗ് ഓഫ് ചെയ്യുന്ന ഓട്ടം ചേർത്തല നഗരസഭ, കടക്കരപ്പള്ളി, പട്ടണക്കാട്, മാരാരിക്കുളം വടക്ക്,തെക്ക് ,ചേർത്തല തെക്ക് പഞ്ചായത്തുകളിലൂടെ സഞ്ചരിച്ച് തിരിച്ചെത്തും. മാസ്റ്റേഴ്സ് മീറ്റിൽ 800,1500,5000 മീറ്റർ ഓട്ടത്തിൽ ധാരാളം സ്വർണമെഡലുകൾ നേടിയിട്ടുണ്ട്. അന്തർദേശീയ അത്‌ലറ്റുകളെ കീഴ്പ്പെടുത്തിയാണ് തങ്കച്ചൻ ഈ മെഡൽ നേട്ടങ്ങളെല്ലാം കൈവരിച്ചത്.

സ്വപ്നങ്ങൾ തകർത്തത്

സാമ്പത്തിക പരാധീനത

കെട്ടിട നിർമ്മാണ തൊഴിലാളിയായ ചേർത്തല തെക്ക് പഞ്ചായത്ത് 10ാം വാർഡ് ചോഴക്കോടത്ത് തങ്കച്ചൻ നാലാംവയസുമുതൽ കായിക രംഗത്ത് സജീവമാണ്. സ്കൂൾ,കോളേജ് തലങ്ങളിൽ നിരവധി മെഡലുകൾ നേടിയെങ്കിലും വിദഗ്ദ്ധപരിശീലനത്തിന് അവസരമില്ലാത്തതും കടുത്തസാമ്പത്തിക പ്രതിസന്ധിയും തങ്കച്ചന്റെ കായിക സ്വപ്നങ്ങൾക്ക് വിലങ്ങുതടിയായി.

തുടർന്ന്,​ ജോലിക്ക് തടസംവരാതെ പുലർച്ചെയും വൈകിട്ടും പരിശീലനത്തിന് സമയം കണ്ടെത്തിയാണ് കായിക വിജയങ്ങൾ നേടിയത്. ആലപ്പുഴ ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എസ്.ഐ ടി.ടി.ജയിംസാണ് പ്രധാന പരിശീലകനും സംഘടനയുടെ കോച്ചും. ഭാര്യ പരേതയായ ഷൈലമ്മ. മക്കൾ:അന്ന ടെനീഷ്യ, അമൽ ജൂഡ്.

Advertisement
Advertisement