പിടിയിലായത് താടിയും കൂട്ടരും, എക്സൈസിന്റെ ഇടപെടലിലൂടെ ഒഴിവായത് തെക്കൻ ജില്ലകളെ കാത്തിരുന്ന വൻ ദുരന്തം

Sunday 30 June 2024 7:04 AM IST

തൃശൂർ: കേരളത്തിലേക്ക് കടത്താൻ ശ്രമിച്ച വൻ സ്പിരിറ്റ് ശേഖരം എക്സൈസ് പിടിച്ചെടുത്തു. രണ്ടു വണ്ടികളിലായി കൊണ്ടുവന്ന 1600 ലിറ്റർ സ്പിരിറ്റാണ് പട്ടിക്കാട് എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്‌ക്വാഡും തൃശൂർ എക്‌സൈസ് റേഞ്ചും ചേർന്ന് പിടികൂടിയത്. പറവൂർ സ്വദേശികളായ നാലുപേരെ അറസ്റ്റ് ചെയ്തു. എക്സൈസ് കമ്മീഷണറുടെ മദ്ധ്യമേഖല സ്‌ക്വാഡ് അംഗം എം കെ കൃഷ്ണപ്രസാദിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് സ്പിരിറ്റ് പിടികൂടിയത്. തൃശൂർ എക്സൈസ് റേഞ്ച് ഇൻസ്‌പെക്ടർ സജിത്ത് പരിശോധനയ്ക്ക് നേതൃത്വം കൊടുത്തു.

രണ്ടു വണ്ടികളിൽ 47 കന്നാസുകളിലായിട്ടാണ് സ്പിരിറ്റ് കൊണ്ടുവന്നത്. ഒരു ലക്ഷത്തിപതിനായിരം രൂപയും പ്രതികളിൽ നിന്ന് കണ്ടെടുത്തിട്ടുണ്ട്. സ്പിരിറ്റ് കേസിലും മറ്റ് ക്രിമിനൽ കേസുകളിലും പ്രതിയായ എറണാകുളം പറവൂർ സ്വദേശി താടി പ്രദീപ് എന്നറിയപ്പെടുന്ന പ്രദീപ്, പറവൂർ ഗോതുരുത്തി സ്വദേശിയും ഇരിഞ്ഞാലക്കുട എക്സൈസ് ഓഫീസിലെ മുൻ കഞ്ചാവ് കേസിലെ പ്രതിയുമായ ബിജു, പറവൂർ സ്വദേശിയായ രാജേഷ്, ഗോതുരുത്തി സ്വദേശിയായ യേശുദാസൻ, എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.

തമിഴ്നാട്ടിൽ വ്യാജമദ്യ ദുരന്തം ഉണ്ടായതിന്റെ പശ്ചാത്തലത്തിൽ അവിടെ നിന്ന് സ്പിരിറ്റ് കേരളത്തിലേക്ക് കടത്തുന്നതിന് സാദ്ധ്യതയുണ്ടെന്ന് മനസിലാക്കി എക്സൈസ് നടത്തിയ വ്യാപക പരിശോധനയിലാണ് പിടികൂടിയത്. പ്രതികളെ തൃശൂർ ജില്ലാ അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ സതീഷ് കുമാറിനെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്. കേരളത്തിന്റെ തെക്കൻ ജില്ലകളിൽ വ്യാജമദ്യം നിർമ്മിക്കുന്നതിന് വേണ്ടിയാണ് സ്പിരിറ്റ് കൊണ്ടുവന്നതെന്നാണ് പ്രതികളെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച സൂചന. പിടിച്ചെടുത്ത സ്പിരിറ്റിന് ഏഴുലക്ഷം രൂപയോളം വില വരുമെന്നാണ് കണക്കാക്കുന്നത്.

ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ ടി ജി മോഹനൻ, കെഎം സജീവ് ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ ടി ആർ സുനിൽ, എം എസ് സുധീർകുമാർ, സിജോ മോൻ പി ബി, വിശാൽ പി വി, സിവിൽ എക്സൈസ് ഓഫീസറായ ടി എസ് സനീഷ് കുമാർ, തൃശൂർ റേഞ്ച് എക്സൈസ് ഓഫീസിലെ ഗ്രേഡ് അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർമാരായ പി ബി അരുൺകുമാർ, ശിവൻ സിവിൽ എക്സൈസ് ഓഫീസറായ ബിനീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസറായ ഷീജ എക്സൈസ് ഡ്രൈവർ ശ്രീജിത്ത് എന്നിവർ അടങ്ങിയ സംഘമാണ് സ്പിരിറ്റ് പിടികൂടിയത്.

Advertisement
Advertisement